കൊച്ചി : ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷയ്ക്കൊപ്പം ജീവപര്യന്തവും. കുട്ടിയ ക്രൂരമായി പീഡിപ്പിച്ചു കൊന്നെന്ന കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്കും ജീവിതാവസാനം വരെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
വിചാരണ പൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമന് പ്രതിക്കു ശിക്ഷ വിധിച്ചത്. അതും ശിശു ദിനത്തില്‍ പോക്സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റൈ 11ാം വാര്‍ഷികത്തില്‍ തന്നെ എന്നതും ശ്രദ്ധേയമാണ്. തെളിവ് നശിപ്പിച്ചതിന് അഞ്ചു വര്‍ഷം തടവ്, കുട്ടിക്ക് ലഹരിപദാര്‍ത്ഥം നല്‍കിയതിന് മൂന്ന് വര്‍ഷം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം, കൊലപാതകത്തിനും കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ.
ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ. പോക്സോ കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. പ്രതി സമൂഹത്തിനാകെ ഭീഷണിയെന്നും കോടതി പറഞ്ഞു. പ്രതി ചെയ്ത കുറ്റം അത്യപൂര്‍വമാണെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു.
ഗുരുതര സ്വഭാവമുള്ള 3 പോക്സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ13 കുറ്റങ്ങള്‍ കോടതിയും ശരിവച്ചിരുന്നു. പ്രതിക്ക് 28 വയസ്സ് മാത്രമാണുള്ളത്. അതിനാല്‍ പ്രതിക്ക് മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ട് എന്നിവയെല്ലാം പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഈ വാദങ്ങളെല്ലാം തള്ളി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി കൂടി വേണ്ടതുണ്ട്. അതിനുള്ള നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: