തിരുവനന്തപുരം: സര്‍ക്കാരിന്റെ വികലമായ നെല്ല് സംഭരണ രീതി മൂലമാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. 50 കോടി രൂപയാണ് കേരളപ്പിറവിയോടനുബന്ധിച്ച് ഒരാഴ്ചക്കാലത്തെ ധൂര്‍ത്തിനും ആഡംഭരത്തിനും ചെലവഴിച്ചത്. കര്ഷകന് കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തിയിട്ട് നിക്ഷേപം ക്ഷണിച്ചുവരുത്താനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
കഴിഞ്ഞ ഏഴുവര്ഷക്കാലയവില് കേന്ദ്രം നല്കുന്ന തുകയില്‍ വരുത്തിയ വര്‍ധനവിന് ആനുപാതികമായ തുക കേരളവും വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് നെല്‍ കര്‍ഷകര്‍ക്ക് 33 രൂപ കിട്ടുമായിരുന്നു. കേന്ദ്രം നല്‍കുന്നത് 21 രുപ 83 പൈസയാണ്. കേന്ദ്രവിഹിതം വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം വിഹിതം കുറയ്ക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതിന്റെ കഷ്ടിച്ച് മൂന്നിലൊന്നാണ് സംസ്ഥാനം ഇപ്പോള്‍ നല്‍കുന്നത്. സാധാരണ കര്‍ഷകനെ കടക്കെണിയിലാക്കി കേന്ദ്രം നല്കുന്ന പണം പോലും വായ്പയായി നല്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രത്തില്‍ നിന്ന് പണം കിട്ടിയില്ല എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു നയാപൈസ പോലും നല്‍കാനില്ലെന്ന് കണക്കുസഹിതം വിശദീകരിച്ചതാണ്. ദല്‍ഹിയില്‍ സമരം ചെയ്യുകയല്ല, കേന്ദ്രം നല്‍കിയത് കൊടുത്ത് തീര്‍ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ധൂര്‍ത്തും ആഡംബരവുമായി നടക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ ദുരിതം കാണുന്നില്ല. കര്‍ഷകര്‍ക്ക് ഒപ്പമെന്ന് പ്രഖ്യാപനം നടത്തുകയും മറുവശത്ത് അവരെ കടക്കെണിയിലേക്ക് തള്ളിയിടുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: