ദീപക്കാഴ്ചകളാല്‍ അകവും പുറവും ഒരു പോലെ പ്രകാശപൂരിതമാകുന്ന ഉത്സവമാണ് ദീപാവലി. ഭാരതവര്‍ഷത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ ജനങ്ങളും ഈ സന്തോഷാവസരത്തെ വര്‍ണ്ണാഭമായി തന്നെ കൊണ്ടാടുന്നു. ദീപക്കാഴ്ചകളുടെ മാസ്മരികതയില്‍ അക്ഷികളറിയാതെ ലയിച്ചുപോകുന്നു. ജനങ്ങള്‍ പരസ്പരം സ്നേഹോപഹാരങ്ങള്‍ കൈമാറിയും മധുരപലഹാരങ്ങള്‍ പങ്കു വച്ചും ദീപാവലിയെ ആഘോഷപൂര്‍ണ്ണമാക്കുന്നു.
എല്ലാ ആഘോഷങ്ങളുടെ പിറകിലും ഒരു ഐതിഹ്യമുള്ളതു പോലെ ദീപാവലിക്കും ഒരു ഐതിഹ്യമുണ്ട്.
ശ്രീകൃഷ്ണഭഗവാനുമായി ബന്ധപ്പെട്ടതാണത്. പണ്ട് പ്രാഗ്ജ്യോതിഷം എന്ന രാജ്യത്ത് അതിക്രൂരനും ദേവവിരോധിയുമായ അസുരരാജാവ്, നരകാസുരന് വാണിരുന്നു. അവന്റെ ദുഷ്പ്രവൃത്തികള്‍ കൊണ്ട് പൊറുതി മുട്ടിയ ദേവന്മാര് ശ്രീകൃഷ്ണ ഭഗവാന്റെ അടുത്തു വന്ന് സങ്കടം ബോധിപ്പിക്കുന്നു. അതു കേട്ട ഭഗവാന് ശാന്തിയും സമാധാനവും പുനസ്ഥാപിക്കാന്‍ പത്നീസമേതം നരകാസുരന്റെ വാസസ്ഥാനത്തു ചെന്ന് അവനെ വധിക്കുന്നു. നരകാസുരന് വാസ്തവത്തില്‍ ഭൂമീദേവിയില്‍ വിഷ്ണുഭഗവാന്റെ അവതാരമായ വരാഹമൂര്‍ത്തിക്ക് ജനിച്ച പുത്രനാണ്.
ആദിദൈത്യനായ ഹിരണ്യാക്ഷന്, യുദ്ധംചെയ്യാനുള്ള ത്വരയോടെ തനിക്കു തുല്യനായി ആരെങ്കിലുമുണ്ടോയന്നന്വേഷിച്ച് സമുദ്രദേവന്റെ അടുത്തു ചെന്നു. തനിക്കിപ്പോള്‍ യുദ്ധകൗതുകമില്ലെന്നു പറഞ്ഞ് വരുണന് ഒഴിഞ്ഞു മാറി. ശക്തനായൊരു പ്രതിയോഗിയെ തനിക്കാവശ്യമുണ്ടെന്ന അസുരന്റെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍ കേട്ട്, നിനക്കൊത്തവന് ശ്രീഹരി മാത്രമാണെന്നും അങ്ങോട്ട് പോകുവാനും വരുണദേവന് അവനെ പ്രോത്സാഹിപ്പിച്ചു. ഭൂമിയെ ജലത്തില്‍ താഴ്ത്തി അസുരന്, രസാതലത്തില്‍ ശ്രീഹരിയുടെ അടുത്തു ചെന്ന് ആയുധമുയര്‍ത്തുന്നു. വരാഹരൂപത്തില്‍ ഭഗവാനെ കണ്ട് പരിഹസിക്കുകയും ചെയ്യുന്നു. ഭഗവാന് സ്വശക്തിയാല്‍ ഭൂമിയെ രസാതലത്തില്‍ ഉറപ്പിച്ച് ദൈത്യനെ വധിക്കുന്നു. ക്രോധാകാരത്തിലുള്ള വരാഹമൂര്‍ത്തിയുടെ സ്പര്‍ശം കൊണ്ട് ഭൂമീദേവിക്കൊരു മകന് പിറക്കുന്നു. അതൊരു അസുരജന്മമായിരുന്നു. അവന് ജനിച്ചയുടനെ ഒരു മനുഷ്യനെ വിഴുങ്ങിയതു കണ്ട് നരകാസുരന് എന്ന് വിളിക്കപ്പെട്ടു.
നരകാസുരന്റെ അന്ത്യം
നരകാസുരന് ബ്രഹ്മാവിനെ തപസ്സുചെയ്ത്, സ്വന്തം മാതാവിനാല്ലാതെ തനിക്ക് മരണം സംഭവിക്കാന്‍ പാടില്ലായെന്ന വരംനേടുന്നു. എന്തൊക്കെ ബുദ്ധിമുട്ടുകള്‍ മക്കളെക്കൊണ്ട് നേരിടേണ്ടിവന്നാലും അമ്മമാര്‍ അവരെ നെഞ്ചോടുചേര്ത്തുപിടിക്കുകയാണു പതിവ് . അപ്പോള്‍ പിന്നെ മക്കളെ വധിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും അവര്‍ക്കു കഴിയുകയില്ലല്ലോ. വരലബ്ധിക്കു ശേഷം, അസുരന് അമ്മയുടെ തണലില്‍ സുഖിച്ചു വാണു.
തന്റെ സുഹൃത്തായ മുരാസുരനുമായി സദാ ദ്രോഹപ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. തന്റെ ആസുരീയ ശക്തികൊണ്ട് ദൈത്യന് സമസ്ത ലോകത്തേയും ഉപദ്രവിച്ചുകൊണ്ടിരുന്നു. ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും, വരുണന്റെ ഛത്രവും, മഹാമേരുപര്‍വതത്തിന്റെ മണിമകുടവും നരകാസുരന് അപഹരിക്കുന്നു. മറ്റു രാജ്യങ്ങളെ ആക്രമിച്ച് അവിടെനിന്നെല്ലാം പതിനാറായിരത്തോളം രാജകുമാരികളെ പിടിച്ചു കൊണ്ടുവന്ന് തന്റെ കൊട്ടാരത്തില്‍ തടവില്‍ പാര്‍പ്പിച്ചു. സ്ത്രീകളോടുപോലും കരുണ കാണിക്കാത്ത നരകാസുരനോട് ഏറ്റുമുട്ടാന്‍ ആര്‍ക്കും കെല്പ്പില്ലായിരുന്നു. ഒടുവില്‍ ദേവേന്ദ്രന് ശ്രീകൃഷ്ണനെ ശരണം പ്രാപിക്കുന്നു.
കാലം എല്ലാത്തിനും ഒരുത്തരം കാത്തു വച്ചിട്ടുണ്ടല്ലൊ. ഭൂമിദേവിയുടെ അവതാരമായ സത്യഭാമയോടൊപ്പം ഭഗവാന് പ്രാഗ്ജ്യോതിഷത്തില്‍ ചെന്ന്, കനത്ത സുരക്ഷയില്‍ സംരക്ഷിച്ചിരുന്ന അസുരന്റെ നഗരം നശിപ്പിക്കുന്നു. ഭഗവാനോട് ഏറ്റുമുട്ടാനെത്തിയ മുരാസുരനെ വധിച്ചപ്പോള്‍ നരകാസുരന്, കൃഷ്ണന്റെ നേരെ കോപിഷ്ഠനായടുത്തു. യുദ്ധത്തിനിടയില്‍ ഭാഗവാന് ക്ഷീണം വന്നതുകണ്ട് സത്യഭാമ, ഭര്‍ത്താവിന്റെ കയ്യിലെ ആയുധം വാങ്ങി യുദ്ധം തുടരുകയും നരകാസുരനെ വധിക്കുകയും ചെയ്തു. മരണസമയത്ത് ശ്രീകൃഷ്ണനും സത്യഭാമായും തന്റെ മാതാപിതാക്കളാണെന്ന സത്യം മനസ്സിലാക്കി നരകാസുരന് അവരോട് ഒരു വരം ആവശ്യപ്പെടുന്നു. തന്റെ ദുഷ് പ്രവൃത്തികളോര്ക്കാതെ ഈദിനം, സന്തോഷത്തോടെ ഒരാഘോഷമായി എല്ലാവരും കൊണ്ടാടണമെന്ന അസുരന്റെ ആഗ്രഹം ഭഗവാന് കനിഞ്ഞു നല്കി. ചതുര്‍ദ്ദശി തിഥിയില്‍ അസുരന് കൊല്ലപ്പെട്ടതുകൊണ്ട് ഈ ദിനം നരകചതുര്‍ദ്ദശി എന്നറിയപ്പെടുന്നു.
ദീപക്കാഴ്ചകളോടെ…
രക്തം പുരണ്ടശരീരം ശുദ്ധി ചെയ്യുവാന്‍ യുദ്ധാനന്തരം ശ്രീകൃഷ്ണനും സത്യഭാമയും തൈലാദികള്‍ തേച്ചു സ്നാനം ചെയ്തു. ഭൂമീദേവിയുടെ ആഗ്രഹമറിഞ്ഞ് ശ്രീകൃഷ്ണന് നരകാസുരന്റെ മകന്, ഭഗദത്തനെ പ്രാഗ്ജ്യോതിഷത്തിലെ രാജാവായി വാഴിക്കുകയും, നരകാസുരന് തടവിലാക്കിയിരുന്ന രാജകന്യകമാരെയെല്ലാം മോചിപ്പിച്ച് സംരക്ഷിക്കുകയും ചെയ്തു. നരകാസുരന് പിടിച്ചെടുത്ത വസ്തുക്കളെല്ലാം അതിന്റെ ഉടമസ്ഥര്‍ക്കു തന്നെ ശ്രീകൃഷ്ണന് വീണ്ടെടുത്തു നല്‍കുകയും ചെയ്തു.
അസുരവധത്തോടെ മൂലോകങ്ങളിലേയും ഘനാന്ധകാരംനീങ്ങിയപ്പോള്, ദേവമാനുഷജാതികള് ആനന്ദത്തിലാറടി. സന്തോഷത്താല്‍ ജനങ്ങള്‍ ദീപങ്ങള്‍ ജ്വലിപ്പിച്ചു, പുരം പ്രഭാപൂര്‍ണ്ണമാക്കി. ആ ഓര്‍മ്മയ്ക്കായി ഇന്നും ദീപാവലി ആഘോഷം ദീപക്കാഴ്ചകളോടെ, ആനന്ദത്തോടെ കൊണ്ടാടുന്നു.
ചതുര്ദ്ദശിപ്പിറ്റേന്ന്, കറുത്ത വാവിന് സമുദ്രങ്ങളില്‍ ഗംഗാദേവിയുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നതിനാല്‍ ഈ ദിവസം സാഗരതീരത്തു പിതൃബലി അര്‍പ്പിക്കുന്നത് അതീവ പുണ്യമായി കരുതുന്നു.
ലിംഗസമത്വത്തിന്റെ സന്ദേശം
നരകാസുരനെ വധിച്ചശേഷംശ്രീകൃഷ്ണ ഭാഗവാനും, പത്നി സത്യഭാമയും തൈലാദികള്‍ തേച്ചു സ്നാനം ചെയ്തതിനാല്‍ ദീപാവലി ദിവസം അതിരാവിലെ ശിരസ്സില്‍ എണ്ണതേച്ചു കുളിക്കുന്നത് ഒരാചാരമായിമാറി. ഇന്നും ജനങ്ങള്‍ നിഷ്ഠയോടെ ഈ ആചാരം നിര്‍വഹിക്കുന്നു . ഈ ദിവസം എണ്ണതേച്ച് ചൂടു വെള്ളത്തില്‍ സ്നാനം ചെയ്യുന്നത് ഉത്തമമാണ്. അമ്മമാര്‍ മക്കളുടെ ശിരസ്സില്‍ എണ്ണതേപ്പിച്ചു കൊടുക്കുന്ന പതിവുമുണ്ട്. മാതാവും മക്കളും തമ്മിലുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്ന ഊഷ്മളമായൊരവസരം കൂടിയാണ് ദീപാവലി. കൃഷ്ണനോടൊപ്പം യുദ്ധത്തില്‍ സത്യഭാമയും പങ്കുചേര്‍ന്നതുകൊണ്ട് പുരുഷനോടൊപ്പം ഏതു രംഗത്തും സ്ത്രീക്കും സ്ഥാനമുണ്ടെന്ന,ലിംഗസമത്വത്തിന്റെ സന്ദേശം കൂടി ദീപാവലി നല്‍കുകയാണ്. തിന്മയുടെ മേല്‍ നന്മയ്ക്കു ജയം നേടാനാകുമെന്നും, അജ്ഞാനത്തെ ജ്ഞാനം കൊണ്ട് മറികടക്കാന്‍ സാധിക്കുമെന്നും, പ്രകാശത്താല്‍ തമസ്സിനെ അകറ്റുവാന്‍ പ്രയാസമില്ലെന്നുമുള്ള മഹത്തായ പല സന്ദേശങ്ങളും ദീപാവലി നമുക്കേകുന്നു.അത്യാചാരത്തിലൂടെയും നീചമാര്‍ഗ്ഗത്തിലൂടെയും നേടുന്ന ഐശ്വര്യാദികള്ക്ക് നിലനില്പ്പില്ലായെന്ന് അസുരകഥകള്‍ നമ്മെ പഠിപ്പിക്കുന്നു.
സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും പാദയിലൂടെ സഞ്ചരിക്കുന്നവരുടെ ജീവിതം പ്രകാശപൂര്ണ്ണമായിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: