തിരുവനന്തപുരം: കണ്ടല സഹകരണബാങ്ക് തട്ടിപ്പില്‍ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്ന 30വർഷം ഭരണസമിതി പ്രസിഡന്‍റായിരുന്നഭാസുരാംഗന്റെ സാമ്രാജ്യം വരവിനുമപ്പുറം. ഒരു കൂറ്റൻ വീട്, ബെൻസ് കാർ, രണ്ട് ഹോട്ടലുകളും ഒരു സൂപ്പർമാർക്കറ്റും എന്നിങ്ങനെ സി.പി.ഐ നേതാവ് കൂടിയായ ഭാസുരാംഗന്റെ സാമ്രാജ്യം കുതിച്ചുവളരുകയാണ്.
ഭാസുരാംഗനു പുറമെ അദ്ദേഹത്തിന്റെ മകനും ഇ.ഡിയുടെ നിരീക്ഷണത്തിലുണ്ട്. 30 വര്‍ഷത്തോളം കണ്ടല ബാങ്കിലെ പ്രസിഡന്‍റും സി.പി.ഐ മുൻ നേതാവുമായ എൻ.ഭാസുരാംഗനും കുടുംബവും നയിച്ചിരുന്ന ആർഭാട ജീവിതം പലരും നേരത്തെ ശ്രദ്ധിച്ചിരുന്നു. വരുമാനത്തില്‍ കവിഞ്ഞ ചെലവും ധൂര്‍ത്തുമായിരുന്നു ഈ കുടുംബം നടത്തിയിരുന്നത്. 173കോടി രൂപയാണ് കണ്ടല ബാങ്കിലെ നിക്ഷേപകർക്ക് തിരികെനൽകാനുണ്ട്.
മാറനല്ലൂർ ജംഗ്ഷനടുത്താണ് റോഡിനോട് ചേർന്നാണ് ഭാസുരാംഗന്റെ പടുകൂറ്റൻ ലക്ഷ്വറി വീട്, ബെൻസ് കാറുണ്ട്, മാറനെല്ലൂർ ജംഗ്ഷനിൽ ഭാസുരാംഗന്റെ മകന് കഫേ ഷോപ്പും ഒരു സൂപ്പർ മാർക്കറ്റുമുണ്ട്. പിന്നീട് പൂജപ്പുര പരീക്ഷ ഭവന് മുന്നിൽ മറ്റൊരു കഫേ ഷോപ്പു തുടങ്ങി. അടുത്തിടെ മറ്റൊരു വീടും വാങ്ങിയിട്ടുണ്ട്..മകന്റെയും ഭാര്യയുടെയും മകളുടെയും ബന്ധുക്കളുടെയും പേരിലെടുത്ത കോടിക്കണക്കിന് രൂപയാണ് കണ്ടല ബാങ്കിന് ഭാസുരാംഗൻ തിരിച്ചടക്കാനുള്ളത്.
സാധാരണ കുടുംബത്തിൽ ജനിച്ച ഭാസുരാംഗൻ എൽ.ഐ.സി ഏജന്‍റായി ജോലിചെയ്യുന്നതിനിടെയാണ് കോൺഗ്രസ് നേതാവായത്. കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി ഒരു സംഘം അണികളുമായി സി.പി.ഐയില്‍ ചേര്‍ന്നു. കണ്ടല ബാങ്കിന്റെ ഭരണസമിതി അംഗവും പ്രസിഡന്‍റുമായി.പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ ഭാസുരാംഗന്റെ നേതൃത്വത്തിൽ ഭരണം പിടിച്ചു. ഇതോടെ പാർട്ടിയിൽ വലിയ സ്ഥാനം ഭാസുരാംഗന് ലഭിച്ചു. തുടർന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.ഐ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് രണ്ടരവർഷം പഞ്ചായത്ത് പ്രസിഡന്‍റുമായി .
കണ്ടല സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ നേതൃത്വത്തിൽ നടന്ന കോടികളുടെ വെട്ടിപ്പ് പുറത്തുവന്നതിന് പിന്നിൽ സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റിയിലെ ചേരിപ്പോരെന്നാണ് സംസാരം. മണ്ഡലത്തിലെ പ്രബലനായ നേതാവും ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനുമായി ഉണ്ടായ ശത്രുതയാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിലേക്ക് നയിച്ചത്. ഇതോടെ ബാങ്കിൽ നടന്ന ക്രമേക്കേടുകൾ ഒന്നൊന്നായി പുറത്തുവരികയായിരുന്നു. എന്നാൽ അപ്പോഴൊന്നും അതിനെ ഗൗരവമായി എടുക്കാൻ പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ല. ഇ.ഡി പിടിമുറിക്കിയപ്പോഴാണ് ഭാസുരാംഗനെ പുറത്താക്കിയത്.
മുപ്പത് വർഷം കണ്ടല ബാങ്ക് പ്രസിഡന്‍റായിരുന്ന ഭാസുരാംഗന്റെ നേതൃത്വത്തിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണ, ബിനാമി ഇടപാടുകളുമാണ് ഇ.ഡി അന്വേഷിക്കുന്നത്. മതിയായ ഈടില്ലാതെ കോടികൾ വായ്‌പ നൽകിയതും ഒരേ ഈടുപയോഗിച്ച് കുടുംബാംഗങ്ങൾക്കടക്കം പല വായ്‌പകൾ നൽകിയുമടക്കം നടത്തിയ തട്ടിപ്പുകളിൽ ബാങ്കിന് 101കോടി നഷ്ടമുണ്ടായെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തട്ടിപ്പിനെക്കുറിച്ച് 64എഫ്.ഐ.ആറുകളുണ്ടായിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ല.
സൗഭാഗ്യനിക്ഷേപം, നിത്യനിധി, നിക്ഷേപം ഇരട്ടിയാക്കൽ പദ്ധതികളിലൂടെ ക്രമക്കേട് നടത്തിയെന്നാണ് ഇ.ഡിക്കുള്ള വിവരം. തട്ടിച്ചെടുത്ത പണംകൊണ്ട് ഹോട്ടലുകളും സൂപ്പർമാർക്കറ്റുകളും വീടുകളുമുണ്ടാക്കിയതും ബെൻസ് വാങ്ങിയതും ഇഡി അന്വേഷിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷേപത്തിന്റെ രേഖകളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: