തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേന്ദ്രം ഒരു രൂപ പോലും നല്കാനില്ല. ഫണ്ടുകള്‍ വൈകുന്നത് യഥാസമയം കണക്കുസഹിതം അപേക്ഷകള്‍ നല്കാത്തതിനാല്. കേന്ദ്രസര്‍ക്കാര്‍ നല്കിയ ഫണ്ടിന്റെ യഥാര്‍ഥ കണക്ക് വി. മുരളീധരന് പുറത്തുവിട്ടു. പദ്ധതികള്‍ക്കായി നല്കിയ തുക പോലും പൂര്‍ണമായി ചെലവഴിച്ചിട്ടില്ല, കേന്ദ്ര മന്ത്രി തെളിവുകള്‍ സഹിതം വ്യക്തമാക്കി.
നെല്ല് സംഭരണം: മാര്‍ച്ചില്‍ കൊടുത്തു
ഒന്നാം വിളയ്ക്കുള്ള 378 കോടി ഈ മാര്‍ച്ചില്‍ത്തന്നെ കൊടുത്തു. ഇക്കാര്യത്തില്‍ ഭക്ഷ്യമന്ത്രിക്കു പോലും വിയോജിപ്പില്ല
സാമൂഹിക പെന്ഷന് 604.14 കോടി നല്കി
521.95 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. ഒക്ടോബറില്‍ കുടിശികയടക്കം 604.14 കോടി നല്കി. എന്നാല്‍ രണ്ടാം ഗഡുവിന്റെ അപേക്ഷ സംസ്ഥാനം നല്‍കിയിട്ടില്ല.
യുജിസി കുടിശിക: രണ്ടു കത്തിനും മറുപടിയില്ല
യുജിസി കുടിശിക 750.93 കോടി നഷ്ടപ്പെടുത്തിയത് സംസ്ഥാനം. കുടിശികയ്ക്കുള്ള ശിപാര്‍ശ സമര്‍പ്പിക്കേണ്ടിയിരുന്നത് 2022 മാര്‍ച്ച് 31നായിരുന്നു. ഇക്കാര്യത്തിനായി 2022 ഫെബ്രുവരി 24നും മാര്‍ച്ച് 10നുമായി രണ്ടു തവണ കേന്ദ്രം കത്തയച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ല.
കേന്ദ്രാവിഷ്കൃത പദ്ധതി മൂലധന സഹായം
ഈ ഇനത്തില്‍ 1,925 കോടി അനുവദിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് തുക കൈമാറാത്തത്. മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് സപ്തംബര്‍ 30ന് മുമ്പ് കേന്ദ്രത്തിനു നല്‍കണമായിരുന്നു. നവംബര്‍ ആദ്യ ആഴ്ചയിലും ഇത് നല്‍കിയിട്ടില്ല.
ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം 50% ല്‍ താഴെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള ഹെല്‍ത്ത് ഗ്രാന്റില്‍ 2021-22ല്‍ 521.43 കോടിയും 2022-23ല്‍ 421.81 കോടിയും നല്കി. ശേഷിക്കുന്നത് 137.17 കോടിയാണ്. ഫണ്ടുവിനിയോഗം 50 ശതമാനത്തില്‍ താഴെയാണ്. മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ബാക്കി കിട്ടും. മില്യണ്‍ പ്ലസ് സിറ്റീസ് ഗ്രാന്റ് 213.4 കോടി കൊടുത്തു. ബാക്കി 51.55 കോടി അനുവദിക്കാന്‍ നോണ്‍ മില്യണ്‍ പ്ലസ് നഗരങ്ങളുടെ വിവരം ഇതുവരെയും അറിയിച്ചിട്ടില്ല.
ദേശീയ ഭക്ഷ്യസുരക്ഷ ഫണ്ട്: 259.63 കോടി കൈമാറി
സംസ്ഥാനം ആവശ്യപ്പെടുന്നത് 256 കോടിയാണ്. എന്നാല്‍ ഒക്ടോബര്‍ അഞ്ചിന് 259.63 കോടി കൈമാറിക്കഴിഞ്ഞു. 2018- 2023 വരെയുള്ള കുടിശികയടക്കം മുഴുവന്‍ തുകയുമാണിത്.
മത്സ്യ സംപദ യോജനയില്‍ 13,286 കോടി
പ്രധാനമന്ത്രി മത്സ്യ സംപദ യോജനയില്‍ ഏറ്റവും വലിയ തുക കിട്ടിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2020-23ലേക്കായി 13,286 കോടി കൈമാറി. ഇതില്‍ വിനിയോഗിച്ചിരിക്കുന്നത് 7855.95 കോടി മാത്രം. ഏതാണ്ട് പകുതിയിലേറെ വിനിയോഗിച്ചിട്ടില്ല. ഇത് പാര്‍ലമെന്റ് രേഖയിലുള്ളതാണ്.
റവന്യു ഡഫിസിറ്റ് ഗ്രാന്റ്: 2022-23ലെ 13,174 കോടി നല്കി
ധനകാര്യ കമ്മിഷന് ശിപാര്‍ശ ചെയ്ത 2021-22ലെ 19,891 കോടി, 2022-23ലെ 13,174 കോടി രൂപ എന്നിവ പൂര്‍ണമായി നല്കി. 2023-24ലെ 4,749 കോടി പ്രതിമാസ ഗഡുക്കളായി നല്കി വരുന്നു. സര്‍ക്കാര്‍ പറയുന്നതുപോലെ റവന്യു കമ്മി ഗ്രാന്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞിട്ടില്ല. 2017ല്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നപ്പോള്‍ത്തന്നെ 2023ല്‍ എത്ര കിട്ടുമെന്ന് വ്യക്തമാക്കിയതാണ്. റവന്യു കമ്മി ഗ്രാന്റ് കിട്ടുന്നവയില്‍ 17 സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നവയില്‍ ഒന്ന് കേരളമാണ്.
കടമെടുപ്പ്: രണ്ട് സാമ്പത്തിക വര്‍ഷവും കൂടുതല്‍ അനുവദിച്ചു
ധനകാര്യ കമ്മിഷന് അനുമതിയേക്കാള്‍ കൂടുതല്‍ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും അനുവദിച്ചു. നാഷണല്‍ പെന്ഷന് സ്കീമില്‍ 2022-23ല്‍ 1,755.82 കോടി, 2023-24ല്‍ 1,755.50 കോടി, ഊര്‍ജ മേഖലയില്‍ 2021-22ല്‍ 4,060 കോടി, 2022-23ല്‍ 4263 കോടി അധിക കടമെടുപ്പ് എന്നിവ അനുവദിച്ചു. ബജറ്റിനു പുറമേയുള്ള കടങ്ങള്‍ക്ക് (ഓഫ് ബജറ്റ് ബോറോവിങ്) തിരിച്ചടവ് ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. അതിനാലാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയത്.
ജിഎസ്ടി നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നത് പിടിപ്പുകേട്
ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂണ്‍ 30ന് അവസാനിച്ചു. ഇത് 2017ല്‍ ജിഎസ്ടി നടപ്പാക്കിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ജിഎസ്ടി പുനഃസംഘടിപ്പിച്ചതുപോലും ഏഴു വര്‍ഷത്തിനു ശേഷമാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഐജിഎസ്ടി ഇനത്തില്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലമാണ്. അഞ്ചുവര്‍ഷമായി എജി സര്‍ട്ടിഫൈ ചെയ്ത രേഖകള്‍ നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: