‘മഹാമന്ത്രസ്യ ചാപ്യസ്യ
സ്ഥാനേസ്ഥാനേ പദേപദേ
ഗുഢോ രഹസ്യ
ഗര്ഭോനന്തോപദേശ സമുച്ചയഃ’
ഈ മഹാമന്ത്രത്തില് ഓരോ സ്ഥാനത്തും ഓരോ ചുവടിലും രഹസ്യം അടങ്ങിയിരിക്കുന്നതായ അന്തമില്ലാത്ത ഉപദേശ സഞ്ചയം മറഞ്ഞിരിപ്പുണ്ട്.
‘സോ ദധാതി നരശ്ചൈതാ
നുപദേശാംസ്തു മാനസേ
ജായതേ ഹ്യുഭയം തസ്യ
ലോകമാനന്ദസങ്കുലം’.
യാതൊരുവന് ഈ ഉപദേശങ്ങളെ മനസ്സില്‍ ധരിക്കുന്നുവോ അവന്റെ രണ്ടു ലോകങ്ങളും ഇഹലോകവും പരലോകവും ആനന്ദപൂര്‍ണ്ണം ആയി ഭവിക്കുന്നു.
ഗായത്രീ മഹാമന്ത്രം അഗാധമായ സമുദ്രമാണ്. ഇതിന്റെ ആഴങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന രത്നങ്ങള്‍ എന്തൊക്കെയെന്നും എത്രയെന്നും കണ്ടുപിടിക്കുക നിഷ്പ്രയാസം സാധിക്കുന്ന സംഗതി അല്ല. ഈ മഹാസാഗരത്തില്‍ നിന്നും എല്ലാവരും തങ്ങളുടെ ബുദ്ധിയും, യോഗ്യതയും, കഴിവും, പ്രയത്നവും ഉപയോഗിച്ച് തദനുസരണം രത്നങ്ങള്‍ വാരിയെടുത്തിട്ടുണ്ട്. എന്നാല്‍ ഈ അക്ഷയ കലവറയുടെ അന്ത്യം കണ്ടവര്‍ ആരുമില്ല. ഗായത്രിയുടെ ഓരോ അക്ഷരത്തിലും ഓരോ പദത്തിലും എത്രമാത്രം ഗഹനമായ അര്‍ത്ഥമാണ് അടങ്ങിയിരിക്കുന്നതെന്ന് അറിയുവാന്‍ പണിപ്പെട്ട വിദ്വാന്മാര്ക്കു തങ്ങളുടെ വിദ്വത്വം എത്രയും ഉന്നതമായിരുന്നുവോ അത്രതന്നെ പ്രയാസവും നേരിടേണ്ടി വന്നിട്ടുണ്ട്. എത്രയും കൂടുതല്‍ ഗ്രഹിക്കാന്‍ ശ്രമിക്കുന്നുവോ അതിന്റെ അര്‍ത്ഥവ്യാപ്തി അത്ര കണ്ടു വര്‍ദ്ധിക്കുന്നതായും അന്ത്യം കാണാനാവത്തതായും ബോദ്ധ്യപ്പെടുന്നു.
അനേകം ഋഷിമാര്‍ ഗായത്രീമന്ത്രത്തിന്റെ ഓരോ അക്ഷരത്തിന്റെയും വൈശിഷ്ട്യത്തെപ്പറ്റി വ്യാഖ്യാനിക്കുകയും ഓരോരുത്തരും അവരവരുടെ ദൃഷ്ടികോണത്തിലൂടെ ഗായത്രിയിലെ പദങ്ങളുടെ അര്‍ത്ഥം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവ തന്നെ വളരെ അധികം വിസ്തൃതവും വിശാലവുമാണ്. അവയെല്ലാം ഈ പംക്തികളുടെ പരിധിയില്‍ വിസ്തരിക്കാനാവുന്നതല്ല. ഗായത്രീമന്ത്രത്തിന്റെ ലളിതവും സര്വ്വസുലഭവുമായ അര്‍ത്ഥം സാമാന്യരീതിയില് സൗകര്യപൂര്‍വ്വം മനസ്സിലാക്കത്തക്കവണ്ണം സംക്ഷിപ്തരൂപത്തില്‍ വെളിപ്പെടുത്തുകയാണ് ഈ പംക്തികളിലൂടെ ഉദ്യമിച്ചിരിക്കുന്നത്.
ഗായത്രീമന്ത്രത്തിലെ ഓരോ അക്ഷരത്തിന്റെയും അര്‍ത്ഥം നോക്കാം.
‘ഓം ഭൂര്ഭുവഃ സ്വഃ
തത് സവിതുര്‍വരേണ്യം
ഭര്ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
ഓം- ബ്രഹ്മം,
ഭൂഃ- പ്രാണസ്വരൂപം,
ഭുവഃ- ദുഃഖനാശകം,
സ്വഃ- സുഖസ്വരൂപം,
തത്- അത് (ആ)
സവിതുഃ- തേജോമയം (തേജസ്വി), പ്രകാശമയം
വരേണ്യം- ശ്രേഷ്ഠം
ഭര്ഗഃ- പാപനാശകം
ദേവസ്യ- ദിവ്യത്വത്തെ, ദായകനെ
ധീമഹി- ധരിക്കാം, ഗ്രഹിക്കാം
ധിയഃ- ബുദ്ധി
യ:- യാതൊന്ന്
നഃ- നമ്മുടെ
പ്രചോദയാത്- പ്രേരിപ്പിക്കട്ടെ
അര്‍ത്ഥം: പ്രാണസ്വരൂപവും, ദുഃഖനാശകവും, സുഖസ്വരൂപവും, തേജസ്വിയും, ശ്രേഷ്ഠവും, പാപനാശകവും, ദേവസ്വരൂപവുമായ ആ ബ്രഹ്മത്തെ നാം ധാരണം ചെയ്യുന്നു. അതു നമ്മുടെ ബുദ്ധിയെ സന്മാര്ഗ്ഗത്തിലേക്കു പ്രേരിപ്പിക്കട്ടെ.
ഈ അര്ത്ഥത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ മൂന്നു തഥ്യങ്ങള് വെളിപ്പെടുന്നു.
1 ഈശ്വരന്റെ ദിവ്യഗുണങ്ങളുടെ ചിന്തനം.
2 ഈശ്വരനെ നമ്മുടെ ഉള്ളില്‍ ധാരണം ചെയ്യുക.
3 സദ്ബുദ്ധിയുടെ പ്രേരണയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന.
ഈ മൂന്നു കാര്യങ്ങളും അസാമാന്യ മഹത്വമാര്‍ന്നതാണ്.
മനുഷ്യന് ഏതു വഴിക്കു ചിന്തിക്കുന്നുവോ, ഏതു വസ്തുവിനെപ്പറ്റി ചിന്തിക്കുന്നുവോ, ഏതുകാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ, അതു ക്രമേണ വ്യക്തിയുടെ മനോപടലത്തില്‍ സ്ഥാപിക്കപ്പെടുകയും അതിനനുസരിച്ചുള്ള ബുദ്ധി ലഭിക്കുകയും ചെയ്യുന്നു. ഏതു സംഗതിയില്‍ നാം ചിത്തത്തെ കേന്ദ്രീകരിക്കുന്നുവോ, നമ്മുടെ മാനസികശക്തികള്‍ ആ വഴിക്കു പ്രവഹിക്കുകയും അതിന്റെ അത്ഭുതകരമായ കഴിവുകള്‍മൂലം സൂക്ഷ്മതലത്തില്‍ നിന്നും ഉപായങ്ങളും, ഉപാധികളും, ഉപകരണങ്ങളും നേടിയെടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ ചിന്താവിധേയകമായ മാര്‍ഗ്ഗത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുകയും ദൃശ്യവും അദൃശ്യവുമായ സഹായങ്ങള്‍ ലഭിക്കുകയും സാഫല്യങ്ങളുടെ ധാരാപ്രവാഹം ഭവിക്കുകയും ചെയ്യുന്നു. ചിന്തയുടെ കഴിവ് അത്രയ്ക്കു മഹത്വവും മാഹാത്മ്യവുമാര്ന്നതാണ്. ധ്യാനയോഗത്തിന്റെ മഹിമ സകലര്‍ക്കും അറിയാവുന്നതാണ്.
മാനവജീവിതത്തില്‍ അത്യധികം പ്രാധാന്യമര്‍ഹിക്കുന്ന ചില ഗുണങ്ങളുടെ സൂചനയാണ് ഗായത്രീമന്ത്രത്തിന്റെ ആദ്യഭാഗത്ത് കൊടുത്തിരിക്കുന്നത്. ‘ആത്മവത് സര്‍വ്വഭൂതേഷു’ എന്ന ഭാവനയുടെ അടിസ്ഥാനത്തില്‍ ആനന്ദം, ദുഃഖനാശം, ശ്രേഷ്ഠത്വം, തേജസ്സ്, നിര്‍ഭയത്വം, ആത്മാവിന്റെ സര്‍വ്വവ്യാപകത്വം എന്നിവയില്‍ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അതിനനുസൃതമായി മസ്തിഷ്ക്കം തന്റെ ഉള്ളില്‍ ഈ തത്ത്വങ്ങളെ വികസിപ്പിക്കുന്നു. മനസ്സ് ഈ മാര്‍ഗ്ഗത്തിലേക്കു ആകര്‍ഷിക്കപ്പെടുകയും, ശീലിക്കുകയും ഈ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ സച്ചിദാനന്ദാവസ്ഥയെപ്പറ്റിയും, ദുഃഖശോക രഹിതമായ ബ്രഹ്മീയസ്ഥിതിയെപ്പറ്റിയും, ശ്രേഷ്ഠത്വം, തേജസ്സ്, നൈര്‍മ്മല്യം എന്നിവയെപ്പറ്റിയും, ആത്മാവിന്റെ സര്വ്വവ്യാപകത്വത്തെപ്പറ്റിയും ശ്രദ്ധാപൂര്‍വ്വം ഗഹനമായി ചിന്തിച്ച് അനുഭൂതിയിലേക്കു ആവാഹിക്കുമ്പോള്‍ സ്വര്‍ഗ്ഗീയമായ ദിവ്യഭാവത്തില്‍ നിമഗ്നമാകുന്നു. ആത്മാവ് ഈ ആനന്ദത്തെ വൈചാരികതലത്തില്‍ ഒതുക്കി നിര്‍ത്തുകയല്ല ചെയ്യുന്നത്, പ്രത്യുത ഇതിനെ ക്രിയാത്മകമാക്കി സുദൃഢമായ ആനന്ദം അനുഭവിക്കാന്‍ വേണ്ടി നടപടി സ്വീകരിക്കുകയും ചെയ്യുന്നു.
ഗായത്രീമന്ത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മേല്പറഞ്ഞ ഗുണങ്ങളടങ്ങിയ തേജഃപുഞ്ജത്തെ പരമാത്മാവിനെ ധാരണം ചെയ്യുന്നു എന്ന പ്രതിജ്ഞയാണുള്ളത്. ആ ദിവ്യഗുണങ്ങളുള്ള പരമാത്മാവിനെപ്പറ്റി ചിന്തിച്ചാല്‍ മാത്രം പോരാ, പിന്നെയോ ഗായത്രിയുടെ ആത്മാവിനെ, ആ ബ്രഹ്മത്തെ, ആ ദിവ്യഗുണ സമ്പന്നനായ പരമാത്മാവിനെ നമ്മുടെ ഉള്ളില്‍ സ്ഥാപിക്കുകയും നമ്മുടെ ഓരോ അണുവും അതുമായി ഇഴുകിച്ചേരുകയും നമ്മിലാകമാനം പരമാത്മാവ് വ്യാപിച്ചിരിക്കുകയാണെന്ന അനുഭൂതി സൃഷ്ടിക്കുകയും, ദിവ്യഗുണങ്ങളാര്ന്ന ആ പരമാത്മാവിനാല്‍ നമ്മുടെ അകവും പുറവും ആച്ഛാദിക്കപ്പെടുകയും ആ ഈശ്വരീയ സത്തയില്‍ നമ്മുടെ അഹം ആകമാനം ആമഗ്നമായിരിക്കുകയും ചെയ്യുന്ന അവസ്ഥ അനുഭൂതമാകുകയും ചെയ്യണം. എത്രയും സമയം ഈ ധാരണയില്‍ കഴിയുന്നുവോ അത്രയും സമയം മനുഷ്യനു ഭൂലോകത്തിലിരുന്നുകൊണ്ടുതന്നെ ബ്രഹ്മലോകത്തിലെ ആനന്ദം അനുഭൂതമാകുന്നു. ഈ അനുഭൂതിയുടെ പ്രഭാവം മുമ്പോട്ടുള്ള ബാഹ്യജീവിതത്തിലെ പെരുമാറ്റത്തെയും പ്രവര്‍ത്തനത്തെയും സ്വാധീനിക്കുമെന്നത് സംശയമറ്റ സംഗതിയാണ്. ഇതു മനുഷ്യനിലെ സാത്വിക തത്ത്വങ്ങളെ മംഗളകരമയി അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു.
ഗായത്രിയുടെ മൂന്നാം ഭാഗത്ത്, നമ്മുടെ സദ്ബുദ്ധിയെ പ്രേരിപ്പിക്കൂ, സാത്വികബുദ്ധി പ്രദാനം ചെയ്യൂ എന്നു പരമാത്മാവിനോടു പ്രാര്‍ത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ബുദ്ധിയെ ദുശ്ചിന്തകളില്‍ നിന്നും ചീത്ത സംസ്ക്കാരങ്ങളില് നിന്നും വിടുവിച്ച് സത്വഗുണാത്മകമായ ഋതംഭര പ്രജ്ഞയാല്‍, വിവേകത്താല്‍, സദ്ജ്ഞാനത്താല് നിറയ്ക്കൂ!
മൊത്തത്തില്‍ ഗായത്രിയുടെ മൂന്നു ഭാഗങ്ങളിലായി കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനയെ ഇങ്ങനെ പ്രതിപാദിക്കാം.
ആദ്യഭാഗത്തു വിവരിച്ചിരിക്കുന്ന ദിവ്യഗുണങ്ങള് നേടുന്നതിനായി രണ്ടാം ഭാഗത്തിലെ പ്രതിപാദ്യപ്രകാരം അവയെ ധരിക്കാന്‍ വേണ്ടി നമ്മുടെ ബുദ്ധിയെ സാത്വികമാക്കൂ, ഉന്നതമായ ആദര്‍ശങ്ങളെ സ്വീകരിക്കൂ, ഉന്നതമായ തത്വചിന്തകളില്‍ രമിക്കൂ, തുച്ഛമായ വിഷയ വാസനകള്ക്കധീനരായി താളം ചവിട്ടുന്ന ദുര്‍ബ്ബുദ്ധിയെ മനസ്സില്‍ നിന്നും നിഷ്ക്കാസനം ചെയ്യൂ എന്ന് മൂന്നാം ഭാഗത്ത് അഭ്യര്‍ത്ഥിക്കുന്നു. ബുദ്ധിയിലെ മാലിന്യങ്ങള്‍ ബഹിര്ഗമിക്കുന്നതനുസരിച്ച് ദിവ്യ ഗുണസമ്പന്നമായ പരമാത്മാവിന്റെ അംശം നമ്മില്‍ വളരുകയും വളര്‍ച്ചയ്ക്കനുസൃതമായി ഐഹികവും പാരലൗകികവുമായ ആനന്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി അനുഭൂതമാകുകയും ചെയ്യും.
ഗായത്രിയുടെ ഉള്ളില്‍ സന്നിഹിതമായിരിക്കുന്ന മേല്പറഞ്ഞ തഥ്യത്തില്‍ ജ്ഞാനം, കര്‍മ്മം, ഉപാസന ഇവ മൂന്നും കാണപ്പെടുന്നു. ഗായത്രിയെപ്പറ്റിയുള്ള ചിന്തനം ജ്ഞാനമാണ്, ബ്രഹ്മത്തെ ധരിക്കുക. അഥവാ ഉള്‍ക്കൊള്ളുക എന്നത് കര്‍മ്മമാണ്, ബുദ്ധിയെ സാത്വിമാക്കുക എന്നത് അഭീഷ്ടം പ്രാപിക്കുക എന്ന ക്രിയാരൂപവും ഉപാസനയുമാണ്. വേദങ്ങളിലെ സര്‍വ്വമാന ഋചകളും ഈ തഥ്യത്തെ വിശദീകരിക്കാന്‍ വേണ്ടിയുള്ള രചനയാണ്. ജ്ഞാനം, കര്‍മ്മം, ഉപാസന ഈ മൂന്നു വിഷയങ്ങളാണു വേദങ്ങളിലുള്ളത്. ഗായത്രിയുടെ ബീജത്തിലും ഈ മൂന്നിനെയും പറ്റി പ്രായോഗികവും, സംക്ഷിപ്തവും, സര്വ്വാംഗപൂര്ണ്ണവുമായ രീതിയില്‍ വര്‍ണ്ണിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ തഥ്യത്തെ, ഈ ബീജത്തെ, സന്മനസ്സോടെ, നിഷ്ഠയോടെ, ഭക്തിവിശ്വാസത്തോടെ അന്തഃകരണത്തില്‍ ആഴത്തില്‍ പ്രതിഷ്ഠിക്കാന്‍ വേണ്ടി പ്രയത്നിക്കുക എന്നതാണ് യാഥാര്‍ത്ഥമായ ഗായത്രീ ഉപാസന. ഇങ്ങനെ ഉപാസിക്കുന്ന സാധകന് മംഗളം ഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: