Categories: Main ArticleSamskriti

പാലക്കാടന്‍ അഗ്രഹാരങ്ങള്‍; ചരിത്രവും സംസ്‌കൃതിയും

Published by

ഇന്ന് കല്പാത്തി തേര്. കല്പാത്തി എന്ന ആദ്യ അഗ്രഹാരത്തിന്റെ ഉല്പത്തി, അതിന്റെ ചരിത്ര സന്ദര്‍ഭം തുടങ്ങി തമിഴ് ബ്രാഹ്മണര്‍ പാലക്കാട്ടേക്ക് കുടിയേറിയതിന്റെ പശ്ചാത്തലവും അവരുടെ സംസ്‌കൃതിയും അനാവരണം ചെയ്യുന്ന ലേഖനം

 

മിഴ് ബ്രാഹ്മണരുടെ പാലക്കാടന്‍ കുടിയേറ്റ ചരിത്രം തെറ്റായി പ്രചരിക്കപ്പെട്ട കേവലം കഥ മാത്രമാണ്. ക്ഷേത്രപൂജാദി കര്‍മ്മങ്ങള്‍ക്ക് അന്നത്തെ പാലക്കാട്ട് രാജാവായിരുന്ന കോമ്പിയച്ചന്‍ തമിഴ്‌നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടവരാണ് തമിഴ്ബ്രാഹ്മണര്‍ എന്നതത്രെ അത്രയൊന്നും വിശ്വാസയോഗ്യമല്ലാത്ത ഏറെ പഴുതുകള്‍ അവശേഷിക്കുന്ന കഥ. അതിന്റെ കെട്ടുറപ്പില്ലായ്മയും ലഭ്യമല്ലാത്ത രേഖകളും കാലത്തെ അതിജീവിച്ച് ഇപ്പോഴും സത്യവിശ്വാസമായി തുടരുന്നു.

രണ്ടു ഗ്രന്ഥങ്ങള്‍ വായിക്കാനിടയായി ജി. ശിവസ്വാമി എഴുതിയ The history of Tamil Brahmins. രണ്ട്, എം.കെ. ദാസ് എഴുതിയ The saga of Kalpathy, the story of Palakkad Iyers. കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ട വസ്തുതകള്‍ക്ക് രണ്ടിലും സമാനതയുണ്ട്. അതിനാല്‍ വിശ്വാസയോഗ്യവുമാണ്.

1310ല്‍ പാണ്ഡ്യരാജാവായിരുന്ന മാരവര്‍മ്മ കുലശേഖരന്‍ മരിച്ചപ്പോള്‍ അടുത്ത രാജ്യാവകാശം ആര്‍ക്ക് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായി. വിവാഹബന്ധത്തില്‍ അദ്ദേഹത്തിന് സുന്ദരപാണ്ഡ്യന്‍ എന്നൊരു മകനും മറ്റൊരു ബന്ധത്തില്‍ വീരപാണ്ഡ്യന്‍ എന്നൊരു മകനും. രാജ്യാവകാശത്തിനു വേണ്ടി അവര്‍ തമ്മില്‍ നടന്ന യുദ്ധത്തില്‍ പരാജയം ഉറപ്പായ ഘട്ടത്തില്‍ സുന്ദരപാണ്ഡ്യന്‍ അന്നത്തെ ദില്ലി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയോട് സഹായമഭ്യര്‍ത്ഥിച്ചു. മാലിക് ഗഫൂര്‍ എന്നൊരു പട്ടാളത്തലവന്റെ അകമ്പടിയില്‍ വലിയൊരു യുദ്ധസംഘത്തെ ഖില്‍ജി തമിഴ്‌നാട്ടിലേക്കയച്ചു. ക്ഷേത്രങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. സ്ത്രീകള്‍ കൂട്ടമാനഭംഗത്തിനിരയായി. എല്ലാ യുദ്ധത്തിലും എന്നപോലെ നിഷ്‌കളങ്കരായിരുന്നു ഇവിടേയും ഇരകള്‍! നാശനഷ്ടങ്ങളുടേയും ആക്രമണങ്ങളുടേയും ഗാഥ തുടര്‍ന്നപ്പോള്‍ സ്വന്തം സ്ഥലത്ത് സുരക്ഷിതരല്ല എന്ന് ബോധ്യപ്പെട്ട തമിഴ്‌നാട്ടിലെ ബ്രാഹ്മണര്‍ പൊള്ളാച്ചി വഴി പാലക്കാട്ടേക്കും നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും പലായനം ചെയ്തു. തഞ്ചാവൂര്‍, കുംഭകോണം, മായാവരം ഭാഗത്തുള്ളവര്‍ പൊള്ളാച്ചി വഴിയാണ് തെരഞ്ഞെടുത്തതെങ്കില്‍ മധുരൈ, തിരുനല്‍വേലി, കല്ലടയ്കുറിച്ചി പ്രദേശത്തുള്ളവര്‍ നാഗര്‍കോവില്‍ വഴി സ്വീകരിച്ചു. സഹായികളായി അഥവാ സഹസഞ്ചാരികളായി അവരോടൊപ്പം വടുകന്‍, ചെട്ടിയാര്‍, മൂത്താന്‍ സമുദായത്തില്‍പ്പെട്ടവരുമുണ്ടായിരുന്നു.

പലരും കരുതിയിരിക്കുന്നതുപോലെ കോയമ്പത്തൂര്‍ വഴിയല്ല കുടിയേറ്റം. പാലക്കാട് കോവൈ താരയില്‍ ഒരഗ്രഹാരം പോലുമില്ല എന്നത് ഈ വസ്തുതക്ക് നിദാനം. എന്നാല്‍ പൊള്ളാച്ചി പാലക്കാട് വഴിയില്‍ കൊല്ലങ്കോട്, നെന്മാറ, അയിലൂര്‍, പല്ലശ്ശേന, പല്ലാവൂര്‍, കൊടുവായൂര്‍, നൊച്ചൂര്‍, ചിറ്റൂര്‍, തത്തമംഗലം ഭാഗങ്ങളില്‍ ഏറെ അഗ്രഹാരങ്ങളുണ്ടുതാനും.
പാലക്കാട് രാജാവായിരുന്ന കോമ്പിയച്ചന് ഒരു ദളിത് പെണ്‍കുട്ടിയോട് പ്രണയം. അവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പ്രതിഷേധസൂചകമായി നമ്പൂതിരിമാര്‍ ക്ഷേത്രപൂജാദി കര്‍മ്മങ്ങള്‍ നിര്‍ത്തി വെച്ചു. ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് ആളില്ലാത്ത സമയത്താണ് തമിഴ്ബ്രാഹ്മണരുടെ പാലക്കാട്ടേക്കുള്ള കുടിയേറ്റം. പാലക്കാട് രാജാവ് ക്ഷേത്രപൂജകള്‍ക്ക് അവരെ നിയമിച്ചു. വീടുവെച്ച് താമസിക്കാന്‍ ഇടം നല്‍കി. ആദ്യ അഗ്രഹാരം നിര്‍മ്മിക്കപ്പെട്ടത് കല്പാത്തിയിലാണെന്ന് കരുതപ്പെടുന്നു. പുഴയുടെ സമീപപ്രദേശമത്രെ അഗ്രഹാര നിര്‍മ്മിതിക്കുള്ള ആദ്യമാനദണ്ഡം. മേല്‍പ്പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളും ഇത് ശരിവെക്കുന്നു.

മയിലാടുതുറയില്‍ (ഇപ്പോള്‍ മായാവരം) തേരുരുളുന്ന ദിനം തന്നെയാണ് കല്പാത്തിയിലും തേര്. മൂലഗ്രാമത്തിലെ ആചാരത്തിനും സംസ്‌കൃതിക്കും വസ്തുതാപരമായ ഉറപ്പ്. വീടുകളുടെ നിര്‍മ്മിതിയിലും ഈ സമാനത കാണാം. കോലമെഴുതുന്ന തിട്ടാണി കഴിഞ്ഞാല്‍ തിണ്ണ. തിണ്ണ നേഴിയോട് ചേരുന്നു. നേഴിക്കിരുവശവും പത്തായങ്ങള്‍, അടുത്തത് കൂടം. വീട്ടിലെ ഏറ്റവും വലുപ്പമേറിയ മുറി. നിത്യ പൂജയും വിശേഷങ്ങള്‍ നടക്കുന്ന ഇടവും ഇതു തന്നെ. കൂടത്തോട് ചേര്‍ന്ന് മര അഴിയിട്ട തുറസ്സായ സ്ഥലത്ത് നടുമുറ്റം. കൂടം അടുക്കളയോട് ചേരുന്നു. അടുക്കളയില്‍ നിന്നു കൊണ്ടുതന്നെ കിണറിലെ വെള്ളം കോരാം. കിണര്‍ പക്ഷേ, വീടിന് പുറത്ത്. കിണര്‍ അതിരിടുന്നത് കൊട്ടുക്കൂടത്തില്‍. അതു കഴിഞ്ഞ് രണ്ടാം കെട്ട്. അതും പിന്നിട്ട് തൊടിയില്‍ ശൗചാലയം. തൊടി അതിരിടുന്ന വേലിക്കെട്ടിനു പുറത്ത് തോട്ടിപ്പാത. കുടിയേറ്റ ഗ്രാമത്തിലും മൂലഗ്രാമത്തിലും അണുവിട വിത്യാസമില്ലാത്ത വാസ്തു.

പുറമെ നിന്നു നോക്കുമ്പോള്‍ അഗ്രഹാരം ഒരൊറ്റ ബിംബമാണെന്നും അവിടെ വസിക്കുന്ന ബ്രാഹ്മണര്‍ ഒരു വിഭാഗത്തില്‍ പെട്ടവരാണെന്നും തോന്നാം. എന്നാല്‍ പ്രധാനമായും മൂന്നു വിഭജനങ്ങളുണ്ട്. വടമാള്‍, ബൃഹചരണം അഥവാ മാങ്കുടി, പിന്നെ ചോഴിയന്മാര്‍… പാലക്കാട് നഗരത്തിലെ പ്രധാന അഗ്രഹാരങ്ങളായ കല്പാത്തി, ചാത്തപ്പുരം, ലക്ഷ്മീനാരായണപുരം, വൈദ്യനാഥപുരം ഭാഗത്ത് താമസിക്കുന്നവര്‍ വടമാള്‍ വിഭാഗത്തില്‍പ്പെട്ടവരും നൂറണി, തൊണ്ടികുളം, വടക്കന്തറ ഭാഗത്ത് വീട് നിര്‍മ്മിച്ച് താമസമാക്കിയവര്‍ ബൃഹചരണം അഥവാ മാങ്കുടിയില്‍പെട്ടവരും നഗരത്തിന് പുറത്തുള്ള കൊടുന്തരപ്പുള്ളി, തിരുനെല്ലായ്, പറളി, പാടൂര്‍, തെന്നിലാപുരം പ്രദേശങ്ങളിലെ അഗ്രഹാരങ്ങളില്‍ ചോഴിയന്മാരുമാണ് കൂടുതല്‍.
ഇതില്‍ സംസ്‌കൃതജ്ഞാനം, വേദപാണ്ഡ്യത്യം, സംഗീതസിദ്ധി, ബുദ്ധിവൈഭവം എന്നീ കാരണങ്ങളാല്‍ വടമാള്‍ വിഭാഗത്തില്‍ പെട്ടവരാണ് ഒശത്തി(*) എന്ന് കരുതപ്പെടുന്നു. വടമാളുടെ താഴെയാണ് മാങ്കുടിക്ക് സ്ഥാനം. അവര്‍ ദേഹണ്ണത്തില്‍ പ്രഗത്ഭര്‍. മൂന്നാം സ്ഥാനമാണ് ചോഴിയന്മാര്‍ക്ക്. മറ്റു രണ്ടു വിഭാഗക്കാരെ അപേക്ഷിച്ച് എല്ലാ കാര്യങ്ങളിലും സാമര്‍ത്ഥ്യം കൂടുതലാണ് ഇക്കൂട്ടര്‍ക്ക് എന്ന് പറയപ്പെടുന്നു. ‘ചോഴിയന്‍ കുടുമി ചുമ്മാ ആടാത്’ എന്ന് പ്രയോഗം തന്നെയുണ്ട്.

ഈ മൂന്നു വിഭാഗത്തില്‍പ്പെട്ടവരും ബ്രാഹ്മണര്‍ അല്ലെങ്കില്‍ അയ്യര്‍ എന്ന ഒറ്റ ലേബലില്‍ അറിയപ്പെടുന്നവരാണെങ്കിലും ഇവരൊക്കെ വ്യത്യസ്ത ഗോത്രങ്ങളില്‍പ്പെട്ടവരാണ്. ഭാരദ്വാജ ഗോത്രത്തില്‍പ്പെട്ട വടമാള്‍ വിഭാഗക്കാര്‍ കൃഷ്ണയജുര്‍വേദത്തിന്റെ ആചാരങ്ങളാണ് പിന്‍തുടരുന്നത്. കൃഷ്ണയജുര്‍ ഒരു ഋഷിയുടെ പേരത്രെ. എല്ലാ വേദങ്ങളും അറിയപ്പെടുന്നത് ഋഷിനാമത്തിലാണ്. വെള്ളിനേഴി, കാറല്‍മണ്ണ ഭാഗത്തുള്ളവര്‍ കൗശികഗോത്രത്തില്‍പ്പെട്ടവര്‍. ഋഗ്‌വേദ ആചാരങ്ങളാണ് അവര്‍ പിന്‍പറ്റുന്നത്. കൊടുന്തരപ്പുള്ളി, പാടൂര്‍ ഭാഗത്ത് വസിക്കുന്ന ചോഴിയന്മാര്‍ ജൈമിനി സാമവേദത്തിന്റെ ആചാരങ്ങള്‍ പിന്‍തുടരുന്നു. ഈ വ്യത്യാസങ്ങള്‍ അവരുടെ ആചാരാനുഷ്ഠാനങ്ങളിലും കാണാം. ആവണി അവിട്ടത്തിന് കൃഷ്ണയജുര്‍വേദത്തില്‍പ്പെട്ടവര്‍ പൂണൂല്‍ മാറ്റുന്ന ദിവസമല്ല സാമവേദത്തില്‍പ്പെട്ടവര്‍ പൂണൂല്‍ മാറ്റുന്നത്. ഭാഷയിലും കൗതുകമുണ്ട്. തമിഴും മലയാളവും, ഇംഗ്ലീഷും കൂടിച്ചേര്‍ന്ന ഒരു കലര്‍പ്പാണ് പൊതുവെ അഗ്രഹാരത്തിലെ വിനിമയ ഭാഷ. ‘കൂട്ടാന്‍ വെക്ക് പച്ചക്കറി വാങ്ക മാര്‍ക്കറ്റുക്ക് പോറേന്‍’ എന്ന വാചകത്തില്‍ മൂന്നു ഭാഷയും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

1310ല്‍ മാരവര്‍മ്മ കുലശേഖരന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണല്ലോ 14-ാം നൂറ്റാണ്ടില്‍ കുടിയേറ്റത്തിന് കാരണമായത്. എന്നാല്‍ 18-ാം നൂറ്റാണ്ടില്‍ രണ്ടാമതും ഒരു കുടിയേറ്റ തരംഗം ഉണ്ടായതായി മേല്‍ സൂചിപ്പിച്ച ഗ്രന്ഥങ്ങളില്‍ പറയുന്നു. ഒരുവേള 14-ാം നൂറ്റാണ്ടില്‍ നടന്ന ആദ്യതരംഗത്തില്‍ പാലക്കാട് എത്തിപ്പെട്ടവര്‍ വളരെ സുരക്ഷിതരായി കഴിയുന്നു എന്നറിഞ്ഞ് 18-ാം നൂറ്റാണ്ടില്‍ വീണ്ടും ഒരു കുടിയേറ്റം നടന്നതാവാം. കാരണം വ്യക്തമല്ല.

108 അഗ്രഹാരങ്ങള്‍ ഉണ്ടായിരുന്ന പാലക്കാട് ഇപ്പോള്‍ അവശേഷിക്കുന്നത് നൂറിനടുത്ത് മാത്രം. അഗ്രഹാരം എന്ന വാക്കിന് ഹരനും ഹരിയും വസിക്കുന്ന സ്ഥലം എന്നര്‍ത്ഥം. ഹരന്‍ ശിവന്‍, ഹരി വിഷ്ണു. തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി വന്ന ബ്രാഹ്മണര്‍ ശൈവരും വൈഷ്ണവരും ആണെന്നു വേണം അനുമാനിക്കാന്‍.

(ഒശത്തി = ഉയര്‍ന്നവര്‍)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക