സെക്കന്തരാബാദ് : ‘ഞാന്‍ ഇവിടെ വന്നത് നിങ്ങളില്‍ നിന്ന് ഒന്നും ആവശ്യപ്പെടാനല്ല. സ്വാതന്ത്ര്യത്തിന് ശേഷം നിങ്ങളെ വഞ്ചിച്ച എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി മാപ്പ് പറയാന്‍ വേണ്ടിയാണ് – സെക്കന്തരാബാദില്‍ മഡിഗ സമുദായ റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുളളയാള്‍ മുഖ്യമന്ത്രിയാകുമെന്ന ബി ജെ പിയുടെ വാഗ്ദാനത്തിനിടെയാണ് പ്രധാനമന്ത്രി പട്ടികജാതി വിഭാഗമായ മഡിഗകളുടെ റാലിയില്‍ പങ്കെടുക്കുന്നത്.
മാഡിഗ സംവരണ സമര സമിതി നേതാവ് മന്ദ കൃഷ്ണ മാഡിഗ പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിട്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി കൈകൂപ്പി എഴുന്നേറ്റപ്പോള്‍ ഒരു പ്രധാനമന്ത്രിയും ഇതുവരെ മാഡിഗകളുടെ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് മന്ദ കൃഷ്ണ മാഡിഗ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണം ,സമുദായം തിരിച്ച് നല്‍കണമെന്ന് മാഡിഗ സംവരണ സമര സമിതി ആവശ്യപ്പെടുന്നു. തെലങ്കാനയിലെ പട്ടികജാതിക്കാരുടെ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നാണ് മാഡിഗകള്‍. ചരിത്രപരമായി തുകല്‍ത്തൊഴിലാളികളായും തോട്ടിപ്പണിക്കാരായും പ്രവര്‍ത്തിച്ചിരുന്ന പട്ടികവിഭാഗം സമൂഹമാണ് മഡിഗകള്‍.
‘എന്റെ സഹോദരന്‍ കൃഷ്ണാ, നിങ്ങളുടെ പോരാട്ടത്തില്‍ നിങ്ങള്‍ക്ക് ധാരാളം സഹായികളുണ്ട്. ഇന്ന് മുതല്‍ നിങ്ങളോടൊപ്പം ഞാനുമുണ്ട്’, പ്രധാനമന്ത്രി മോദി പറഞ്ഞു.
തെലങ്കാന ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തിലാണ്. കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായില്ല. തെലങ്കാന സര്‍ക്കാര്‍ മഡിഗ സമുദായത്തെ വഞ്ചിച്ചിരിക്കുകയാണ്. തെലങ്കാന രൂപീകരണത്തില്‍ കോണ്‍ഗ്രസ് എങ്ങനെ തടസം സൃഷ്ടിച്ചുവെന്നത് ആര്‍ക്കാണ് മറക്കാന്‍ കഴിയുക? എന്നാല്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് തെലങ്കാന രൂപീകൃതമായപ്പോള്‍ നിങ്ങളെ മറന്ന് ബിആര്‍എസ് നേതാവ് കോണ്‍ഗ്രസിന് നന്ദി പറയാന്‍ പോയെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ഉദ്ദേശിച്ച് പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാന സമരകാലത്ത് പട്ടിക ജാതി വിഭാഗത്തില്‍ നിന്നുളളയാള്‍ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുത്തു,” തെലങ്കാനയിലെ ജനങ്ങള്‍ക്ക് ജലസേചന പദ്ധതികള്‍ക്ക് പകരം ജലസേചന കുംഭകോണമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെയും ബിആര്‍എസിനെയും സൂക്ഷിക്കുക. രണ്ടുകൂട്ടരും പട്ടികജാതി വിരുദ്ധരാണ്. പുതിയ ഭരണഘടന ആവശ്യപ്പെട്ട് ബിആര്‍എസ് അംബേദ്കറെ അപമാനിച്ചു. കോണ്‍ഗ്രസും അംബേദ്കറെ എതിര്‍ത്തു. രണ്ടുതവണ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. അംബദ്കര്‍ക്ക് ഭാരതരത്ന നല്‍കാത്തതിന് പിന്നിലും കോണ്‍ഗ്രസാണെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: