അമ്പലപ്പുഴ: കുട്ടനാട്ടില്‍ കടക്കെണി കാരണം ആത്മഹത്യ ചെയ്ത നെല്കര്ഷകന് കെ.ജി. പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് എത്തി. ഭാര്യ, മക്കള്‍, മറ്റു ബന്ധുക്കള്‍ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു.
കേന്ദ്രം കര്‍ഷകര്‍ക്ക് അനുവദിക്കുന്ന പണം എന്തുകൊണ്ട് അവരുടെ കൈകളില്‍ എത്തുന്നില്ല എന്നത് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കേന്ദ്രമന്ത്രി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. നെല്‍ സംഭരണത്തിന് വേണ്ടി 378 കോടി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ അനുവദിച്ചിരുന്നു. 70 കോടി രൂപ കുടിശികയും തുടര്‍ന്നുള്ള നെല്ല് സംഭരണത്തിനായുമാണ് നല്‍കിയത്. ഇത് എന്തിന് ചെലവഴിച്ചു എന്നത് ഉത്തരവാദിത്തപ്പെട്ട മന്ത്രിമാര്‍ പറയണം എന്നും വി. മുരളീധരന് പറഞ്ഞു.
നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലയ്ക്ക് ആനുപാതികമായി കേരളവും വര്‍ധിപ്പിച്ചിരുന്നുവെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. കേന്ദ്രം ഒരു രൂപ 43 പൈസ താങ്ങുവില വര്‍ധിപ്പിച്ചു. ഇതിനനുസരിച്ച് ആനുപാതികമായി താങ്ങുവില വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. കേന്ദ്രനയം പിന്തുടര്ന്നിരുന്നെങ്കില് കര്‍ഷകര്‍ക്ക് 33 രൂപ താങ്ങുവിലയായി ലഭിക്കുമായിരുന്നു. കേന്ദ്ര ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിലും കേരള സര്‍ക്കാര്‍ വീഴ്ച വരുത്തി. ഭക്ഷ്യമന്ത്രിയാണ് പറയേണ്ടത് എത്ര തുക കേന്ദ്രം തരാനുണ്ടെന്ന്. എന്നാല്‍ അദ്ദേഹത്തിന്റെ പക്കല്‍ ഒരു പൈസയുടെ കണക്കും ഇല്ല. കിസാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന പരാതികളും അധികൃതര്‍ അവഗണിക്കുന്നു. കണക്ക് ചോദിക്കുമ്പോള്‍ ധനമന്ത്രിക്ക് മറുപടി ഇല്ലാത്ത അവസ്ഥയെന്നും മുരളീധരന് പ്രതികരിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്, മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. വാസുദേവന്‍ എന്നിവരും കേന്ദ്രമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: