ദല്‍ഹിയുടെ മാത്രമല്ല ഭാരതത്തിന്റെയാകെ മണ്ണ് മുഗള്‍-കൊളോണിയല്‍ പാളിയാല്‍ മറച്ചിരിക്കുകയാണെന്നും, ഈ മണ്ണിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ രാഷ്ട്രത്തിന്റെ കൂടുതല്‍ പഴക്കമേറിയ ചരിത്രം തെളിയുമെന്നുമുള്ള സൂചന കൂടിയാണ് ലഭിക്കുന്നത്. കാരണം ഇതുവരെ കണ്ടെത്തിയ ഖനനങ്ങളെല്ലാം ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടം മുഗള്‍-ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിന്നും തുടങ്ങുന്നുവെന്ന അടിസ്ഥാന വിശ്വാസ ശിലകളെയെല്ലാം പൊളിച്ചടുക്കുന്നതാണ്. ദല്‍ഹിയിലെ പുരാന കിലയുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
അധികാര സിംഹാസനത്തിലേറുവാന് അഖണ്ഡ ഭാരതത്തിലേക്കെത്തിയവരുടെ ദീര്‍ഘകാല ചരിത്രമാണ് ദല്‍ഹിക്ക് പറയുവാനുള്ളത്. ഇതിന്റെ ഭാഗമായി ഒട്ടനവധി യുദ്ധങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ഇന്നത്തെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി ചരിത്രസ്മാരകങ്ങളാല്‍ സമ്പന്നമായ ദല്‍ഹിയുടെ ചരിത്രം അതിന്റെ മണ്‍പാളികള്‍ ഇതുവരെ വെളിപ്പെടുത്തിയതിനേക്കാളേറെ പഴക്കമുള്ളതാണ്. നഗരത്തില്‍ സ്ഥിതിചെയ്യുന്ന പ്രധാന മുഗള്‍ അധിനിവേശ നിര്‍മ്മിതികളിലൊന്നായ പുരാന കിലയും അത്തരത്തിലുള്ളൊരു വെളിപ്പെടുത്തലിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ചരിത്ര സ്മാരകത്തില്‍ ഈ വര്‍ഷം ആദ്യം നടത്തിയ ഉത്ഖനനങ്ങളാണ് ഭാരതചരിത്രത്തിന്റെ സുവര്‍ണ കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന ചില അറിവുകള്‍ പുറംലോകത്തേക്കെത്തിച്ചത്.
ഇന്നത്തെ പുരാന കില നിലനില്‍ക്കുന്ന സ്ഥലവും മഹാഭാരത കാലഘട്ടവുമായി വളരെ അടുത്ത ബന്ധമുണ്ടെന്നുള്ള വാദം വളരെക്കാലം മുതല്‍ ഉയര്‍ന്നുകേട്ടിരുന്നു. സ്മാരകവും ഇതിഹാസത്തിലെ പാണ്ഡവരുടെ തലസ്ഥാന നഗരമായ ഇന്ദ്രപ്രസ്ഥവും തമ്മില്‍ ബന്ധമുണ്ടോയെന്നതായിരുന്നു ഉയര്‍ന്ന പ്രധാന ചോദ്യം. ഈ വാദമാണ് പ്രസ്തുത സ്ഥലത്തെ ഉത്ഖനനങ്ങളിലേക്ക് നയിച്ചത്.
മുഗള്‍ ഭരണാധികാരിയായ ഹുമയൂണും സൂരി വംശ ഭരണാധികാരി ഷേര്‍ഷാ സൂരിയും പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് തലസ്ഥാന നഗരിയിലെ ഏറ്റവും പഴക്കം ചെന്ന കോട്ടകളിലൊന്നായി അറിയപ്പെടുന്ന പുരാന കില അഥവാ പഴയ കോട്ട. പിതാവായ ബാബറിനു ശേഷം അധികാരത്തിലേറിയ ഹൂമയൂണ്‍ 1533-ല്‍ പണിയുകയും അഞ്ച് വര്‍ഷത്തിന് ശേഷം പൂര്‍ത്തീകരിക്കുകയും ചെയ്ത ‘ദിന് പന’ നഗരത്തിന്റെ അകത്തെ കോട്ടയായിരുന്നു ഇത്. സൂരി രാജവംശത്തിന്റെ സ്ഥാപകനായ ഷേര്‍ഷാ സൂരി 1540-ല്‍ ഹുമയൂണിനെ പരാജയപ്പെടുത്തി കോട്ടയ്ക്ക് ഷെര്‍ഗഡ് എന്ന് പേരിട്ടു.
സൂരിയുടെ ഈ അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് സമുച്ചയത്തോട് നിരവധി ഘടനകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. പുരാന കിലയും അതിന്റെ ചുറ്റുപാടുകളും ദല്‍ഹിയുടെ ആറാമത്തെ നഗരമെന്നാണ് ഈ കാലഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. വീണ്ടും ഹുമയൂണിന്റെ കൈകളിലെത്തിയ നഗരം 1556-ല്‍ നടന്ന ദല്‍ഹി യുദ്ധത്തില്‍ ഹിന്ദു രാജാവായ ഹേം ചന്ദ്ര വിക്രമാദിത്യ അന്നത്തെ മുഗള്‍ ഭരണാധികാരിയും ഹുമയൂണിന്റെ പിന്‍ഗാമിയുമായ അക്ബറിന്റെ സൈന്യത്തെ പരാജയപ്പെടുത്തി പുരാന കിലയും ചുറ്റുമുള്ള പ്രദേശങ്ങളും കീഴിലാക്കി. എന്നാല്‍ തൊട്ടടുത്ത മാസങ്ങളില്‍ അരങ്ങേറിയ രണ്ടാം പാനിപ്പത്ത് യുദ്ധത്തില്‍ അക്ബര്‍ ഹേംചന്ദ്രയെ പരാജയപ്പെടുത്തുകയും ദല്‍ഹി തിരിച്ചു പിടിക്കുകയും ചെയ്തു. അങ്ങനെ ആധുനിക കാലത്ത് പുരാന കില മുഗളരുടെ ഒരു അത്ഭുത നിര്മ്മിതിയാവുകയും, അതിന്റെ പുരാതന ചരിത്രം വിസ്മൃതിലാണ്ടുപോവുകയും ചെയ്തു.
മുഗളര്‍ക്കും എത്രയോ മുന്‍പ്
മഹാഭാരതവുമായി ബന്ധപ്പെട്ട ചരിത്ര വഴികളിലൂടെ സഞ്ചരിച്ചാല്‍ പുതുതായി ഈ പ്രദേശത്ത് നിര്‍മ്മിച്ച ഒരു മൂലനിര്മ്മിതിയല്ല പുരാന കിലയെന്ന് മനസ്സിലാക്കാനാവും. അതിനായി കുറെ വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിക്കേണ്ടതായിട്ടുണ്ട്.
ബി. സി ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ബുദ്ധമത ഗ്രന്ഥമായ ‘അംഗുട്ടാര നികയ’യില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം വേദകാലഘട്ടത്തിലുയര്ന്നുവന്ന 16 മഹാജനപദങ്ങളില്‍ നിന്നാണ് ഈ സ്ഥലത്തിന്റെ ചരിത്രപരമായ തുടക്കം. അതായത് മൗര്യ കാലഘട്ടത്തിന് മുന്‍പ് ഭാരതം കുരു, പാഞ്ചാല്‍, അംഗ തുടങ്ങിയ 16 മഹാജനപദങ്ങളായി വിഭജിക്കപ്പെട്ടിരുന്നുവെന്നും, ഈ മഹാജനപദങ്ങള്ക്ക് യഥാക്രമം പാണ്ഡവര്‍, ദ്രൗപതി, കര്ണന് എന്നിവരുമായി ബന്ധമുണ്ടായിരുന്നതായും വിശ്വസിക്കപ്പെടുന്നു. മഹാഭാരതത്തില്‍ വിവരിക്കുന്നത് പോലെ യമുന നദിയുടെ തീരത്ത് പാണ്ഡവരുടെ ഭരണത്തിന് കീഴിലുള്ള കുരു രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്ന പുരാതന ഇന്ദ്രപ്രസ്ഥം ഇന്നത്തെ പുരാന കില നിലനില്‍ക്കുന്ന സ്ഥലമാകാമെന്ന് കരുതപ്പെടുന്നു.
വനവും തരിശ് ഭൂമിയുമായിരുന്ന ഈ പ്രദേശം വാസ്തുശില്‍പ്പിയായ വിശ്വകര്‍മ ദേവന് ഒരു ഗംഭീര നഗരമാക്കി മാറ്റിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൊട്ടാരങ്ങള്‍, വിശാലമായ റോഡുകള്‍, സമൃദ്ധമായ പൂന്തോട്ടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയാല്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്ത സമ്പന്നമായൊരു നഗരമായിരുന്നു പാണ്ഡവരുടേത്. പുരാന കിലയും മഹാഭാരതവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് പുരാവസ്തു ഗവേഷകന് പദ്മശ്രീ കെ.കെ. മുഹമ്മദ് അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്:
”പുരാന കില നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്തിന്റെ ചരിത്രം മഹാഭാരത കാലഘട്ടത്തിലേതാണ്. ഇന്ദ്രപഥമെന്ന ഒരു പുരാതന നഗരം ഈ സ്ഥലത്ത് നിലനിന്നിരുന്നതായി പുരാതന ഭാരതീയ സാഹിത്യത്തില്‍ മാത്രമല്ല, പേര്‍ഷ്യന്‍ സാഹിത്യത്തില്‍ പോലും പരാമര്‍ശിക്കുന്നുണ്ട്. പാണ്ഡവര്‍ ആഗ്രഹിച്ച അഞ്ച് സ്ഥലങ്ങളില്‍ ഒന്നാണിത്.” ഈ അഭിപ്രായത്തെ ശരിവയ്ക്കുന്നതാണ് പതിനാറാം നൂറ്റാണ്ടിലെ ഇസ്ലാമിക എഴുത്തുകാരനായ അബുല്‍ ഫസല്‍ എഴുതിയ ഐന്‍-ഇ-അക്ബരിയെന്ന ഗ്രന്ഥത്തിലെ പരാമര്‍ശം. പാണ്ഡവരുടെ പുരാതന തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിന്റെ സ്ഥാനത്താണ് ഹുമയൂണ്‍ കോട്ട പണിതതെന്നാണ് പരാമര്‍ശം. ഇതുകൂടാതെ ഇന്ദ്രപഥ് എന്നൊരു ഗ്രാമം 1913 വരെ കോട്ടമതിലിനുള്ളില്‍ ഉണ്ടായിരുന്നതായും, ബ്രിട്ടീഷുകാര്‍ തങ്ങളുടെ തലസ്ഥാന നഗരിയായി ദല്‍ഹിയെ മാറ്റുന്നതിന് നടത്തിയ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി ഇവ മാറ്റിസ്ഥാപിക്കപ്പെട്ടുവെന്നും ഭാരത സര്‍ക്കാരിന്റെയും കോട്ടയിലെയും രേഖകളും പറയുന്നു. ഇത്തരത്തിലുള്ള നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ”പുരാണ കില ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവ രാജ്യ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥമാണെന്ന്” ഇവിടെ ഉത്ഖനനത്തിന് നേതൃത്വം കൊടുത്ത പുരാവസ്തു ഗവേഷകന് പത്മവിഭൂഷണ്‍ ബി. ബി ലാല്‍ അവകാശപ്പെട്ടത്.
ഖനനവും കണ്ടെത്തലുകളും
പൊതുസമൂഹത്തില്‍ കോട്ടയെ പാണ്ഡവ-കാ-കില അഥവാ പാണ്ഡവരുടെ കൊട്ടയെന്നും അറിയപ്പെടുന്നു. ഇപ്പോഴത്തെ കോട്ടയിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. പാണ്ഡവ കോട്ടയ്ക്ക് മുകളിലാണ് പുരാന കില നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ഇതു സംബന്ധിച്ച സംശയ ദൂരീകരണത്തിനു വേണ്ടിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പുരാന കിലയില്‍ 1954-55 ലും, പിന്നീട് ബി.ബി ലാലിന്റെ നേതൃത്വത്തില്‍ 1969 മുതല്‍ 1973 വരെയും, അവസാനമായി വസന്ത് കുമാര്‍ സ്വാര്കറുടെ നേതൃത്വത്തില്‍ 2013-14 കാലയളവിലും 2017-18 കാലയളവിലും കോട്ടയ്ക്കകത്തുതന്നെ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന മഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ട ഒരു ചെറിയ കുന്നില്‍ ഖനനം നടത്തിയത്. എന്നാല്‍ ഈ സ്ഥലത്തിന്റെ ചരിത്രമാരംഭിക്കുന്നത് മുഗള്‍ ഭരണകാലഘട്ടത്തോടെയോ നിലവിലെ നിര്‍മ്മിതികളില്‍ നിന്നോ അല്ലെന്നതാണ് എല്ലാ ഖനനങ്ങളുടെയും അത്യന്തികമായ കണ്ടെത്തല്‍. 1969-73 കാലഘട്ടത്തില്‍ ഇവിടെ വിപുലമായ ഖനനത്തിന് നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകന് ബി.ബി ലാലാണ് പുരാന കിലയെ മഹാഭാരത കാലഘട്ടവുമായി ആദ്യം ബന്ധിപ്പിച്ചത്. ബിസി 1500-2000 കളിലായി നിലനിന്നിരുന്നുവെന്ന് കരുതപ്പെടുന്ന മഹാഭാരത കാലഘട്ടത്തിന് ഇന്നത്തെ പുരാനകില നിലനില്‍ക്കുന്ന സ്ഥലവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇപ്പോള്‍ ഉറപ്പിച്ചു പറയുന്നു.
ഈ സ്ഥലം പാണ്ഡവരുടെ തലസ്ഥമായിരുന്ന ഇന്ദ്രപ്രസ്ഥമായിരുന്നുവെന്ന് ഇപ്പോഴും പ്രഖ്യാപിക്കാറായിട്ടില്ല. എന്നാല്‍ അത്തരത്തിലുള്ളൊരു നിഗമനത്തിലേക്കാണ് ഉത്ഖനനവും പഠനങ്ങളും എത്തിച്ചേരുന്നത്.
2013-14, 2017-18 വര്‍ഷങ്ങളിലെ രണ്ട് ഖനനങ്ങളിലൂടെ മഹാഭാരത, മൗര്യന്, ശുംഗ, കുശാന, ഗുപ്ത, രജപുത്ര, സുല്‍ത്താനേറ്റ്, മുഗള്‍ കാലഘട്ടങ്ങള്‍ വരെയുള്ള സാംസ്കാരിക നിക്ഷേപങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കുശാന സാമ്രാജ്യത്തിന്റെ (30375 എ.ഡി) കാലത്തെ ഭവന സമുച്ചയങ്ങളും മൗര്യ കാലഘട്ടത്തിലെ (321 ബിസിഇ, 185 ബിസിഇ) വളയക്കിണറുകളും കണ്ടെത്തുകയുണ്ടായി. ഇതിന്റെയൊപ്പം അരിവാളുകള്‍, പാറകള്‍, ടെറാക്കോട്ട കളിപ്പാട്ടങ്ങള്‍, ചൂളയില്‍ കത്തിച്ച ഇഷ്ടികകള്‍, മുത്തുകള്‍, ടെറാക്കോട്ട പ്രതിമകള്‍, മുദ്രകള്‍ എന്നിവയും ഖനനത്തിലൂടെ ലഭിച്ചു. നിലവിലെ ഖനന പ്രദേശത്ത് നിന്നും പെയിന്റ് ചെയ്ത മണ്‍പാത്ര പാത്രങ്ങളുടെ കഷണങ്ങളും കണ്ടെത്തുകയുണ്ടായി. മൗര്യ കാലഘട്ടത്തിലെ പടികളുള്ള ഒരു കിണറിന് താഴെ നിന്നും കണ്ടെത്തിയ പെയിന്റ് ചെയ്ത മണ്‍പാത്രങ്ങള്‍ സൂചിപ്പിക്കുന്നത് ഈ സ്ഥലത്തിന് മഹാഭാരത കാലഘട്ടവുമായി അടുത്ത ബന്ധമുണ്ടെന്നാണ്.
ഇവിടെ നിന്നും ലഭിച്ച വ്യത്യസ്ത തരത്തിലുള്ള മണ്‍പാത്ര ശൈലികള്‍ വ്യത്യസ്ത കാലഘട്ടങ്ങളിലെ ജീവിതങ്ങളിലേക്കും വെളിച്ചം വീശുന്നു. ഗുപ്ത കാലഘട്ടത്തിലെ ഗജ ലക്ഷ്മി, രജ്പുത് കാലഘട്ടത്തിലെ മഹാവിഷ്ണു, മുഗള്‍ കാലഘട്ടത്തിലെ ഗണപതി എന്നീ പ്രതിമകളും ഇതേ സ്ഥലത്തുനിന്ന് കണ്ടെത്തി. കുശാന കാലഘട്ടത്തിലെ ഏകദേശം 5 സെന്റീമീറ്റര്‍ വ്യാസമുള്ള ഒരു ചെമ്പ് ചക്രം, രാജ്പുത് കാലഘട്ടത്തിലെ ചെമ്പ് കൊണ്ട് നിര്‍മ്മിച്ച അമ്പിന്റെ അഗ്ര ഭാഗം, ഗുപ്ത കാലഘട്ടത്തിലെ അസ്ഥികൊണ്ടുള്ള സൂചി, മുഗള്‍ കാലഘട്ടത്തിലെ പഴയ നാണയങ്ങള്‍ എന്നിവയും കണ്ടെത്തിവയിലുള്പ്പെടുന്നു.
അങ്ങനെ 2,500 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രത്തിന്റെ ശേഷിപ്പുകള്‍ ഇവിടെനിന്ന് കണ്ടെത്തിയത് ഇവിടെ നിലവിലുണ്ടായിരുന്ന നിര്‍മ്മിതികള്‍ക്ക് മുകളിലാണ് മുഗള്‍ കാലഘട്ടത്തില്‍ വിവിധ നിര്‍മ്മാണങ്ങള്‍ നടത്തിയെന്നതിന്റെ സൂചനയാണ്. കോട്ടയോട് ചേര്‍ന്ന മ്യൂസിയത്തില്‍ ഖനനത്തിലൂടെ ലഭിച്ച വസ്തുക്കളെല്ലാം ഓരോ കാലഘട്ടത്തെയും പ്രത്യേകമായി പ്രദര്ശിപ്പിച്ചിട്ടിട്ടുമുണ്ട്.
ഇപ്രകാരം ചിന്തിക്കുമ്പോള്‍ ശ്രീരാമ ജന്മഭൂമി, കാശി ക്ഷേത്രം, മഥുര ശ്രീകൃഷ്ണ ജന്മഭൂമി, ഖുതബ് മിനാര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ പുരാന കിലയിലും കണ്ടെത്തുന്ന വസ്തുതകള്‍ ഭാരതത്തിലെ പ്രധാന ഇസ്ലാമിക നിര്‍മിതികളെയെല്ലാം സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്.
(ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍. മൊബൈല്‍: 7034499409)
പ്രതികരിക്കാൻ ഇവിടെ എഴുതുക: