കളമശേരി: നാലു വയസുവരെ കൈയും കാലും ചലിപ്പിക്കാന്‍ സാധിക്കാതിരുന്ന കുട്ടിയാണ് സുന്ദരമായ ഈ നൃത്തമവതരിപ്പിക്കുന്നതെന്ന് സദസിലിരുന്ന ഒരാള്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.
അത്ര മെയ് വഴക്കത്തോടെയാണ് അജിന രാജ് മോഹിനിയാട്ടം അവതരിപ്പിച്ചത്. ചെറുപ്പത്തില്‍ റേഡിയോയില്‍ കേട്ട പാട്ടിന് കൈയും കാലും ചലിപ്പിച്ചാണ് അവള് കലയോടുളള താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. അവളുടെ നൃത്തത്തോടുളള താത്പര്യം മനസിലാക്കിയ അച്ഛനമ്മമാര്‍ ചെറിയ ക്ലാസ് മുതലേ നൃത്തം അഭ്യസിക്കാന്‍ അയച്ചു.
ഇത് ആറാം വര്‍ഷമാണ് സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ മത്സരിക്കാന്‍ അജിന എത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷവും മൂന്നാം സ്ഥാനം നേടി.
ഈ വര്‍ഷം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കണ്ണൂര്‍ പള്ളിക്കുന്ന് പ്രതീക്ഷ ഭവനിലെ വൊക്കേഷണല്‍ ക്ലാസ് വിദ്യാര്‍ഥിനിയാണ്. ജില്ലാ മത്സരത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ സമ്മാനം നേടിയിരുന്നു.
സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കണമെന്നാണ് ആഗ്രഹം. 2023ലെ കലാഭവന്‍ മണി പ്രതിഭാ പുരസ്കാരം ലഭിച്ചു. കണ്ണൂര്‍ പാപ്പിനിശേരി ലിജിന നിവാസില്‍ രാജന്റെയും പ്രസന്നയുടെയും ഏക മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: