ബെംഗളൂരു:സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന് (കെഎംഎഫ്) പാല് വില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. സര്‍ക്കാരിന്റെ ധനസഹായം ലഭ്യമല്ലാത്തതും കര്‍ഷകരുടെ നിരന്തര സമ്മര്‍ദ്ദവും മൂലവുമാണ് വില വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നത്. ലിറ്ററിന് അഞ്ചുരൂപ വര്‍ദ്ധിപ്പിക്കാനാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇത് നന്ദിനിയുടേത് അടക്കമുള്ള പാല്‍വില്‍പ്പനയുടെ അടിത്തറ തോണ്ടുമെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്.
അടുത്ത വര്‍ഷം ജനുവരിയോടെ വര്‍ധിപ്പിക്കാനാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന് (കെഎംഎഫ്) സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ഈ വര്‍ഷം ജൂലൈയിലാണ് അവസാനമായി നന്ദിനി ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നത്. ജൂലൈയില്‍ നന്ദിനിഉത്പന്നങ്ങളുടെ വില മൂന്ന് രൂപ വര്‍ധിപ്പിച്ചിരുന്നു. വര്‍ധന സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് പറഞ്ഞു.
കര്‍ണാടക മില്‍ക്ക് ഫെഡറേഷന് (കെഎംഎഫ്) ഉദ്യോഗസ്ഥരുമായും പ്രതിനിധികളുമായും കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള
പാല് ഉല്‍പ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ണാടകയില്‍ നന്ദിനി പാലിന്റെ വില കുറവാണ്.
കെഎംഎഫ് ഇക്കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും നഷ്ടം ചൂണ്ടിക്കാട്ടി വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രിപറഞ്ഞു. ഈ വിഷയം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി തിങ്കളാഴ്ച ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: