ശാംഖായന ബ്രാഹ്മണം
ഋഗ്വേദീയമായി ഇന്നു ലഭിച്ചിട്ടുള്ള രണ്ടാമത്തെ ബ്രാഹ്മണമാണ് ശാംഖായനം. ഇതിലെ വിഷയം 30 അദ്ധ്യായങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ അദ്ധ്യായത്തിലും അഞ്ചുമുതല്‍ പതിനേഴുവരെ ഖണ്ഡങ്ങളുണ്ട്. ആകെയുള്ള ഖണ്ഡങ്ങളുടെ എണ്ണം 266 ആണ്. ഓരോ ഖണ്ഡത്തിലും നീണ്ട നീണ്ട ഗദ്യകണ്ഡികകള്‍ ഉണ്ട്. ഇതില്‍ പംഗ്യന്‍ എന്ന ആചാര്യനെ എതിര്‍ത്തുകൊണ്ട് കൗഷീതകി എന്ന ആചാര്യന്‍ പറഞ്ഞ കാര്യങ്ങളും അവയെ സമര്‍ത്ഥിച്ചുകൊണ്ട് ശാംഖായനാചാര്യന്റെ മതവും ഉള്‍ക്കൊള്ളി ച്ചിരിക്കുന്നു.
ശാംഖായന ബ്രാഹ്മണത്തിലെ പ്രധാന വിഷയം ഐതരേയത്തിലേതുതന്നെയാണ്. പക്ഷേ അതിനുപുറമേ ശാംഖായനത്തില്‍ രുദ്രന്റെ മഹിമ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. ഇന്ദ്രനേക്കാള്‍ വിഷ്ണുവിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും ശാംഖായനത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. മറ്റൊരു കാര്യം എടുത്തുപറയേണ്ടത് യാഗത്തിലെ ഹിംസാപരതയോട് ശാംഖായനത്തില്‍ വിപ്രതിപത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നുള്ളതാണ്. യാഗങ്ങളില്‍ ഹിംസിക്കപ്പെടുന്ന മൃഗങ്ങള്‍ പരലോകത്ത് ഈ യാജകന്മാരെത്തന്നെ ഭക്ഷിക്കും (അമുഷ്മിന്‍ ലോകേ പശവോ മനുഷ്യാനന്തി) എന്നും ഈ ബ്രാഹ്മണത്തില്‍ പറഞ്ഞിരിക്കുന്നു. അക്കാലത്തുതന്നെ യജ്ഞങ്ങളില്‍ ഹിംസാവൃത്തി പെരുകിയിരുന്നെന്നും അതിനോട് ആചാ ര്യന്മാര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു എന്നും ശാംഖായന ബ്രാഹ്മണത്തിലെ പ്രസ്താവങ്ങള്‍ തെളിയിക്കുന്നു. (കര്‍മ്മഠനായ പ്രാചീനബര്‍ഹിസ്സ് എന്ന സാധകനെ യാഗങ്ങളില്‍നിന്ന് പിന്‍ തിരിപ്പിക്കാന്‍ ശ്രീ നാരദമഹര്‍ഷി ഇതേ ദൃശ്യമാണല്ലോ കാണിച്ചു കൊടുക്കുന്നത്.)
ശതപഥ ബ്രാഹ്മണം
അത്യന്തം മഹിമാപൂര്‍ണവും ബൃഹത്കായവുമാണ് ശതപഥ ബ്രാഹ്മണം. ഇത് യാഗാനുഷ്ഠാനങ്ങളുടെ സര്‍വ്വോത്തമമായ പ്രതിപാദകമെന്ന നിലയില്‍ സാര്‍വ്വത്രികമായി വാഴ്‌ത്തപ്പെടുന്നു. ശുക്ലയജുര്‍വേദത്തിന്റെ മാദ്ധ്യദിനം, കാണ്വം എന്നീ ഉഭയ ശാഖകളിലും അല്പം ചില മാറ്റങ്ങളോടെ ശതപഥ ബ്രാഹ്മണം നിലനില്ക്കുന്നു. മാധ്യന്ദിനശാഖയിലെതിന് ശതപഥത്തിന് 14ഉം കാണ്വശാഖയിലേതിന് 17ഉം കാണ്ഡങ്ങളുണ്ട്. 14 കാണ്ഡങ്ങളിലായി 100 അദ്ധ്യായങ്ങള്‍, അവയില്‍ ഉള്‍പ്പെടുന്ന 68 പ്രപാഠകങ്ങള്‍, ഈ പ്രപാഠകങ്ങളില്‍ 438 ബ്രാഹ്മണങ്ങളും അവയില്‍ ഉള്‍പ്പെടുന്ന 7624 കണ്ഡികകളും ഇതാണ് മാധ്യന്ദിനശാഖയില്‍ പ്രത്യക്ഷപ്പെടുന്ന ശതപഥത്തിന്റെ ബാഹ്യസ്വരൂപം, (നൂറ് അദ്ധ്യായങ്ങള്‍ ഉള്ളതുകൊണ്ടാവാം ഇതിന് ശതപഥം നൂറുവഴികള്‍ എന്ന പേരുണ്ടായത്. ഗ്രന്ഥത്തില്‍ ഇതേപ്പറ്റി സൂചനയൊന്നുമില്ല.) കാണ്വശാഖയില്‍ 17 കാണ്ഡങ്ങളാണുള്ളത്. പ്രപാഠകങ്ങളുടെ സ്ഥാനത്ത് അദ്ധ്യായങ്ങള്‍ കാണപ്പെടുന്നു. ബ്രാഹ്മണങ്ങളുടെ എണ്ണത്തിലും കണ്ഡികകളുടെ എണ്ണത്തിലും അന്തരമുണ്ട്. വിഷയ പ്രതിപാദനക്രമം ശുക്ലയജുസ്സംഹിത യിലെ ക്രമം തന്നെ. എന്നാല്‍ സംഹിതയില്‍ അനുപലബ്ധങ്ങളായ അഗ്‌നിരഹസ്യം തുടങ്ങിയ പല വിഷയങ്ങളും ഇതില്‍ പുതിയതായി ചര്‍ച്ച ചെയ്തിരിക്കുന്നു.
പല ദൃഷ്ടികളിലും പ്രാധാന്യമര്‍ഹിക്കുന്ന യജ്ഞവിദ്യ അതിന്റെ പൂര്‍ണ്ണവൈഭവത്തില്‍ ദര്‍ശിക്കാനാവുന്നത് ശതപഥ ബ്രാഹ്മണ ത്തിലാണ്. യജ്ഞീയ വിധാനങ്ങളുടെ ഹേതുക്കളും ആഖ്യാനങ്ങളും വിസ്തരിച്ചു നല്കിയിട്ടുള്ളതിനു പുറമേ യജ്ഞത്തിന്റെ ആദ്ധ്യാത്മിക രഹസ്യങ്ങളും ഹൃദയംഗമമാംവിധം ശതപഥത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു. അനേകം പ്രാചീനങ്ങളായ കഥാഖ്യാനങ്ങളും ഇതിലുണ്ട്.
ശതപഥത്തിലെ പ്രധാനമായ ഒരു ആഖ്യാനം മനുകഥയാണ്. നിരന്തരം അതിശീഘ്രം പ്രവൃദ്ധമായി വന്ന ഒരു വലിയ മത്സ്യത്തെ നൗകയാക്കി അഖിലവ്യാപ്തമായ പ്രളയജലത്തിലൂടെ തുഴഞ്ഞ് മനു ഹിമാലയത്തിലെ ‘മനോരവസര്‍പ്പണം’ എന്ന സ്ഥാനത്ത് എത്തിച്ചേര്‍ന്നു എന്നും അപ്പോഴേക്കും അദ്ദേഹത്തിന് പൂര്‍വസ്മൃതി
കളെല്ലാം ക്ഷയിച്ചുപോയിരുന്നു എന്നും ഈ ആഖ്യാനത്തില്‍ പറയുന്നു. തുടര്‍ന്ന് മനുവായി അദ്ദേഹം യാഗങ്ങള്‍ നടത്തിയെന്നും നവീന മാനവസൃഷ്ടിക്ക് ഹേതുഭൂതനായി എന്നും മറ്റുമുള്ള കഥ ഹൃദയാവര്‍ജകമായി ഈ ബ്രാഹ്മണത്തില്‍ വര്‍ണിച്ചിരിക്കുന്നു.
വേദാനുയായികളായിരുന്ന പ്രാചീന ജനങ്ങള്‍ അഥവാ ആര്യന്മാര്‍ സരസ്വതീ നദീതടത്തില്‍ വികസിച്ചു വളര്‍ന്ന കഥയും ചില ആഖ്യാനങ്ങളില്‍ സൂചിതമായിട്ടുണ്ട്. ഇതില്‍ സാരസ്വത പ്രദേശങ്ങളില്‍ നിവസിച്ചിരുന്ന “മാഥവവിദേഘനെന്ന രാജാവിന്റേയും അദ്ദേഹത്തിന്റെ പുരോഹിതനായിരുന്ന ‘ഗോതമരഹൂഗണനെന്ന ഋഷിയുടേയും ആഖ്യാനം വളരെ സരസമായി പ്രതിപാദിച്ചിരിക്കുന്നു. വൈശ്വാനരന്‍ എന്ന അഗ്നി ഒരിക്കല്‍ സാരസ്വത മണ്ഡലത്തില്‍ നിന്നും മുന്നോട്ടു മുന്നോട്ട് വ്യാപിച്ച് ഹിമാലയത്തില്‍ നിന്നും പ്രവഹിക്കുന്ന ‘സദാനീരാ’ (ഗണ്ഡകി) എന്ന നദീതീരം വരെ എത്തിയെന്നും അവിടെ നിന്നും ആ അഗ്‌നിയുടെ പിന്‍പേ സഞ്ചരിച്ച രാജാവും പുരോഹിതനും സദാനീരാ തടത്തില്‍ നിവാസം ഉറപ്പിച്ചുവെന്നും പറഞ്ഞിരിക്കുന്നു.
ആര്യന്മാരുടെ ക്രമപ്രവൃദ്ധമായ വ്യാപനമാണ് മേല്‍പറഞ്ഞ കഥയില്‍ സൂചിതമായിട്ടുള്ളതെന്നു വ്യക്തമാണ്. സദാ നീരയുടെ പാര്‍ശ്വസ്ഥ പ്രദേശങ്ങളാണ് മിഥിലയും മറ്റും. അവിടത്തെ രാജാവായിരുന്നല്ലോ ജനകന്‍. (ജനകന്‍ എന്ന പേര് വിദേഹത്തിലെ അഥവാ മിഥിലയിലെ രാജാക്കന്മാര്‍ക്ക് പരമ്പരയാ ലഭിക്കുന്ന ബിരുദനാമമാണ്. ശതപഥത്തിലെ ജനകനല്ല രാമായണത്തിലെ സീതയുടെ പിതാവ്. അത് മറ്റൊരു ജനകനായിരുന്നു. ശതപഥത്തില്‍ പരാമര്‍ശിക്കുന്ന ജനകന്റെ സദസ്സില്‍ വെച്ചാണ് യാജ്ഞവല്ക്യനും ബ്രഹ്മവാദിനിയായിരുന്ന ഗാര്‍ഗിയുമായി പ്രസിദ്ധമായ ശാസ്ത്രാര്‍ത്ഥചര്‍ച്ച നടന്നത്. (ബൃഹദാരണ്യകോപനിഷത്തില്‍ ഈ കഥ വിസ്തരിച്ചിട്ടുണ്ട്. ശതപഥത്തില്‍ യാജ്ഞവല്ക്യന്റെ മറ്റൊരു ഗുരുവും അനേകം ശിഷ്യഗണങ്ങളുടെ ആരാധ്യനായ ആചാര്യനുമായിരുന്ന അരുണപുത്രന്‍ (ആരുണി) ആയ ഉദ്ദാലകന്റെ പ്രഭാവ പൂര്‍ണ്ണമായ വ്യക്തിത്വം വിവരിക്കപ്പെട്ടു കാണുന്നു. അശ്വമേധയാഗത്തെപ്പറ്റിയും ഈ ബ്രാഹ്മണത്തില്‍ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. ദുഷ്യന്തന്‍, ഭരതന്‍, ജനമേജയന്‍ എന്നീ രാജാക്കന്മാര്‍ അശ്വമേധം നടത്തിയിരുന്നതായും ശതപഥത്തില്‍ പ്രസ്താവമുണ്ട്. ഉപലബ്ധങ്ങളായ ബ്രാഹ്മണങ്ങളില്‍ ശതപഥം പ്രാചീനതമവും അതിബൃഹത്തും വിജ്ഞേയവുമാണ്. സായണാചാര്യരും ഹരിസ്വാമിയും ഇതിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: