ടെല്‍അവീവ്: ഗാസ നഗരത്തിലെ ഹമാസിന്റെ നിരവധി ഭരണകേന്ദ്രങ്ങള്‍ പിടിച്ചെടുത്തെന്ന് ഇസ്രായേല്‍. ഷെയ്ഖ് ഇജ്ലിന്‍, റിമാല്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളിലാണ് ഹമാസ് കേന്ദ്രങ്ങള്‍ പിടിച്ചെടുത്തത്.
ഹമാസിന്റെ പാര്‍ലമെന്റ്, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഗാസന്‍ യൂണിവേഴ്സിറ്റിയിലെ എന്‍ജിനീയറിങ് വിഭാഗത്തിന്റെ കെട്ടിടവും സൈന്യം പിടിച്ചെടുത്തു. ആയുധ നിര്‍മാണത്തിനും മറ്റുമായാണ് ഹമാസ് ഇവിടം ഉപയോഗിച്ചുകൊണ്ടിരുന്നത്. ഗാസ മുനമ്പിലെ ആശുപത്രികള്‍ക്ക് അവശ്യ വസ്തുക്കളെത്തിക്കാന്‍ സൈന്യം ശ്രമമാരംഭിച്ചു.
ഇതിന്റെ ഭാഗമായി അല്‍ ഷിഫ ആശുപത്രിയുടെ ഡയറക്ടറും സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. ആശുപത്രിയിലേക്ക് നാല് ശ്വസന സാമഗ്രികളും 37 ഇന്‍കുബേറ്ററുകളും മറ്റ് അവശ്യവസ്തുക്കളുമാണ് കൈമാറുക.
അതിനിടെ, വെസ്റ്റ് ബാങ്കിലുണ്ടായ ആക്രമണത്തില്‍ നാല് പേരെ കൊലപ്പെടുത്തിയ ഹമാസ് ഭീകരന്റെ വീട് തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം
അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷം പാലസ്തീനികള്‍ ഗാസയുടെ തെക്കന്‍ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി ഐക്യരാഷ്‌ട്ര സഭ അറിയിച്ചു.
യുദ്ധമാരംഭിച്ചതിന് ശേഷം ഗാസയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും അവരവരുടെ വീടുകള്‍ ഉപേക്ഷിച്ച് പോയതായും യുഎന്‍ വ്യക്തമാക്കി. പാലസ്തീന്‍ അഭയാര്‍ഥികളെ ലോകരാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നാവശ്യവുമായി ഇസ്രായേലിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ സര്‍വകലാശാലകള്‍ തുറക്കുന്നത് ഡിസംബര്‍ 24ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: