ലണ്ടന്‍: അഞ്ച് ദിവസത്തെ ബ്രിട്ടന് സന്ദര്‍ശനത്തിനായി ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലണ്ടനിലെത്തി. വിവിധ തലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിലയിരുത്തുകയും സുഹൃദ് ബന്ധത്തിന് പുതിയ ഉണര്‍വേകുകയുമാണ് ഈ സന്ദര്‍ശനം കൊണ്ടുദ്ദേശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം എക്സില്‍ കുറിച്ചു. ഭാരതീയര്‍ക്ക് ദീപാവലി ആശംസകളും നേര്‍ന്നു.
ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനിയില്‍ ഭാരതത്തിന്റെ ഹൈക്കമ്മിഷന് സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷത്തില്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. കൂടാതെ ഉത്തര്‍പ്രദേശില്‍ നിന്ന് ലണ്ടനിലെത്തപ്പെട്ട രണ്ട് പുരാതന ക്ഷേത്രത്തിലെ വിഗ്രഹങ്ങല്‍ തിരിച്ചെത്തിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കാളിയാകും. ജനങ്ങള്‍ ലോകത്തെ എങ്ങനെ നോക്കികാണുന്നു എന്ന വിഷയത്തില്‍ ചര്‍ച്ചയുടെയും ഭാഗമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഭാരത സന്ദര്‍ശനത്തിന്റെ തയാറെടുപ്പുകളും അജണ്ടയിലുള്ളതായാണ് വിവരം.
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ എസ്. ജയശങ്കര്‍ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: