ന്യൂദല്‍ഹി : ഇന്ത്യ-യുഎസ് 2 പ്ലസ് 2 മന്ത്രിതല സംഭാഷണം ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിലും ബഹുസ്വരതയിലും നിയമവാഴ്ചയിലും ഇന്ത്യയും യുഎസും പങ്കുവയ്‌ക്കുന്ന വിശ്വാസം വൈവിധ്യമാര്‍ന്ന മേഖലകളിലെ പരസ്പര പ്രയോജനകരമായ സഹകരണത്തിന് അടിവരയിടുന്നുവെന്ന് സാമൂഹ്യ മാധ്യമ പോസ്റ്റില്‍ മോദി പറഞ്ഞു.
ഇന്ത്യ-യുഎസ് പങ്കാളിത്തം യഥാര്‍ത്ഥത്തില്‍ ആഗോള നന്മയ്‌ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി.
2 പ്ലസ് 2 സംവിധാനത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് രണ്ട് സെക്രട്ടറിമാരും നരേന്ദ്രമോദിയോട് വിശദീകരിച്ചു. പ്രതിരോധം, അര്‍ദ്ധചാലകങ്ങള്‍, നൂതന സാങ്കേതികവിദ്യ, ബഹിരാകാശം, ആരോഗ്യം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയും അവര്‍ എടുത്തുപറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡന് ഊഷ്മളമായ ആശംസകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി ചേര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: