മലയാള ചലച്ചിത്ര ഗാനശാഖയ്‌ക്ക് സ്വകീയമായ ലാവണ്യബോധവും രചനാ തന്ത്രവും നല്‍കിയ വയലാറിന്റെ ഗാനസപര്യയുടെ ഉദാത്ത മുദ്രകളാണ് ആ കാവ്യവിപഞ്ചികയില്‍ നിന്നുതിര്‍ന്ന മാനവികതയുടെ സുഗമഗീതങ്ങള്‍. കവി രചിച്ച മാനവരാശിയുടെ കനല്‍ക്കവിതകളും വസന്തഗീതങ്ങളും തലമുറകള്‍ കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ ഹൃദയരാഗമാണ്.
”ദന്ത ഗോപുരം തപസിനു തിരയും ഗന്ധര്‍വ കവിയല്ല ഞാന്‍…” എന്ന ഒരു ഗാനത്തിലൂടെയും,
”…സര്‍ഗസ്ഥിതിലയകാരകന്‍ ഞാന്‍
സത്യസ്വരൂപി ഞാന്‍ മനുഷ്യന്‍…” എന്ന് ഒരു കവിതയിലൂടെയും കവി തന്നെ തന്റെ കാവ്യവ്യക്തിത്വത്തെ നിര്‍വചിക്കുന്നുണ്ട്. മനുഷ്യശക്തിയുടെ വിജയത്തിലേക്കുള്ള കുതിപ്പുകളും നല്ലനാളെയുടെ അമരപ്രതീക്ഷകളും ആണ് വയലാര്‍ എന്നും ഉദ്ഗാനം ചെയ്തിട്ടുള്ളത്.
”മാനവധര്‍മ്മം വിളംബരം ചെയ്യുന്ന
മാവേലി നാടിന്‍ മധുരശബ്ദങ്ങളേ
നീതിശാസ്ത്രങ്ങള്‍ തിരുത്തിക്കുറിക്കുവാന്‍
നീളെത്തുടിക്കും പ്രതിജ്ഞാങ്കുരങ്ങളേ,
കൂരിരുള്‍പ്പാറ തുരന്നുഷസ്സില്‍ മണി-
ത്തേരില്‍ വരുന്നു വെളിച്ചവും പൂക്കളും…”
(നാടകം: വിശറിക്കു കാറ്റു വേണ്ട)
പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്യുന്ന മനുഷ്യപ്രയത്‌നത്തെ വാഴ്‌ത്തുന്ന ഈരടികള്‍ വയലാറിന്റെ മുഖമുദ്രയാണ്. പ്രകൃതിയെ കീഴടക്കുന്ന, സാമ്രാജ്യത്വങ്ങളെ അതിജീവിക്കുന്ന മനുഷ്യന്റെ വീരഗാഥകള്‍ വയലാര്‍ നിരവധി എഴുതിയിട്ടുണ്ട്.
”അന്ധകാരമേ അകലേ, വിശ്വസത്യമേ ഇതിലേ,
ഉണരുകയല്ലോ പുതിയൊരു പുനരുജ്ജീവനഗീതം,
ഉയരുകയല്ലോ ശാസ്ത്രയുഗത്തിന്‍ പുതിയ കുളമ്പടിനാദം.” (ചിത്രം: അശ്വമേധം-(1967) ഗാനം: ഉദയഗിരി ചുവന്നു.)
തുടങ്ങിയ വയലാറിന്റെ ജാഗരണകല്‍പ്പനകള്‍, സമൂഹത്തിന് സാംസ്‌കാരികോര്‍ജം പകര്‍ന്നു നല്‍കുന്ന ഗാനസന്ദേശങ്ങളാണ്.
ഇതിഹാസങ്ങള്‍ മന്ത്രം ചൊല്ലുന്ന യാഗഭൂമിയായ ഭാരതത്തില്‍ യാഗാശ്വം പോലെ വിജയത്തിലേക്ക് കുതിക്കുന്ന മാനവശക്തിയുടെ നിരവധി ഉണര്‍ത്തുപാട്ടുകള്‍ വയലാര്‍ എഴുതിയിട്ടുണ്ട്.
”മനുഷ്യന്‍ മനുഷ്യന്‍ ഞാന്‍ എന്നില്‍ നിന്നാരംഭിച്ചു
മഹത്താം പ്രപഞ്ചത്തിന്‍ ഭാസുര സങ്കല്‍പങ്ങള്‍
എന്നിലുണ്ടിന്നേവരെ ജീവിച്ച സംസ്‌കാരങ്ങള്‍
എന്നിലുണ്ടിനിയത്തെ വിടരും സംസ്‌കാരങ്ങള്‍
ഈ വിശ്വതലത്തിന്റെ കര്‍മ്മമേഖലകളില്‍
ജീവിതം നോവുമ്പോള്‍ എന്നാത്മാവു നൊന്തീടുന്നു
ഇല്ലെനിക്കൊരിക്കലും മരണം തുറുങ്കുകള്‍-
ക്കുള്ളിലിട്ടൊരു നാളുമടയ്‌ക്കാനാവില്ലെന്നെ!
മനുഷ്യന്‍ സൗന്ദര്യത്തെ സത്യത്തെ സംസ്‌കാരത്തെ-
യുണര്‍ത്തി ജീവിപ്പിക്കും സാമൂഹ്യമനുഷ്യന്‍ ഞാന്‍!
കാലമാണവിശ്രമം പായുമെന്നശ്വം-സ്‌നേഹ-
ജ്വാലയാണെന്നില്‍ കാണും ചൈതന്യം സനാതനം.”
(എനിക്കു മരണമില്ല)
മനുഷ്യന്‍ ജനിക്കുന്നുമില്ല മരിക്കുന്നുമില്ല; നീ ശരീരമല്ല. ആത്മാവാണ്; നീ നിത്യനും ശാശ്വതനുമാണ് തുടങ്ങിയ ഗീതാസാരം ആണ് വയലാര്‍ വാക്കുകളുടെ പ്രചണ്ഡശക്തിയോടെ ഈ കവിതയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
”-അജോ നിത്യഃ ശാശ്വതോ/യം പുരാണോ
നഹത്യതേ ഹന്യമാനേ ശരീരേ.” (ഗീത 2/20)
അതേസമയം സ്ഥിതിസമത്വത്തിന്റെ സോഷ്യലിസ്റ്റ് വ്യാമോഹങ്ങളില്‍പ്പെട്ട് മനുഷ്യന്‍ തകര്‍ന്നുവീഴുന്ന ദയനീയതയും വയലാര്‍ കുറിച്ചിട്ടുണ്ട്.
”എത്ര എത്ര മനുഷ്യന്മാര്‍ മരിച്ചുവീണു
എത്രയെത്ര പ്രതീക്ഷകള്‍ അടര്‍ന്നുവീണു
സ്‌നേഹിതരേ, സ്‌നേഹിതരേ
സ്ഥിതി സമത്വമിപ്പോഴുമൊരു
മധുര വാഗ്ദാനം… (ചിത്രം: അവള്‍ അല്‍പം വൈകിപ്പോയി- 1971)
താപസപ്രതിഭകളില്‍നിന്നും ഉത്ഭൂതമായ ഉപനിഷദ് ദര്‍ശനങ്ങളില്‍ അഭിമാനം കൊള്ളുന്ന വയലാര്‍ അവയൊക്കെ മാനവശക്തിയുടെ ധൈഷണികമായ പ്രഭാവമായി വാഴ്‌ത്തുന്നുണ്ട്. മനുഷ്യത്വത്തിന്റെ പൂര്‍ണതയാണ് ഋഷിത്വം എന്ന് കവി തിരിച്ചറിയുന്നു.
”-കാലത്തിന്‍ കൈനഖകലപതിയാത്തൊരു
കവിതയുണ്ടോ വിശ്വകവിതയുണ്ടോ?
മനുഷ്യന്റെ സങ്കല്‍പ ഗന്ധമില്ലാത്തൊരു
മന്ത്രമുണ്ടോ വേദമന്ത്രമുണ്ടോ,
യുഗസംക്രമങ്ങള്‍ തന്‍ ദാഹങ്ങളില്ലെങ്കില്‍
ഉപനിഷല്‍സൂക്തമുണ്ടോ?
(ചിത്രം: ഭൂമിദേവി പുഷ്പിണിയായി-1974)
വാഴ്‌വേമായം (1970) എന്ന ചിത്രത്തിലെ ഈ യുഗം കലിയുഗം… എന്നു തുടങ്ങുന്ന ഗാനത്തില്‍ മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തുന്ന ദര്‍ശനമുണ്ട്.
”..മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോള്‍
മനസ്സില്‍ ദൈവം ജനിക്കുന്നു.
മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍
മനസ്സില്‍ ദൈവം മരിക്കുന്നു…”
വൈരവും സ്പര്‍ദ്ധയും വെടിഞ്ഞ് പരസ്പരം സ്‌നേഹിക്കുന്ന, മാനവസങ്കല്‍പ്പങ്ങളുടെ നന്മനിറഞ്ഞ ഭാവനകളാണ് വയലാര്‍ കവിതകളിലെ കയ്യൊപ്പ്. ഈ യുഗം കലിയുഗം ഇവിടെ എല്ലാം പൊയ്മുഖം എന്ന ആശയത്തിന്റെ തുടര്‍ച്ചയായി പൊയ്മുഖങ്ങള്‍ വലിച്ചെറിയാന്‍ ചെയ്യുന്ന ആഹ്വാനവുമുണ്ട്.
”…സത്യം മയക്കുമരുന്നിന്റെ ചിറകില്‍
സ്വര്‍ഗത്തു പറക്കുമീ നാട്ടില്‍
ഇല്ലാത്ത സ്വര്‍ഗത്തു പറക്കുമീ നാട്ടില്‍
സ്വപ്‌നം മരിക്കുമീ നാട്ടില്‍
സ്വര്‍ഗസ്വരൂപിയാം ശാസ്ത്രം നിര്‍മിക്കും
അഗ്നികുണ്ഡങ്ങള്‍ക്കുള്ളില്‍
മനുഷ്യാ… ഹേ… മനുഷ്യാ…
വലിച്ചെറിയൂ നിന്റെ മുഖംമൂടി…” (തൊട്ടാവാടി 1973)
മനുഷ്യസ്‌നേഹം പോലെ സമഷ്ടി സ്‌നേഹവും വയലാറിന്റെ കവിതയെ ജീവിതഗന്ധിയാക്കുന്നു. ഗോവധത്തിന്റെ ഹീനതയെ ചിത്രീകരിക്കുന്ന കവി മനുഷ്യനു തുല്യമായ സ്ഥാനം ഇതര ജീവികള്‍ക്കും നല്‍കുന്നുണ്ട്.
”…തെല്ലകലത്തായ് കശാപ്പുകടയുടെ-
യുള്ളി, ലൊഴിഞ്ഞൊരു കോണില്‍
കാച്ചിമിനുക്കിയ കത്തിയുമായൊരു
രാക്ഷസന്‍ ചീറിയണഞ്ഞു
കാലുകള്‍ കെട്ടിവരിഞ്ഞൊരു പൊന്നു പൂ-
വാലിപ്പശുവുമുണ്ടവിടെ
കണ്ണീരൊലിപ്പിച്ചുറക്കെ കരഞ്ഞതു
മണ്ണില്‍ക്കിടന്നു പിടക്കേ
ദീനയായ് പ്രാണനു കൊഞ്ചുമാ ജന്തുവിന്‍
താണ കഴുത്തയാള്‍ വെട്ടി
ഉച്ചത്തിലുഗ്രമായൊന്നലറിപ്പിട-
ഞ്ഞുള്‍ക്കട വേദനയാലെ
ആ മധുരോദാരശാന്ത മനോഹര-
മായ ശിരസ്സ് തെറിച്ചു!
ചീറ്റി കുഴലില്‍നിന്ന് എന്നപോല്‍ ചോര, യാ
നാറ്റമെന്‍ ചുണ്ടിലിപ്പോള്‍!
ഞെട്ടുകയല്ല ഞാന്‍ ചെയ്തത-ന്നെള്‍കരള്‍
പൊട്ടിയിരിക്കണം താനേ (ഒരു തുള്ളി രക്തം)
ഈ കവിത ഇക്കാലത്ത് എഴുതപ്പെട്ടിരുന്നെങ്കില്‍ വയലാര്‍ ഹിന്ദുത്വവാദിയായി മുദ്രകുത്തപ്പെടുമായിരുന്നു.
വയലാറിന്റെ മാനവ സ്‌നേഹത്തിന്റെ മറ്റൊരു ഗാഥയാണ് ‘ഗാന്ധി സ്മാരകം’ എന്ന കവിത. ഗാന്ധിജിയുടെ ജീവിത സന്ദേശങ്ങളില്‍ നിന്നകന്ന് മഹാത്മാവിന്റെ പ്രതിമകള്‍ ആഘോഷമാക്കുന്ന രാഷ്‌ട്രീയ മുതലെടുപ്പുകളെ വിമര്‍ശിച്ചുകൊണ്ട് മനുഷ്യസ്‌നേഹത്തിന്റെ പുതിയ ലോകം സൃഷ്ടിക്കുവാന്‍ വയലാര്‍ ആഹ്വാനം ചെയ്യുന്നു.
”…വേണ്ട സോദര ദുരേയ്‌ക്കെറിയുക
നീണ്ട ഗാന്ധിജി സ്മാരകലിസ്റ്റുകള്‍
ചോരയാറുകള്‍ സൃഷ്ടിക്കയാണതാ
സോദരര്‍ തന്‍ കെടുമതപ്പോരുകള്‍
നാമവിടേക്കു ചെല്ലുക, ജീവിത
പ്രേമസന്ദേശവാഹകരായിനി
ഒത്തുചേര്‍ന്ന് നമുക്കു സൃഷ്ടിക്കണം
മര്‍ത്ത്യതയുടെ മംഗളസ്മാരകം
വര്‍ഗ വര്‍ണരഹിതമാം ജീവിത-
സ്വര്‍ഗം ആ മഹാത്മാവിന്റെ പേരിലായ്!
മുന്നിലേക്കൊന്നിറങ്ങുക സോദരാ
സുന്ദരമായൊരു ലോകത്തിനായ്
എങ്കില്‍ മാത്രമേ ഗാന്ധിജി സ്മാരക
മംഗള മഹത്കര്‍മ്മം ശരിപ്പെടൂ. (ഗാന്ധി സ്മാരകം)
തമസാ നദീതീരത്ത് ക്രൗഞ്ചപ്പക്ഷികളൊന്നിനെ എയ്തുവീഴ്‌ത്തിയ ഹിംസയ്‌ക്കെതിരെ ആദികവിയുടെ ചുണ്ടില്‍നിന്നുയര്‍ന്ന ‘മാനിഷാദ’ എന്ന ശ്ലോകത്തിലെ ആര്‍ദ്രമായ ഭൂതദയയാണ് തന്റെ കാവ്യസംസ്‌കൃതിയെന്ന് വയലാര്‍ കുറിക്കുന്നു.
”…മാനിഷാദകള്‍ എത്ര മാനിഷാദകള്‍ പൊങ്ങി
മാനവ സ്‌നേഹത്തിന്റെ മണിനാവുകള്‍ തോറും
ഞാനുമാശബ്ദമാണേറ്റു പാടുന്നത്
എന്‍ ഗാനങ്ങളിലുണ്ടതിന്‍ ചിലമ്പൊലി
പിന്നിട്ടുപോയ യുഗങ്ങളില്‍നിന്ന്
അതിന്‍ ധന്യസന്ദേശം ഗ്രഹിപ്പൂഞാനന്വഹം”
(മാനിഷാദ)
”ലോകാ സമസ്താ സുഖിനോ ഭവന്തു
സര്‍വേ സന്തു സുഖിനഃ സര്‍വേ സന്തു നിരാമയഃ”
എന്നിങ്ങനെയുള്ള ആര്‍ഷസന്ദേശങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടാണ് വയലാര്‍ ഈ ഭാര്‍ഗവ ക്ഷേത്രത്തില്‍ തന്റെ സാഹിതീക്ഷേത്രം തീര്‍ത്തത്. സമസ്ത ചരാചരങ്ങളുടെയും ശ്രേയസ്സിനു വേണ്ടി നിലകൊള്ളുന്ന ആര്‍ഷസംസ്‌കൃതിയുടെ വിശ്വദര്‍ശനം തന്നെ വയലാറിന്റെ കാവ്യദര്‍ശനവും. ഹൈന്ദവ മാനവികതയുടെ സാമഗീതികളാണ് ആ മനുഷ്യ കഥാനുഗാനങ്ങള്‍.
”…സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും…”
(മാനിഷാദ)
അടുത്തത്: നാദം നവോത്ഥാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: