രംഗഹരിജിയെ (ഹരിയേട്ടനെ) സ്മരിക്കുമ്പോള്‍ എന്റെ കൗമാര കാലത്തെ സ്വയംസേവകത്വം ഞാന്‍ ഓര്‍ത്തു. അന്ന് അദ്ദേഹം കാര്യവാഹായിരുന്നു. ഇന്നത്തെ മഹാനഗരത്തിലെ പശ്ചിമകൊച്ചിയുടെ പ്രധാന പ്രദേശമായ മട്ടാഞ്ചേരിയെയായിരുന്നു ലോകം കൊച്ചിയെന്ന് അറിഞ്ഞിരുന്നത്.
ഇന്നത്തെ ഗോവയെ ഭരിച്ചിരുന്ന കാലയളവില്‍ ഹിന്ദുക്കളെ തങ്ങളുടെ മതത്തിലേക്ക് നിര്‍ബന്ധത്തോടെ ചേര്‍ക്കുവാന്‍ പ്രയത്നിച്ച പോര്‍ട്ടുഗീസ് ഭരണാധികാരിയറിയാതെ അന്നത്തെ ലഭ്യമായ ജലവാഹനങ്ങളില്‍ ഇന്നത്തെ കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും പ്രധാന തുറമുഖങ്ങളായിരുന്ന മംഗലാപുരം, കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, കൊടുങ്ങല്ലൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം എന്നീ തുറമുഖ പ്രദേശങ്ങളിലെ കൊങ്കണി ഭാഷക്കാരായ ഹിന്ദുക്കള്‍ താമസമാരംഭിച്ചു. അവിടങ്ങളില്‍ സ്വന്തം വീടുകള്‍ നിര്‍മിക്കുകയും, ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും വ്യാപാര ജീവിതം ആരംഭിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി എറണാകുളം നഗരത്തില്‍ സസന്തോഷം ജീവിതം തുടര്‍ന്നുപോന്നവരുടെ പിന്‍തലമുറക്കാരിലെ ഒരുവനായി ജനിച്ചവനായിരുന്നു നമ്മുടെ ഹരിയേട്ടനെന്ന, ആര്. ഹരി ശേണായി.
ഞാന്‍ ജനിച്ചത് മട്ടാഞ്ചേരിയിലെ ചെറളായി പ്രദേശത്തെ കുടുംബത്തില്‍ 1944 ല്‍ ആയിരുന്നു. എന്റെ കുടുംബവീടിന്റെ അയല്‍വീട്ടുകാരായിരുന്ന മാന്യ സ്ത്രീയായിരുന്നു മാനനീയ ഹരിയേട്ടന്റെ പിതാവിന്റെ സഹോദരി. അക്കാലത്ത് ഹരിയേട്ടന് ആ മാന്യയെ കാണാന്‍ അവിടെയെത്തിയ ആദ്യകാലത്ത് ഞാന്‍ ബാല്യകാലത്തിലും പിന്നീട് കൗമാരപ്രായത്തിലുമായിരുന്നു. ഹരിയേട്ടന് ആ മാന്യയെ ‘അക്കാ’ എന്നാണ് സംബോധന ചെയ്തിരുന്നത്. കൗമാരപ്രായത്തിലെത്തിയശേഷം ഞാന്‍ കൊച്ചി ചെറളായി സംഘശാഖയിലെ സ്വയംസേവകനായ ശേഷമാണ്, ഹരിയേട്ടന് സംഘത്തിന്റെ പ്രചാരകനാണെന്ന് ഞാന്‍ അറിഞ്ഞത്. എന്റെ ബാല്യകാലത്ത് അദ്ദേഹത്തെ കണ്ടിരുന്ന സ്മരണ അന്നദ്ദേഹത്തെ അറിയിച്ചപ്പോള്‍ ഹരിയേട്ടന് സ്നേഹപൂര്‍വം എന്നെ തലോടിയത് ഞാന്‍ സ്മരിക്കുന്നു.
ഞാന്‍ 1959-60 കാലഘട്ടത്തിലെ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലും, 1961-64 ല്‍ ബികോം പഠിച്ചിരുന്ന കാലഘട്ടത്തിലും ഒരു ചെറിയ ഹോട്ടല്‍ നടത്തിയിരുന്ന എന്റെ അച്ഛന്റെ നിര്‍ബന്ധത്താല്‍ ഞാന്‍ സംഘശാഖയുമായുള്ള ബന്ധം ഒഴിവാക്കിയിരുന്നു. 1964 ആഗസ്റ്റില്‍ ബികോം ഡിഗ്രിയുമായി മട്ടാഞ്ചേരിയിലെ യുണൈറ്റഡ് കമേര്‍ഷ്യല്‍ (ഇന്നത്തെ യൂക്കോ)ബാങ്കില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചശേഷമാണ് ഞാന്‍ വീണ്ടും സംഘ സ്വയംസേവകനായി തുടര്‍ന്നത്. ഇതിനു കാരണക്കാരന്‍ ആ ശാഖയില്‍ സ്റ്റെനോഗ്രാഫറായി സേവനം ചെയ്തുവന്നിരുന്ന പി.ടി.റാവു (പി. ത്രിവിക്രമ റാവുജി) ആയിരുന്നു. അദ്ദേഹം അന്ന് സ്വയംസേവകനായിരുന്നു. എന്റെ ഭൂതകാലം അറിഞ്ഞ് എന്നെ അദ്ദേഹം സംഘത്തിലേക്ക് വീണ്ടുമെത്തിച്ചു. അങ്ങനെ ഞാനും ഭാരതീയ മസ്ദൂര്‍ സംഘ അംഗമായി മാറി.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍, സംഘസ്വയംസേവകരെ ജയിലിലടയ്ക്കുകയും, അവരുടെ ജീവിതവരുമാനം ഇല്ലാതാക്കുകയും ചെയ്ത കാലഘട്ടത്തില്‍, സാമ്പത്തിക കഷ്ടത അനുഭവിക്കുന്ന അവരുടെ കുടുംബാംഗങ്ങളെ ധനപരമായി സഹായിക്കാന്‍ മാനനീയ ഹരിയേട്ടനും മറ്റു പ്രചാരകരും പരിശ്രമിച്ച് ധനസമ്പാദനം നടത്തി. അയിയന്തരാവസ്ഥ പിന്‍വലിച്ചശേഷം ബാക്കിയുണ്ടായിരുന്ന ധനനിധി വിനിയോഗിച്ച്, മാനനീയ ഹരിയേട്ടന് നേതൃത്വം നല്കി സാമൂഹ്യസേവാ കേന്ദ്രം എന്ന സ്ഥാപനം 1978 ല്‍ ആരംഭിച്ചു. പി.ടി.റാവുജിയെ ആ സ്ഥാപനത്തിന്റെ കാര്യദര്‍ശിയാക്കുകയും ചെയ്തു. ധനപരമായി പിന്നാക്കമുള്ള കേരളീയരുടെ മക്കളുടെ പഠനത്തിന്, യൗവ്വനം കടന്ന യുവതികളുടെ വിവാഹത്തിന്, പ്രായഭേദമെന്യേ രോഗികള്‍ക്ക് ചികിത്സാ ചെലവിന് എന്നിവയ്ക്കായി സാമൂഹ്യ സേവാ കേന്ദ്രം ആവശ്യാനുസാരം ധനസഹായമെത്തിക്കാന്‍ ആരംഭിച്ചു. 2001 വരെ ബാങ്കില്‍ സേവനം തുടര്‍ന്ന്, 2001 ല്‍ സേവനനിവൃത്തനായ പി.ടി. റാവുജി 2002 ല്‍ സാമൂഹ്യസേവാ കേരളത്തിന്റെ കാര്യദര്‍ശിയാക്കാനുള്ള തീരുമാനം എടുപ്പിച്ചു. അങ്ങനെ മാനനീയ ഹരിയേട്ടനുമായുള്ള എന്റെ സൗഹൃദം ഏറെ അടുക്കുവാന്‍ ആരംഭിച്ചു. ദുബായിയിലും അബുദാബിയിലും ജോലിയിലുള്ള സ്വയംസേവകരായ അവിടത്തെ ധാരാളം സുമനസ്സുകള്‍ സാമൂഹ്യ സേവാകേന്ദ്ര സേവന പ്രവര്‍ത്തനത്തിനായി ധാരാളം ധനം നല്കി സഹായിച്ചു.
എനിക്ക് അമൃത ആശുപത്രിയില്‍ 2012 ജൂണില്‍ പേയ്സ്മേക്കര്‍ ഘടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തേണ്ടിവന്നു. അന്ന് ആശുപത്രിയില്‍ പി.ടി. റാവുജിയുടെ കൂടെയെത്തി മാനനീയ ഹരിയേട്ടന് എന്നെ ആശ്വസിപ്പിച്ച സംഭവം ഞാനിന്നും സ്മരിക്കുന്നു. കാര്യദര്‍ശിയുടെ ചുമതല നിര്‍വഹിക്കുവാന്‍ കേരളത്തിലാകെ ധാരാളം യാത്രചെയ്യേണ്ടിയിരുന്ന എന്നെ കാര്യദര്‍ശിയായുള്ള സേവനത്തില്‍നിന്നും മാറ്റി ഖജാന്‍ജിയാക്കാന്‍ റാവുജിയോട് ഹരിയേട്ടന് നിര്‍ദ്ദേശിച്ചു. അങ്ങനെ 2013 മുതല്‍ 2016 വരെ ഞാന്‍ ഖജാന്‍ജിയായി സാമൂഹ്യസേവാകേന്ദ്രത്തിന്റെ സേവകനായി പ്രവര്‍ത്തിച്ചുപോന്നു. ആ കാലഘട്ടത്തില്‍ ഞാന്‍ പ്രാന്തകാര്യാലയത്തില്‍ ഹരിയേട്ടന് വസിച്ചിരുന്ന മുറിയില്‍ ചെന്ന് മാസത്തിലൊരിക്കലെങ്കിലും കാണുമായിരുന്നു. ആ വേളയില്‍ ഹരിയേട്ടന് ഇഷ്ടപ്പെട്ട ബേസിന് ലഡു ഞാന്‍ എത്തിച്ചു നല്‍കിയിരുന്നു. ഒരു സ്വയംസേവക കുടുംബത്തില്‍ ജനിച്ച എന്റെ ഭാര്യയാണ് ഹരിയേട്ടന്റെ ഇഷ്ടമറിഞ്ഞ് ബേസിന് ലഡു ഉണ്ടാക്കിയിരുന്നത്. അക്കാലത്ത് ഹരിയേട്ടന് വസിച്ചിരുന്ന മുറിയുടെ അടുത്ത മുറിയില്‍ ആയിരുന്നു എം.എ. സാറെന്ന എന്റെ കൃഷ്ണേട്ടനും താമസിച്ചത്. ഞാന്‍ അദ്ദേഹത്തെ കണ്ട് നമിച്ചശേഷം യാത്ര പറഞ്ഞ് മടങ്ങുമായിരുന്നു. ഇക്കാര്യങ്ങളൊക്കെ ഞാനിന്നും സ്മരിക്കുന്നു.
2016 ല്‍ അമൃത ആശുപത്രിയിലെ എന്റെ രോഗംചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എന്റെ വീടിനു പുറത്തേക്കുള്ള യാത്ര കുറയ്ക്കേണ്ടിവന്നു. അങ്ങനെ മാനനീയ ഹരിയേട്ടനെ നേരിട്ടു ചെന്നു കാണാന്‍ സാധിക്കാതായി. 2020 ല്‍ കൊറോണ രോഗം കേരളത്തിലും വ്യാപകമായതോടെ ഞാനും ഭാര്യ പദ്മിനി മാതുമായി താമസിച്ചിരുന്ന എറണാകുളത്തെ സ്വന്തം വീട്ടില്‍നിന്നും എന്റെ മകള്‍ ദീപാ സതീശും മരുമകന് സതീശും താമസിക്കുന്ന തൃപ്പൂണിത്തുറയിലെ അവരുടെ സ്വന്തം വീട്ടിലേക്ക് ഞങ്ങള്‍ മാറി. ഇക്കാരണത്താല്‍ മാനനീയ ഹരിയേട്ടനെ നേരിട്ടുകണ്ട് സംസാരിക്കുവാന്‍ എനിക്കു കഴിയാതെ വന്നു. ഫോണിലൂടെ അദ്ദേഹവുമായി ഞാന്‍ ബന്ധം നിലനിര്‍ത്തിപോന്നിരുന്നു.
പേയ്സ്മേക്കറിന്റെ പ്രവര്‍ത്തന കാലഘട്ടം ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം പൂര്‍ത്തിയാകുമെന്നറിയിച്ച ഡോക്ടറുടെ ഉപദേശപ്രകാരം ആഗസ്റ്റ് 5 ന് പഴയ പേയ്സ്മേക്കര്‍ മാറ്റി പുതിയത് ഘടിപ്പിക്കുന്ന ശസ്ത്രക്രിയ വിജയപൂര്‍വം നടന്നു. ഈ സംഭവത്തില്‍ മാനനീയ ഹരിയേട്ടന് നമ്മെ വിട്ട് മോക്ഷപ്രാപ്തി പൂകിയ വേളയില്‍ അദ്ദേഹത്തിന്റെ ബൗദ്ധിക ശരീരത്തെ കാണുവാന്‍ എനിക്കു സാധിച്ചില്ലല്ലോയെന്ന മനോദുഃഖം എന്റെ മനസ്സില്‍ നിലനില്ക്കുന്നു.
എന്റെ ജീവിതത്തിന്റെ യൗവ്വനകാലവും വാര്‍ധക്യത്തിന്റെ ആദ്യഭാഗവും സേവനത്തിനായി വിനിയോഗിക്കുവാന്‍ എനിക്ക് പ്രേരണ നല്‍കിയിരുന്ന മാനനീയ ഹരിയേട്ടനെ എന്നും രാവിലെ പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കവെ ഞാന്‍ സ്മരിക്കുന്നത് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: