ടെല്‍അവീവ്: ഹമാസിനെ പൂര്‍ണമായും തുടച്ചു നീക്കിയതിന് ശേഷം ഗാസയുടെ നിയന്ത്രണം ഇസ്രായേല്‍ പ്രതിരോധ സേന ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ അതിര്‍ത്തിയിലെ നഗരങ്ങളിലെ മേയര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രസ്താവന. യുദ്ധമാരംഭിച്ച ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു ചര്‍ച്ച നടന്നത്.
യുദ്ധത്തിന് ശേഷവും ഗാസ മുനമ്പ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാകും. അന്താരാഷ്ട്ര സമൂഹത്തിന് അത് വിട്ടു നല്‍കില്ല, നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ അവസാനത്തെ ഭീകരനെ കൊല്ലുന്നതു വരെ വെടിനിര്‍ത്തലിന് സമ്മതിക്കരുതെന്ന് മേയര്‍മാര്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഹമാസ് ആക്രമണത്തില്‍ ഗാസ അതിര്‍ത്തിയിലെ പട്ടണങ്ങള്ക്കുണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ സഹായം നല്‍കുമെന്ന് നെതന്യാഹു മേയര്‍മാര്‍ക്ക് ഉറപ്പു നല്കി.
കഴിഞ്ഞ രാത്രിയുണ്ടായ വ്യോമാക്രമണത്തിലും മറ്റുമായി ഹമാസിന്റെ നിരവദി കമാന്‍ഡോകളെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന. ഗാസ മുനമ്പിലെ ഹമാസിന്റെ ഔട്ട് പോസ്റ്റുകളിലും പരിശീലന ക്യാമ്പുകളിലും മറ്റും നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. തോക്കുകള്‍, മിസൈലുകള്‍, മോര്‍ട്ടറുകള്‍, ഡ്രോണുകള്‍, ഭൂപടങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഹമാസിന്റെ മുതിര്‍ന്ന നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരന്റെ വീട്ടിലും സൈന്യം പരിശോധന നടത്തി. വെസ്റ്റ് ബാങ്കിലും പരശോധന തുടരുകയാണ്.
അതിനിടെ, വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 15 പാലസ്തീന്‍കാര്‍ കൊല്ലപ്പട്ടതായി പാലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കന്‍ ഗാസയില്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തെക്കന്‍ ഗാസയിലേക്ക് പോകുന്നവര്‍ക്ക് ഒരു സുരക്ഷിത ഇടനാഴികൂടി ഇസ്രായേല്‍ തുറന്നു. ഉത്തര-ദക്ഷിണ ഹൈവേയുമായി ചേരുന്ന തീരദേശറോഡു വഴിയാണിത്. യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് മാനുഷിക ഇടവേള പ്രഖ്യാപിക്കുന്നത്. ഇപ്രകാരം ദിവസവും നാലുമണിക്കൂര്‍ ഏറ്റുമുട്ടലില്‍ അയവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: