‘യഃ’പദത്തിന്റെ അര്‍ത്ഥമാണ് യാതൊന്ന്. ഇതു പരമാത്മാവിന്റെ സൂചകമായിട്ടാണ് പ്രയോഗിച്ചിരിക്കുന്നത്. ഗായത്രിയുടെ പൂര്‍വ്വാര്‍ദ്ധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്ന സവിത, വരേണ്യ, ഭര്ഗ, ദേവ ഗുണങ്ങളോടു കൂടിയത് യാതൊന്നാണോ ആ പരമാത്മാവിനോടാണ് പ്രാര്‍ത്ഥിച്ചിരിക്കുന്നത്. മുമ്പില്‍ പ്രയോഗിച്ചിരിക്കുന്ന ഈ പദങ്ങളെ വീണ്ടും ആവര്‍ത്തിക്കുന്നതിനു പകരം ‘യഃ’ എന്ന പദപ്രയോഗത്താല്‍ കാര്യം വെളിപ്പെടുത്തുകയാണു ചെയ്തിരിക്കുന്നത് അതായത് മുമ്പില്‍ പ്രസ്താവിച്ച ഗുണങ്ങളോടുകൂടിയ പരമാത്മാവ് നമുക്കു ധിയഃ പ്രദാനം ചെയ്യുമാറാകട്ടെ.
യഃ ഇതി ലിംഗവ്യത്യയഃ
യദ്ഭര്ഗഃ യഃ ഭര്ഗോ വാ
(സായണ, മഹീധര)
ലിംഗവ്യത്യയത്താല്‍ യദ്ഭര്ഗം അഥവാ യഃ ഭര്ഗം എന്നു രൂപം കൊള്ളുന്നു.
യഃ ശബ്ദശ്ച യദിത്യര്ത്ഥേ
ലിംഗവ്യത്യയതോ ഭവേത്
( ഭരദ്വാജ, ഉഷ്ണവഃ)
ലിംഗവ്യത്യയത്താല്‍ യഃ എന്നപദം യത് എന്നായിത്തീരുന്നു.
യഃ പ്രത്യഗ്രൂപഃ
(നിര്‍ണ്ണയകല്പം)
ഇതു പ്രത്യക്ഷത്തില്‍ ആത്മരൂപമാണ്. ഈ വിശുദ്ധമായ ആത്മാവു തന്നെയാണ് പരമാത്മാവ്.
യദ് സത്യജ്ഞാനാദിലക്ഷണം
(വിദ്യാരണ്യ സ്വാമി)
യഃ സത്യജ്ഞാനാദിരൂപമായ ബ്രഹ്മമാകുന്നു.
യഃ സവിതാദേവഃ
(സായണ, മഹീധര)
ഈ സവിതാ (സൂര്യ) ദേവനാകുന്നു.
യോളന്തഃ സുഖോളന്തരാരാമ
സ്തഥാന്തര്ജ്യോതിരേവ യഃ
സ യോഗീ ബ്രഹ്മനിര്‍വ്വാണം
ബ്രഹ്മഭൂതോളധിഗച്ഛതി
(ഗീത 5/24)
യാതൊരുവന് പൂര്‍ണ്ണബോദ്ധ്യത്തോടെ അന്തരാത്മാവില്‍ സുഖം അനുഭവിക്കുകയും, ആത്മാവില്‍ തന്നെ വിശ്രമം അനുഭവിക്കുകയും, ആത്മാവില്‍ തന്നെ ജ്ഞാനം ദര്‍ശിക്കുകയും ചെയ്യുന്നുവോ അങ്ങനെയുള്ള ബ്രഹ്മഭൂതജ്ഞനായ യോഗി ബ്രഹ്മനിര്‍വ്വാണം പ്രാപിക്കുന്നു.
യഃ എന്ന പദത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പരമാത്മാവു നമ്മുടെ അന്തരാത്മാവില്‍ നിവസിക്കുമാറാകുകയും നാം അതിനെ ധാരണം ചെയ്യുകയും അതി,ന്റെ പൂജയും ശക്തിയും മൂലം നമ്മുടെ ജീവിതനൗക മറുകര എത്തുകയും ചെയ്യട്ടെ എന്നതാണ് യഃ എന്ന പദത്തിന്റെ സാരം. ‘
‘നഃ’ പദത്തിന്റെ അര്‍ത്ഥം
നമ്മുടെ എന്നാണ് ‘നഃ’ പദത്തിന്റെ അര്‍ത്ഥം. നഃ എന്ന പദം ബഹുവചനമായിട്ടാണ് പ്രയോഗിക്കുന്നത്. ഞാന്‍ എന്ന പദം ഒരു വ്യക്തിയെയും ഞങ്ങള്‍ എന്ന പദം പലര് ചേര്‍ന്ന സമൂഹത്തെയും കുറിക്കുന്നു. പരമാത്മവിനോടു സദ്ബുദ്ധി നല്‍കാനാണു പ്രാര്‍ത്ഥിച്ചിരിക്കുന്നത്; പക്ഷേ അതു തനിക്കുവേണ്ടി മാത്രമല്ല യാചിച്ചിരിക്കുന്നത്. ഇതിനു കാരണമെന്തെന്നാല്‍ മനുഷ്യന് ഒരു സാമൂഹ്യജീവിയാണ്. പലരും അടങ്ങുന്ന ഘടകങ്ങള്‍ ചേര്‍ന്നതാണു ഈ സമൂഹം. ഈ വിശാലതയും വിസ്തൃത്വവും അവന്റെ അഭിമാനമാണ് അന്തസ്സാണ്. അഹം (ഞാന്‍) എന്നതിന്റെ പരിധി വിസ്തൃതമാക്കുകയും വസുധയെ (വിശ്വത്തെ) കുടുംബമായി പരിഗണിക്കുകയും ചെയ്യുന്നവരാണ് ഉദാരമനസ്ക്കര്‍. ലോകത്തില്‍ ആരുടെ ‘അഹ’ ത്തിന്റെ പരിധി എത്രമാത്രം വിശാലമായിരിക്കുന്നുവോ, ആരുടെ ആത്മാവ് എത്രമാത്രം വിശാലമായിരിക്കുന്നുവോ, ആരുടെ ആത്മാവ് എത്രമാത്രം വ്യാപകമായിരിക്കുന്നുവോ അവരുടെ ആത്മജ്ഞാനം അത്രമാത്രം വിസ്തൃതമാണെന്നു കരുതപ്പെടുന്നു.
മനുഷ്യന് സ്വയം ഏകമല്ല, അനേകമാണ്. അവനു അഞ്ചു കോശങ്ങളുണ്ട്; അഞ്ചു ശരീരങ്ങളുണ്ട്. അന്നമയം, മനോമയം, പ്രാണമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ അഞ്ചു കോശങ്ങള്‍ മനുഷ്യന് തന്റെ ഉള്ളില്‍ ധരിച്ചു വച്ചിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യകരമായിരിക്കേണ്ടത് ആവശ്യമാണ്. ഇവയ്ക്കു അനാരോഗ്യം സംഭവിച്ചാല്‍, ഒന്നിനെയെങ്കിലും ദുര്‍ബുദ്ധി സ്വാധീനിച്ചാല്‍ മറ്റുള്ളവയ്ക്കു പരിപൂര്‍ണ്ണമായ ആരോഗ്യത്തോടെ കഴിയുവാനാവില്ല. അന്തഃകരണ ചതുഷ്ടയത്തില്‍ മനം, ബുദ്ധി, ചിത്തം, അഹങ്കാരം ഇവ നാലും ചേര്‍ന്ന നാല്കൂട്ടാണുള്ളത്. ഇവയില്‍ ഒന്നിനെങ്കിലും ക്ഷതം സംഭവിച്ചാല്‍ ഈ സംഘം ഞൊണ്ടി നടക്കുകയേ ഉള്ളൂ. ഹൃദയം, ശ്വാസകോശം, ആമാശയം, കരള്‍, കുടല്, വൃക്കകള്‍, മസ്തിഷ്ക്കം മുതലായ അവയവങ്ങളില്‍ ഒന്നിനെങ്കിലും കുഴപ്പം സംഭവിച്ചാല്‍ മറ്റുള്ള അവയവങ്ങളുടെ ആരോഗ്യത്തിനു വിശേഷിച്ച് അര്‍ത്ഥമൊന്നും കാണുകയില്ല. നമ്മുടെ ഉള്ളിലെ പ്രവര്‍ത്തനതത്ത്വം തന്നെയാണ് ബാഹ്യജീവിതത്തിലും പ്രവര്‍ത്തനത്തിലും പ്രകടമായിക്കാണുന്നത്. നമ്മുടെ കുടുംബപരവും സാമൂഹ്യവും രാഷ്ട്രീയവുമായ സുഖശാന്തി നമ്മുടെ വ്യക്തിപരമായ സുഖശാന്തിയുമായി ബന്ധപ്പെട്ടതാണ്.
യാതൊരു കുടുംബത്തിലെ ആളുകള്‍ ദുര്ബുദ്ധിക്കധീനരാണോ, യാതൊരു രാഷട്രത്തില്‍ ദുര്ബുദ്ധിമൂലം അരാജകത്വം വിളയാടുന്നുവോ, അവരുടെ ഇടയില്‍ ഒരു വ്യക്തിക്കും ശാന്തിയോടും സമാധാനത്തോടും കഴിയുവാനാവില്ല. ആയതിനാല്‍ സങ്കുചിതമായ പരിധിയില്‍ പെടുന്ന ‘ഞാന്‍’ എന്നതിനു പകരം ഗായത്രിയില്‍ നാം (നമ്മള്) എന്ന പദമാണു പ്രയോഗിച്ചിരിക്കുന്നത്. സദ്ബുദ്ധിക്കു വേണ്ടിയുള്ള യാചന പരിചിതമായ ‘എനിക്ക്’ എന്നതിനു പകരം വിസ്തൃതമായ ‘നമുക്ക്’ വേണ്ടിയാണ് ചെയ്തിരിക്കുന്നത്. എന്തു കൊണ്ടെന്നാല്‍ സകലരും സദ്ബുദ്ധി സമ്പന്നരായിരിക്കുന്നതിലാണ് വ്യക്തിയുടെ ക്ഷേമം സ്ഥിതിചെയ്യുന്നത്.
അയലത്തെ വീടിനു തീ പിടിക്കുമ്പോള്‍ നമ്മുടെ വീടു സുരക്ഷിതമല്ല. ചുറ്റുപാടും കോളറ, പ്ലേഗ്, വസൂരി മുതലായ രോഗങ്ങള്‍ പടരുമ്പോള്‍ നമ്മുടെ കുടുംബത്തിന്റെ അവസ്ഥ സുരക്ഷിതമല്ല. ലഹളയും കലാപങ്ങളും പൊട്ടിപ്പുറപ്പെടുമ്പോള്‍ നമ്മുടെ ജീവനും സമ്പത്തും സുരക്ഷിതമല്ല. ചീത്ത ആളുകളുടെ ഇടയില്‍ കഴിയേണ്ടി വന്നാല്‍ സാധു മനസ്ക്കരുടെ മനസ്സിലും ക്ഷോഭമുണ്ടാകുക സ്വാഭാവികമാണ്. ഇതെല്ലാം കണക്കിലെടുത്തു ചിന്തിക്കുമ്പോള്‍ വ്യക്തിയുടെ സങ്കുചിതമായ സ്വാര്‍ത്ഥത ശരിയായ സ്വാര്‍ത്ഥത അല്ലെന്നു കാണാം. യാതൊന്നിനാല്‍ സകലരുടെയും സ്വാര്‍ത്ഥത പരിരക്ഷിക്കപ്പെടുന്നുവോ, അതുതന്നെയാണ് നമ്മുടെ യഥാര്‍ത്ഥ സ്വാര്‍ത്ഥത. ഒരു പ്രാണിയെങ്കിലും എന്നുവരെ ബന്ധനത്തില്‍ കഴിയുന്നുവോ അന്നുവരെ ഞാന്‍ മുക്തി കാംക്ഷിക്കുന്നില്ല എന്ന് ബുദ്ധഭഗവാന് പറഞ്ഞിരിക്കുന്നത് ഈ തത്ത്വത്തെ ലക്ഷ്യമാക്കിയാണ്. സകലരും സുഖമായി കഴിയുന്നതു കാണുന്നതിനേക്കാള്‍ വലുതല്ല വ്യക്തിയുടെ സ്വന്തം സുഖം. ഇക്കാരണത്താലാണ് അനേകം സിദ്ധമഹാപുരുഷന്മാര് സ്വര്‍ഗ്ഗത്തിന്റെയും മോക്ഷത്തിന്റെയും സുഖം വെടിഞ്ഞു ലോകത്തിലെ ദുഃഖിതരുടെ സേവനാര്‍ത്ഥം ലോകത്തില്‍ തന്നെ കഴിയുവാന്‍ ഇഷ്ടപ്പെടുന്നത്.
ഞങ്ങള്‍ക്കു സദ്ബുദ്ധി ലഭിക്കട്ടെ, ഞങ്ങളുടെ ആന്തരികവും ബാഹ്യവുമായ ലോകത്തില്‍ സദ്ബുദ്ധിയുടെ പ്രകാശം പരക്കട്ടെ! എന്ന പ്രാര്‍ത്ഥന ആണ് ഈശ്വരന്റെ മുമ്പാകെ അവതരിപ്പിക്കുന്നത്. ഈ സദ്ബുദ്ധിയുടെ മഹത്വമാണ് ‘നഃ’ എന്ന പദത്തില്‍ സ്പഷ്ടമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: