ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പിന് കൊടിയിറങ്ങാന്‍ ഇനി ഒരാഴ്ച മാത്രം. ഭാരതവും നെതര്‍ലന്‍ഡ്സും തമ്മില്‍ നടക്കുന്ന ഇന്നത്തെ കളിയോടെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ഏറ്റവും അധികം പോയിന്റുകളും കൂടുതല്‍ റണ്‍നിരക്കും കൈമുതലായുള്ള ഭാരതത്തിന് ഒന്നിനെയും പേടിക്കാതെ കളിക്കാവുന്ന മത്സരമാണ് ഇന്നത്തേത്. ഇതുകഴിഞ്ഞാല്‍ പിന്നെ വരുന്നത് വമ്പന്‍ മത്സരമാണ്. ന്യൂസിലന്‍ഡിനെതിരെ വാംഖഡെയില്‍ ബുധനാഴ്ച സെമി പോരാട്ടം. ഡൂ ഓര് ഡൈ മത്സരത്തിന് മുമ്പ് പിഴവുകള്‍ പരിഹരിക്കാനുള്ള ഫൈനല്‍ റിഹേഴ്സല്‍ ആണ് ഭാരതത്തിന് ഇന്നത്തെ കളി.
ഉച്ചയ്ക്ക് രണ്ട് മുതല്‍ ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ് പോരാട്ടം. കഴിഞ്ഞ ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ വമ്പന്‍ ജയത്തോടെ ഭാരതം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ എന്ത് സംഭവിച്ചാലും ഭാരതത്തിന്റെ ഒന്നാം നമ്പറിന് ഇളക്കം തട്ടില്ല. രാഹുല്‍ ദ്രാവിഡിന്റെ പിരശീലനത്തില് രോഹിത് ശര്‍മ്മയ്ക്ക് കീഴിലിറങ്ങുന്ന ഭാരതം ഇന്ന് ആര്‍ക്കെല്ലാം വിശ്രമം നല്‍കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പല പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഭാരത ക്യാമ്പ് ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. അജയ്യതയോടെ സെമിക്ക് ഒരുങ്ങാന്‍ നില്ക്കുന്ന ഭാരതം ഇന്ന് മുന്തിയ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ചെറിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ടൂര്‍ണമെന്റില്‍ അവസരം കിട്ടാതെ പോയ താരങ്ങള്‍ക്ക് കളിക്കിറങ്ങാന്‍ സാധിച്ചേക്കും.
ലോകകപ്പില്‍ ഇതുവരെ വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയ ഭാരതത്തിനെതിരെ അട്ടിമറി സ്വപ്നം കാണാന്‍ നെതര്‍ലന്‍ഡ്സിന് അര്‍ഹതയുണ്ട്. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ നേടിയ രണ്ട് ജയത്തിലുണ്ട് ഈ ഡച്ച് ടീമിന്റെ വമ്പ്. വിക്കറ്റ് കീപ്പര്‍ നായകന് സ്കോട്ട് എഡ്വാര്ഡ്സിന് കീഴിലുള്ള നെതര്‍ലന്‍ഡ്സ് ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെയും ഏഷ്യന്‍ കരുത്തരായ ബംഗ്ലാദേശിനെയും തോല്‍പ്പിച്ച് നാല് പോയിന്റുകള്‍ സ്വന്തമാക്കിയാണ് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: