മൊനാക്കോ: ലോക അത്‌ലറ്റിക്‌സ് ഏര്‍പ്പെടുത്തുന്ന അത്‌ലറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് 2023നുള്ള പുരുഷ താരങ്ങളുടെ പട്ടികയില്‍ ഭാരത താരം നീരജ് ചോപ്ര ആദ്യ അഞ്ചില്‍. അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ഇന്നലെ നടത്തിയ പ്രഖ്യാപനത്തിലാണ് ഭാരത ജാവലിന്‍ ത്രോ താരം നീരജിന്റെ മുന്നേറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്.
നാല് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് അത്‌ലറ്റുകളാണ് ആദ്യ അഞ്ചില്‍ ഇടം കണ്ടെത്തിയ പുരുഷ താരങ്ങള്‍. ടൈറ്റിലുകള്‍ നേടുകയും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൊയ്തവരും റിക്കാര്‍ഡ് ജേതാക്കളും പട്ടികിയല്‍ ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇക്കൊല്ലം ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന് ആദ്യമായി സ്വര്‍ണം നേടിയെടുക്കാന്‍ നീരജ് ചോപ്രയ്‌ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നിലനിര്‍ത്താനും താരത്തിന് കഴിഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡയമണ്ട് ലീഗ് ഫൈനലിലും പ്രവേശിച്ചു.
ട്രാക്കില്‍ അമേരിക്കയുടെ മിന്നും താരമായി ഓരോ ഇവന്റിലും തിളങ്ങിക്കൊണ്ടിരിക്കുന്ന നോഹ് ലൈല്‍സ് അടക്കമുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പമാണ് നീരജും ടോപ്ഫൈവില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ ലോക അത്‌ലറ്റിക്‌സില്‍ കൈ നിറയെ മെഡലുകള്‍ വാരിക്കൂട്ടിയാണ് നോഹ് ലൈല്‍സ് കളം വിട്ടത്.
ലോക അത്‌ലറ്റിക്‌സ് ജേതാവും റിക്കാര്‍ഡ് മറികടന്ന ഷോട്ട് പുട്ട് താരവുമായ അമേരിക്കയുടെ റയാന്‍ ക്രൗസര്‍, സ്വീഡന്റെ പോള്‍വാള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസ്, കെണിയയില്‍ നിന്നുള്ള മാരത്തണ്‍ താരം കെല്‍വിന്‍ കിപ്റ്റം എന്നിവരാണ് നീരജിനൊപ്പം പട്ടികയിലുള്ള മറ്റ് മൂന്ന് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: