തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. മുഖ്യമന്ത്രി മണ്ടനാകരുതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് നിയമം, ധനകാര്യ സ്ഥിതി എന്നിവയെ കുറിച്ച് ധാരണ വേണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും സാമ്പത്തിക മിസ് മാനേജ്മെന്റും മൂലമാണ് കേരളം സാമ്പത്തിക പ്രതിസന്ധിയിലായത്. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ല. കേന്ദ്ര ഇടപെടലില്‍ 57,400 കോടി രൂപയുടെ കുറവ് സംസ്ഥാനത്തിന്റെ വരുമാനത്തിലുണ്ടായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്ന കണക്കില്‍ തന്നെ വ്യത്യാസമുണ്ട്. രാജ്യത്ത് ഫണ്ട് നല്‍കുന്നതിനുള്ള മാന ദണ്ഡം നിലവിലുണ്ട്. അത് കാലാനുസൃതമായി പുതുക്കിയത് അറിഞ്ഞില്ലെങ്കില്‍ ഭരിക്കാന്‍ ഇരിക്കരുത്. പദ്ധതികളുടെ മാനദണ്ഡങ്ങള്‍ തീരുമാനിച്ചത് കേരള അംഗങ്ങള്‍ ഉള്ള പാര്‍ലമെന്റിലാണ്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഐജിഎസ്ടി ഇനത്തില്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ കഴിയാത്തത് കേരള സര്‍ക്കരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലമാണ്. ജിഎസ്ടി വിഹിതം അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നിര്‍ത്തുമെന്നും ഓരോ വര്‍ഷവും വിഹിതത്തില്‍ കുറവ് വരുമെന്നും 2017ല്‍ ജിഎസ്ടി നടപ്പാക്കിയപ്പോള്‍തന്നെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തെ നികുതി വകുപ്പിനെ ജിഎസ്ടി ആയി പുനഃസംഘടിപ്പിച്ചത്പോലും ഏഴുവര്‍ഷത്തിന് ശേഷമാണ്. സംസ്ഥാനത്ത് 8000കോടി നികുതി കുടിശിക ഉണ്ടെന്നാണ് സിഎജി കണ്ടെത്തല്‍. സംസ്ഥാനത്ത് നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥനെ കേരളീയത്തിന് സ്പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ വിട്ടു. കേന്ദ്രസര്‍ക്കാരിനെതിരെ ധര്‍ണ നടത്തിയാല്‍ ഫണ്ടുകള്‍ കിട്ടില്ല. അതിന് കൃത്യസമയത്ത് മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷകളും ശിപാര്‍ശകളും റിപ്പോര്‍ട്ടുകളും നല്‍കണം.
യുജിസി കുടിശികയ്ക്ക് ശിപാര്‍ശ നല്കാന് കേന്ദ്രം രണ്ട് തവണ കത്തയച്ചിട്ടും അങ്ങനെ ഒരു കത്തേ ഇല്ല എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു നിയമസഭയില്‍ പറഞ്ഞത്. പ്രതിപക്ഷത്തിന് ജനങ്ങളോട് അല്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കണം. കേന്ദ്രം നല്‍കാനുള്ള തുകകളുടെ കണക്കും രേഖകളും പുറത്തുവിടാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തയാറാകണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: