ന്യൂദല്‍ഹി: ഒറ്റപ്പെട്ട ഊരുകളിലെ പട്ടികവര്‍ഗ ജനവിഭാഗ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 24,000 കോടി രൂപയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുന്നു. പിഎം പിവിടിജി ഡവലപ്മെന്റ് മിഷന് (പ്രധാനമന്ത്രി പ്രത്യേക ദുര്‍ബല പട്ടികവര്‍ഗ വിഭാഗ വികസന ദൗത്യം) ബിര്‍സാമുണ്ട ജന്മവാര്ഷിക ദിനമായ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കും.
ജനജാതീയ ഗൗരവ് ദിവസമായി ആഘോഷിക്കുന്ന 15ന് പദ്ധതി പ്രഖ്യാപിച്ച് രാജ്യത്തെ പട്ടികവര്‍ഗ ജനതയുമായി പ്രധാനമന്ത്രി നേരിട്ടു സംവദിക്കും. കേരളത്തിലെ അട്ടപ്പാടിയുള്‍പ്പെടെ രാജ്യത്തെ നൂറുകണക്കിന് വനവാസി ഊരുകളില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയമെത്തിക്കും. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന, പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന, ജല ജീവന് മിഷന് തുടങ്ങിയ ഒന്‍പത് മന്ത്രാലയങ്ങളിലെ 11 പദ്ധതികള്‍ സംയോജിപ്പിച്ചാണ് പട്ടികവര്‍ഗ വികസന ദൗത്യമാരംഭിക്കുന്നത്.
അരിവാള്‍ രോഗ നിര്‍മാര്‍ജനം, ടിബി നിര്‍മാര്‍ജനം. പ്രധാനമന്ത്രി ജന ആരോഗ്യ യോജന, പിഎം സുരക്ഷിത മാതൃത്വ യോജന, പിഎം മാതൃവന്ദന യോജന, പിഎം പോഷന്‍, പിഎം ജന്‍ധന്‍ യോജന എന്നിവയും പിവിടിജി വികസന ദൗത്യത്തിന്റെ ഭാഗമായി നടപ്പാക്കും. 2023-24 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.
പ്രത്യേക ദുര്‍ബല പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന 75 ഗോത്ര വിഭാഗങ്ങളാണ് 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ളത്. 220 ജില്ലകളിലെ 22,544 പട്ടികവര്‍ഗ ഊരുകളിലായി 28 ലക്ഷം പേരുണ്ട്. ഒറ്റപ്പെട്ട് കാടിനുള്ളിലും മറ്റും കഴിയുന്ന ഈ ജന വിഭാഗങ്ങള്‍ക്കായി അടിസ്ഥാന സൗകര്യ വികസനമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റോഡ്, ടെലികോം ബന്ധം, വൈദ്യുതി, അടച്ചുറപ്പുള്ള വീട്, ശുദ്ധമായ കുടിവെള്ളം, ശൗചാലയം, വിദ്യാഭ്യാസമുറപ്പാക്കല്, ആരോഗ്യ, പോഷക സംരക്ഷണം, ജീവിക്കാനുള്ള സാഹചര്യമുറപ്പാക്കല് എന്നിവ പദ്ധതി വഴി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: