പ്രണയത്തില്‍പ്പെട്ട പതിനാലുകാരിയെ അച്ഛന് അതിക്രൂരമായി മര്‍ദ്ദിക്കുകയും വിഷം നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയെന്നറിഞ്ഞപ്പോള് തന്നെ പ്രശ്നം ഒരു അന്യമതസ്ഥനെ പ്രണയിച്ചതാണെന്ന വിവരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. പിറ്റേ ദിവസത്തെ പത്രവാര്‍ത്തകളില്‍ പക്ഷേ ഈ വിവരം ഉണ്ടായിരുന്നില്ല. തന്റെ വിലക്ക് ലംഘിച്ച് പ്രണയിച്ചതിന് ഒരച്ഛന് മകളെ മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് കേസെടുത്തു എന്നുമാത്രമാണ് വാര്‍ത്തകളിലുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഒരു കാരണവശാലും ഇരയെ തിരിച്ചറിയുന്നതൊന്നും വാര്‍ത്തകളില്‍ വരരുതെന്ന് നിയമമുണ്ടല്ലോ.
ആശുപത്രിയിലായിരുന്ന കുട്ടി പിറ്റേദിവസം മരിച്ചു. നരഹത്യാക്കുറ്റം ചുമത്തി അച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ ഇയാളുടെയും മകളുടെയും പേരുകള്‍, മതം എന്നിവയൊക്കെ പുറത്തായി. പുഞ്ചിരിയോടെ യാതൊരു കൂസലുമില്ലാതെ പ്രതി പോലീസ് ജീപ്പില്‍ കയറിപ്പോകുന്നത് ദൃശ്യമാധ്യമങ്ങള്‍ കാണിച്ചു. ദാരുണാന്ത്യം സംഭവിച്ച കുട്ടിയുടെ ചിത്രവും കാണിച്ചു. അന്യമതസ്ഥനെ പ്രണയിച്ചതാണ് പ്രശ്നമെന്ന് എല്ലാവരും അറിഞ്ഞു.
പെണ്‍കുട്ടി മരിച്ചുകഴിഞ്ഞതിനാല്‍ അവളുടെയും അച്ഛന്റെയും ഐഡന്റിറ്റി മറച്ചുവയ്ക്കേണ്ട ആവശ്യമില്ല. ഇതുകൊണ്ടാണ് പല ദൃശ്യമാധ്യമങ്ങളും അത് വിശദമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, മലയാളത്തിലെ ഒരു പ്രമുഖ പത്രമടക്കം ഈ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് പ്രതിയുടെയും ഇരയുടെയും പേരോ മതമോ പറയാതെയാണ്. പ്രാദേശികവാര്‍ത്തയായി ചുരുക്കുകയും ചെയ്തു. പരാതികള്‍ ഉയര്‍ന്നതിനാലാവാം എല്ലാ വിവരങ്ങളുമുള്ള ഒരു വാര്‍ത്ത ഈ പത്രത്തിന്റെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. മലയാള മാധ്യമങ്ങളില്‍ ഏറിയും കുറഞ്ഞും നിലനില്‍ക്കുന്ന ഒരു പ്രത്യേകതരം മതപ്പേടിയാണിത്.
ജാതിമാറി പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുമ്പോള്‍ കമിതാക്കളെ കൊലചെയ്യുന്ന രീതിക്ക് ഇംഗ്ലീഷില്‍ ‘അഭിമാനക്കൊല’യെന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ അത് ദുരഭിമാനക്കൊലയാണ്. ഇതര സംസ്ഥാനങ്ങളിലെവിടെയെങ്കിലും ഇത്തരം കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെങ്കിലും ഇരയുടെ ജാതിയും പേരുവിവരങ്ങളും മലയാള മാധ്യമങ്ങള്‍ മറച്ചുവയ്ക്കാറില്ല. പരമാവധി വിവരങ്ങള്‍ വാര്‍ത്തകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. അതിക്രൂരമായ ബലാത്സംഗത്തിനിരയായി ദല്‍ഹിയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊലചെയ്യപ്പെട്ടപ്പോള്‍ തിരിച്ചറിയപ്പെടാതിരിക്കാന്‍ ‘നിര്‍ഭയ’ എന്ന പേരു നല്കിയ രീതി സമാനമായ പല സംഭവങ്ങളിലും പാലിക്കപ്പെട്ടുകണ്ടിട്ടില്ല.
ഇസ്ലാമിക മതമൗലികവാദത്തിന്റെ ഉപോല്‍പ്പന്നങ്ങളിലൊന്നായ ലൗജിഹാദ് രാജ്യമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ അതിനെതിരെ ഉയര്‍ന്നുകേട്ട പ്രബലമായ വാദഗതികളിലൊന്ന് പ്രണയത്തിന് മതമില്ല എന്നതാണല്ലോ. പരസ്പരം ഇഷ്ടപ്പെടുന്നതിനും പ്രണയിക്കുന്നതിനും വിവാഹിതരാവുന്നതിനും മതം ഒരു തടസ്സമല്ല. ഇത്തരം എത്രയോ വിവാഹങ്ങളാണ് നാട്ടില്‍ നടക്കുന്നത്. അതിലേക്ക് മതവും ജിഹാദുമൊക്കെ കൊണ്ടുവരുന്നത് മനുഷ്യസ്നേഹത്തെ കളങ്കപ്പെടുത്തലായിരിക്കുമെന്ന വാദവും ഉയര്‍ന്നിരുന്നു.
വസ്തുതകള്‍ക്ക് നിരക്കാത്തതും, മതമൗലികവാദത്തെയും ഭീകരവാദത്തെയും വെള്ളപൂശുന്നതുമായ വാദഗതിയാണിത്. യഥാര്‍ത്ഥത്തില്‍ ലൗ ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണ്. അതിലെ പ്രണയം ഏകപക്ഷീയവുമാണ്. ഹിന്ദു-മുസ്ലിം അല്ലെങ്കില്‍ ക്രൈസ്തവ-മുസ്ലിം വിഭാഗത്തില്‍പ്പെടുന്നവര്‍ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികള്‍ മതംമാറാന്‍ നിര്‍ബന്ധിതരാവുന്നു. ഇത് വിവാഹത്തിന് മുന്‍പോ പിന്‍പോ സംഭവിക്കാം. ഇതിന് പ്രേരിപ്പിക്കുന്നവരും അത് ചെയ്യിക്കുന്നവരും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടികള്‍ സ്വമനസ്സാലെ മതം മാറിയതാണെന്ന് കോടതിയില്‍ പറയിപ്പിക്കുന്നു. ഇങ്ങനെ വഞ്ചിക്കപ്പെട്ട ഡസന്‍ കണക്കിന് പെണ്‍കുട്ടികള്‍ കേരളത്തില്‍ തന്നെയുണ്ട്. അക്കാര്യം അവര്‍ എല്ലാ വിശദാംശങ്ങളോടെയും തുറന്നുപറഞ്ഞിട്ടുള്ളതുമാണ്.
ഏതെങ്കിലുമൊരു മുസ്ലിം മതസ്ഥന് മതപരമോ തീവ്രവാദപരമോ ആയ ഗൂഢലക്ഷ്യം വച്ച് ഇതരമതത്തില്പ്പെടുന്ന പെണ്‍കുട്ടികളെ പ്രണയക്കെണിയില്പ്പെടുത്തുന്നതിനെയാണ് ‘ലൗ ജിഹാദ്’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അമുസ്ലിമായ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച് മതംമാറ്റുന്നവന് ഒരു ഹീറോ ആയി മാറുന്നു. ഇതിനൊരു മറുവശമുണ്ട്. മുസ്ലിം പെണ്‍കുട്ടിയെ ഏതെങ്കിലുമൊരു അമുസ്ലിം പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താല്‍ അവന് വില്ലനാണ്. വധിക്കപ്പെടേണ്ടവനുമാകുന്നു. ഇത്തരം കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നിട്ടുമുണ്ട്.
ആലുവായില്‍ അച്ഛന്റെ അടിയേറ്റ് പെണ്‍കുട്ടി മരിക്കാനിടയായ ദാരുണ സംഭവം തന്നെയെടുക്കുക. ഇയാള്‍ക്ക് ഒരു മകന് കൂടിയുണ്ട്. ഈ മകന് അമുസ്ലിം പെണ്‍കുട്ടിയെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തുവെന്ന് സങ്കല്‍പ്പിക്കുക. അതില്‍ എതിര്‍പ്പുണ്ടാവാനുള്ള സാധ്യത വളരെ കുറവായിരിക്കും. ഇത് മതപരമായ ഏകപക്ഷീയതയാണ്. ഒരു ബഹുസ്വര സമൂഹത്തില്‍ മനുഷ്യബന്ധങ്ങള്‍ക്ക് ഇസ്ലാം വില കല്‍പ്പിക്കാത്തതിന്റെ പ്രശ്നമാണിത്. മതേതരത്വത്തിനും മനുഷ്യാവകാശത്തിനുമൊക്കെ എതിരായിരുന്നിട്ടും പൊതുസമൂഹത്തില്‍ ഇക്കാര്യം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാറില്ല. കഥകളിലൂടെയും സിനിമകളിലൂടെയും മറ്റും ഈ അപ്രിയസത്യം മൂടിവയ്ക്കപ്പെടുകയും ചെയ്യുന്നു.
സ്വന്തം മകളെ കുഞ്ഞുപ്രായത്തില്‍ അടിച്ചുകൊന്നിട്ടും പോലീസ് പിടിച്ചുകൊണ്ടുപോയപ്പോള്‍ ആ അച്ഛന്റെ മുഖത്തുണ്ടായ ചിരി ഒരു സാധാരണ മനുഷ്യന്റേതല്ല. മനുഷ്യത്വം അല്‍പ്പമെങ്കിലും അവശേഷിക്കുന്ന ആര്‍ക്കും ഇതിനാവില്ല. ഈ അരുംകൊല റിപ്പോര്‍ട്ട് ചെയ്ത ചില മാധ്യമങ്ങളും ഇങ്ങനെയാണ് പെരുമാറിയതെന്ന് പറയേണ്ടിവരുന്നു. ഭാവിജീവിതത്തെ ബാധിക്കുമെന്നതിനാലാണ് അതിജീവിതയുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്നു പറയുന്നത്. ഇര മരിച്ചാല്‍പ്പിന്നെ ഇതിന്റെ ആവശ്യമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ചില മലയാള പത്രങ്ങള്‍ ആലുവ പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ മറച്ചുവച്ചത്. ‘ലൗജിഹാദിനെക്കുറിച്ച് മിണ്ടിപ്പോവരുത്’ എന്നാണല്ലോ ഇസ്ലാമിക മതമൗലികവാദികളെപ്പോലെ ചില മാധ്യമങ്ങളുടെയും നിലപാട്. ലൗജിഹാദിന്റെ മനഃശാസ്ത്രമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നതെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ലൗ ജിഹാദികള്‍ക്കുവേണ്ടി കോടതിക്കകത്തും പുറത്തും മാധ്യമങ്ങളിലും വീറോടെ പോരാടാന്‍ സാംസ്കാരിക നായകന്മാരടക്കം നിരവധിയാളുകളെ കാണാറുണ്ട്. ആലുവ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുഃഖിക്കാനും, അവളെ മരണത്തിലേക്ക് തള്ളിവിട്ട മതസ്നേഹിയെ തള്ളിപ്പറയാനും ആരും മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: