ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ യഥാസമയം നെല്ല് വില നല്കാത്തതിനാല് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് അമ്പലപ്പുഴ മേഖലയില്‍ രണ്ടു മാസത്തിനിടെ രണ്ട് കര്‍ഷകരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ സപ്തംബറില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം നല്കാന് പോലും സര്‍ക്കാര്‍ തയാറായില്ല. കഴിഞ്ഞ സപ്തംബര്‍ 17നാണ് വണ്ടാനം നീലിക്കാട്ടുചിറ കെ.ആര്. രാജപ്പന്(88) വീടിനുള്ളില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.
നാലുപാടം പാടശേഖരത്തില്‍ പുഞ്ചക്കൃഷി നടത്തി നെല്ലു കൊടുത്ത ഇനത്തില്‍ രാജപ്പനും മകന് പ്രകാശനും 1.57 ലക്ഷം രൂപ കിട്ടാനുണ്ടായിരുന്നു. രാജപ്പന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള പിആര്‍എസ് മകളുടെ പേരിലേക്കു മാറ്റി സപ്ലൈകോ തുക നല്കി. രാജപ്പന് മരിച്ച് രണ്ട് മാസമാകുമ്പോഴും സര്‍ക്കാര്‍ ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. മന്ത്രി പി. പ്രസാദ് വീട് സന്ദര്‍ശിച്ച് ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇനി ഒരു കര്‍ഷകനും ഇത്തരം അനുഭവമുണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നു.
ആ സംഭവത്തിന്റെ ദുഃഖമടങ്ങും മുന്‍പാണ് സമീപപ്രദേശമായ തകഴി കുന്നുമ്മയില്‍ കര്ഷകന് കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്തത്. മരിച്ച രണ്ടു പേരും നിര്‍ധന കുടുംബങ്ങളിലെ കര്‍ഷകരാണ്. ഇവര്‍ രണ്ടു പേരുടെയും മരണ ശേഷം സര്‍ക്കാരിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി രംഗത്തെത്തിയിരുന്നു. പണം കൃത്യമായി നല്‍കുന്നുണ്ടെന്ന് ആയിരുന്നു കണക്കുകള്‍ നിരത്തി മന്ത്രിയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: