കാബൂള്‍: കഴിഞ്ഞ രണ്ടു മാസത്തിനിടെ 400,000 അഫ്ഗാന് അഭയാര്‍ത്ഥികള്‍ പാകിസ്ഥാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെന്ന് കറാച്ചിയിലെ താലിബാന് കോണ്‍സല്‍ അബ്ദുള്‍ ജബാര്‍ തഖാരി. അഫ്ഗാന് അഭയാര്‍ത്ഥികളെ തടങ്കലില്‍ വയ്ക്കുന്നത് ഇപ്പോഴും പാകിസ്ഥാനില്‍ ഉയര്‍ന്ന തോതില്‍ തുടരുകയാണെന്നും അദേഹം പറഞ്ഞു.
ഏകദേശം 1000 അഫ്ഗാന് അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ തടങ്കലിലാണെന്ന് തഖാരി പറഞ്ഞു. ഒക്ടോബറില്‍ പാകിസ്ഥാന് അഫ്ഗാന് അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തുടങ്ങിയതിനുശേഷം, ഏകദേശം 400,000 അഫ്ഗാന് അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
അതിനുപുറമെ, പാക്കിസ്ഥാനില്‍ തടങ്കലില്‍ കഴിയുന്ന അഫ്ഗാന് അഭയാര്‍ഥികളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ പാകിസ്ഥാന് ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്നും അബ്ദുള്‍ ജബാര്‍ തഖാരി പറഞ്ഞു,
നിലവില്‍ പാക്കിസ്ഥാനില്‍ തടങ്കലില്‍ കഴിയുന്ന അഫ്ഗാന് പൗരന്മാര് തങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. തങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അഫ്ഗാന് പൗരന്മാര് പറഞ്ഞു. രേഖകളില്ലാത്ത അഫ്ഗാനികളെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന് പോലീസ് കര്‍ശന നടപടി സ്വീകരിക്കുകയാണെന്ന് അഫ്ഗാന് അഭയാര്‍ത്ഥി കൗണ്‍സില്‍ മേധാവി മിര്‍ അഹമ്മദ് റൗഫി പറഞ്ഞു.
അതേസമയം, ഒഴിയാനുള്ള സമയപരിധി അവസാനിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാന് അഭയാര്‍ത്ഥികള്‍ മോശം സാഹചര്യങ്ങള്‍ക്കിടയിലും തണുത്ത കാലാവസ്ഥയുമായി മല്ലിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: