തലശ്ശേരി: ദേശീയപാതയില്‍ പുന്നോല്‍ പെട്ടിപ്പാലത്തിനടുത്ത് ബസ് അപകടത്തിന് പിന്നാലെ ഡ്രൈവറെ മരിച്ച നിലയില്‍ റെയില്‍വെ ട്രാക്കിനടുത്ത് കാണപ്പെട്ട സംഭവത്തില്‍ ബന്ധുക്കള്‍ നിയമ നടപടിക്ക്.
അപകടത്തില്‍പ്പെട്ട ബസ് ജീവനക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് ആളുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ തീവണ്ടി പാളത്തില്‍ മരണപ്പെട്ട പന്ന്യന്നൂര്‍ മനേക്കരയിലെ പുതിയപുരയില്‍ ജീജിത്തിന്റെ ഭാര്യ തുളസി സംഭവത്തില്‍ സമഗ്രാന്വേഷണവും ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് തലശ്ശേരി എസിപിക്ക് പരാതി നല്കി.
പെട്ടിപാലത്തുണ്ടായ ആള്‍ക്കൂട്ട ആക്രമത്തില്‍ പരിക്കേല്‍ക്കുകയും പ്രാണരക്ഷാര്‍ത്ഥം ഓടിയ ജിജിത്തിനെ പിന്തുടര്ന്ന് മര്‍ദ്ദിച്ച് അവശനാക്കി സമീപത്തുള്ള റെയില്‍പാളത്തില്‍ തള്ളുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തുവെന്നാണ് ഭാര്യ തുളസിയുടെ പരാതിയിലുള്ളത്. ഭര്‍ത്താവിന്റെ ആകസ്മിക അന്ത്യം കുടുംബത്തെ അക്ഷരാര്‍ത്ഥത്തില്‍ അനാഥമാക്കി. പ്രായപൂര്‍ത്തിയായ മകള്‍, നിത്യരോഗികളായ രണ്ട് മാതൃസഹോദരികള്‍ ഇവരുടെയെല്ലാം ഏക ആശ്രയമാണ് ജിജിത്തിന്റെ അകാലവിയോഗത്തോടെ ഇല്ലാതായത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് പുന്നോല്‍ പെട്ടിപ്പാലം കോളനിക്ക് മുന്നിലെ ദേശീയപാതയില്‍ ജിജിത്ത് ഓടിച്ച ഭഗവതി ബസ്സ് അവിചാരിതമായുണ്ടായ അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയ മറ്റൊരു ബസ്സിനെ മറികടക്കുന്നതിനിടയില്‍ ഭഗവതി ബസ്സിന്റെ മുന്നില്‍ അശ്രദ്ധയോടെ മറുവശത്തേക്ക് ധൃതിയില്‍ നടന്ന ഒരു കാല്നടയാത്രക്കാരന് അകപ്പെടുകയായിരുന്നു.
ബസ് തട്ടി ഇയാള്‍ റോഡില്‍ വീണതോടെ നിലവിളിയും ബഹളമണ്ടുമായി. തൊട്ടടുത്ത കോളനിയില്‍ നിന്നും നിലവിളിയും ബഹളമുണ്ടായി. തൊട്ടടുത്ത കോളനിയില്‍ നിന്നും ക്ഷുഭിതരായി ഓടിയെത്തിയവര്‍ ഭഗവതി ബസ് കണ്ടക്ടറെ കൈയ്യേറ്റം ചെയ്തു. ഈ സമയം ഡ്രൈവര്‍ ജീജിത്ത് എതിര്‍ദിശയിലുള്ള റെയില്‍വേ ട്രാക്കിനടുത്തേക്കാണ് രക്ഷപ്പെടാനായി ഓടിയത്.
ഇരട്ടപ്പാളം മുറിച്ചോടാന് ശ്രമിക്കുന്നതിനിടയില്‍ കുതിച്ചെത്തിയ മെമു തീവണ്ടി തട്ടി ജിജിത്ത് തെറിച്ചു വീണുവെന്നാണ് പോലീസിന് ലഭ്യമായ വിവരം. എന്നാല്‍ മരിച്ച ജീജിത്തിന്റെ കുടുംബം ഇത് വിശ്വസിക്കുന്നില്ല. റോഡിലെ കൂട്ട ബഹളത്തിനിടയില്‍ ജിജിത്തിനെ കാണാതായതോടെ സ്ഥലത്തെത്തിയ പോലീസും മറ്റുള്ളവരും തിരഞ്ഞു. ഈ സമയത്താണ് ട്രാക്കിനടുത്ത് രക്തത്തില്‍ കുളിച്ചു ജീവനറ്റനിലയില്‍ ഡ്രൈവര്‍ ജിജിത്ത് വീണ് കിടക്കുന്നത് കണ്ടത്. ഇതിനകം മരണം സംഭവിച്ചിരുന്നു.
പെട്ടിപ്പാലം കോളനിയിലെ ഒരു സ്ത്രീ ഉള്‍പ്പെടെ 4 പേരാണ് സ്ഥലത്ത് കുഴപ്പം സൃഷ്ടിച്ചതെന്ന കെണ്ടത്തലില് ഇവര്‍ക്കെതിരെ ന്യൂമാഹി പോലീസ് കേസെടുത്തിട്ടുണ്ട്. ബസ് ഡ്രൈവറായി ജോലി ചെയ്യുന്നതിന് മുന്‍പെ ജിജിത്ത് ഗ്രേറ്റ് ബോംബെ, ഭാരത് തുടങ്ങിയ സര്‍ക്കസ് കമ്പനികളില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. സര്‍ക്കസ് കലാകാരിയും നേപ്പാള്‍ സ്വദേശിനിയുമാണ് ഭാര്യ തുളസി. രണ്ട് മക്കളുണ്ടായിരുന്നതില്‍ ഒരു കുട്ടി നേരത്തെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: