സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെടുന്നത് പതിവായതോടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരാണ് വലയുന്നത്. ഇ പോസ് സംവിധാനത്തിലെ സാങ്കേതിക തകരാര്‍ മൂലം ഇക്കഴിഞ്ഞ ദിവസവും റേഷന്‍ തടസ്സപ്പെട്ടു. വൈദ്യുതി നിലച്ചതിനാല്‍ സെര്‍വര്‍ തകരാറിലായതാണ് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ല. വൈദ്യുതി നിലയ്ക്കുന്നതുകൊണ്ടുമാത്രം വലിയ സുരക്ഷാ സംവിധാനമുള്ള സെര്‍വര്‍ തകരാറിലാവില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. വൈദ്യുതി നിലച്ചാല്‍ ഡേറ്റാ സര്‍വറിനു പകരം സംവിധാനം പ്രവര്‍ത്തിക്കും. രണ്ടാഴ്ച മുന്‍പും റേഷന്‍ മുടങ്ങിയപ്പോള്‍ ഇതേ കാരണമാണ് അധികൃതര്‍ പറഞ്ഞത്. ഇങ്ങനെ അടിക്കടി സാങ്കേതിക തകരാറുകള്‍ കാരണം റേഷന്‍ വിതരണം മുടങ്ങുന്നത് സംശയം ജനിപ്പിച്ചിരിക്കുകയാണ്. വൈദ്യുതിക്ഷാമമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ അപ്രഖ്യാപിത പവര്‍കട്ട് കൊണ്ടുവരുന്നതുപോലെ മറ്റെന്തെങ്കിലും ലക്ഷ്യംവച്ചാണോ റേഷന്‍ വിതരണം തടസപ്പെടുത്തുന്നതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. വളരെയധികം തിരിമറികളും ക്രമക്കേടുകളുമാണ് റേഷന്‍ വിതരണത്തില്‍ നടക്കുന്നത്. പല കാരണങ്ങള്‍ പറഞ്ഞും കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാതെ മറിച്ചുവില്‍ക്കുന്ന രീതി ഇപ്പോഴുമുണ്ട്. അധികൃതരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. റേഷന്‍ വിതരണം തടസ്സപ്പെടുന്നതിന്റെ മറവില്‍ ഇങ്ങനെ ചിലത് സംഭവിക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അടുത്തിടെ ലക്ഷക്കണക്കിന് കാര്‍ഡുടമകള്‍ക്ക് റേഷന്‍ നഷ്ടപ്പെട്ടത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഉയര്‍ന്ന വ്യാപകമായ പരാതികള്‍ ഭക്ഷ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം മുക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകളുടെയും അതില്‍ ഘടിപ്പിക്കുന്ന ശൃംഖലകളുടെയും തകരാറുകള്‍ മൂലമാണ് അഞ്ച് ദിവസത്തോളം റേഷന്‍ വിതരണം തടസ്സപ്പെട്ടത്. റേഷന്‍ വിതരണം ഷിഫ്റ്റ് സമ്പ്രദായത്തിലാക്കിയിട്ടും നാ ല്പത് ലക്ഷത്തിലേറെ കാര്‍ഡുടമകള്‍ക്ക് റേഷന്‍ ലഭിച്ചില്ല. ഇതുസംബന്ധിച്ച പരാതികളാണ് രാഷ്ട്രീയ-ഭരണ ഇടപെടലുകള്‍ മൂലം പരിഗണിക്കാതിരുന്നത്. എഫ്സിഐയില്‍ ആവശ്യത്തിലധികം പുഴുക്കലരി സ്റ്റോക്കുണ്ടായിട്ടും വിവിധ ജില്ലകളില്‍ തരംതിരിച്ച് ചമ്പാവരിയും കുത്തരിയും വിതരണം ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആളുകള്‍ക്ക് വേണ്ടാത്ത അരി അവരില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. തെക്കന്‍ ജില്ലകളില്‍ ചമ്പാവരി മാത്രവും വടക്കന്‍ ജില്ലകളില്‍ പുഴുക്കലരിയുമാണ് ആളുകള്‍ ഉപയോഗിക്കുന്നതെന്ന് തെറ്റായ കണ്ടുപിടിത്തം നടത്തിയാണ് ഇപ്രകാരമുള്ള വിതരണം ഏര്‍പ്പെടുത്തിയത്. കാര്‍ഡുടമകളെ അരി വാങ്ങാതെ പിന്തിരിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇങ്ങനെ ബാക്കിവരുന്ന അരി കച്ചവടക്കാര്‍ക്ക് വില്‍ക്കാം. അവര്‍ ഇത് പൊതുവിപണിയില്‍ വിറ്റഴിക്കും. ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയിലൂടെ വലിയ പണവും ലഭിക്കും. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അനേകം അഴിമതികളില്‍ ഒന്നുമാത്രമാണ് ഇത്.
ഇടതുമുന്നണി ഭരണത്തില്‍ സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം തകരാറിലാവുന്നതിന്റെ നിരവധി കാരണങ്ങളിലൊന്ന് ഇത്തരം അഴിമതികളാണ്. റേഷന്‍ വിതരണം സുഗമമായി നടക്കണമെന്ന യാതൊരു നിര്‍ബന്ധബുദ്ധിയും സര്‍ക്കാരിനില്ല. കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ കമ്മീഷന് റേഷന്‍കടയുടമകള്‍ക്ക് കൊടുക്കാതിരുന്നത് ഇതിനുദാഹരണമാണ്. റേഷന്‍കട നടത്തുന്നവര്‍ക്ക് കമ്മീഷന് തുക കൊടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളിയിട്ടും തുക നല്‍കിയില്ല. ഇതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി വരുമെന്നായപ്പോഴാണ് തുക നല്കാന് തയ്യാറായത്. റേഷന്‍ വിതരണം ഏതെങ്കിലും വിധത്തില്‍ തകരാറിലായാല്‍ അതിന്റെ ഗുണം ലഭിക്കുക പൊതുവിപണിയിലെ കച്ചവടക്കാര്‍ക്കാണ്. അരിക്ക് അടിക്കടി വില വര്‍ധിപ്പിച്ച് അവര്‍ കൊള്ളലാഭവും കൊയ്യും. അരിയുടെ വില വര്‍ധനവിനെതിരെ ഒരുതരത്തിലുള്ള ഇടപെടലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. റേഷന്‍ വ്യാപാരികള്‍ കാലാകാലങ്ങളായി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിലൂടെ പൊതുവിപണിയില്‍ കൊള്ളലാഭം കൊയ്യുന്ന കച്ചവടക്കാര്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുക. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി അവരെ രക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഈയിടെയായി പറഞ്ഞുകൊണ്ടിരിക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും മറച്ചുപിടിക്കാന്‍ നടത്തുന്ന വാചകമടിയാണ്. അല്ലാത്തപക്ഷം റേഷന്‍ വിതരണം സുഗമമായി നടത്താന്‍ നടപടികളെടുക്കാമായിരുന്നു. ഇതിനു കഴിഞ്ഞാല്‍ സാധാരണ ജനങ്ങളില്‍ വലിയൊരു വിഭാഗം പട്ടിണിയില്ലാതെ കഴിയും. പാവപ്പെട്ടവരോട് വല്ല താല്പര്യവും അവശേഷിക്കുന്നുണ്ടെങ്കില്‍ പൊതുവിതരണ സമ്പ്രദായം തടസ്സപ്പെടാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: