കളമശേരി (കൊച്ചി): 2017 മേയില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യയുടെ സ്പര്‍ശം പരിപാടിയുടെ ഉദ്ഘാടന വേദി. 12 വയസ്സുകാരി തിരുവനന്തപുരം സ്വദേശി അനന്യ ബിജേഷ്, ഏകലവ്യന് സിനിമയില്‍ ചിത്ര പാടിയ ‘നന്ദകിശോരാ ഹരേ മാധവാ നീയാണെന്നഭയം…’ എന്ന പാട്ടു പാടുന്നു. അതിസുന്ദരമായ ആ ആലാപനത്തില്‍ മതി മറന്നിരിക്കുകയാണ് സദസ്സ്. രണ്ടാമത്തെ ചരണമെത്തിയപ്പോള് ഒരു ശബ്ദം അനന്യയുടെ ആലാപനത്തോടൊപ്പം ചേര്‍ന്നു. അതു മറ്റാരുമായിരുന്നില്ല. പരിപാടിയുടെ ഉദ്ഘാടക സാക്ഷാല്‍ കെ.എസ്. ചിത്രയായിരുന്നു.
പാട്ടു തീര്‍ന്നപ്പോള്‍ ചിത്ര ആ കുട്ടിയെ നെഞ്ചോടു ചേര്‍ത്ത് വാരിപ്പുണര്‍ന്ന് കവിളില്‍ ഉമ്മ നല്കി, കൈകള്‍ നെറുകയില്‍ വച്ചു പറഞ്ഞു. ‘മോള് അസലായി പാടി. ഇനിയും ഒരുപാടു വേദികളില്‍ പാടി ലോകം അറിയുന്ന പാട്ടുകാരിയാകും.’ ആ അനുഗ്രഹവും പ്രാര്‍ഥനയും വെറുംവാക്കായില്ല. ഇന്നലെ കൊച്ചിയില്‍ ആരംഭിച്ച സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ലളിത ഗാനത്തില്‍ ഒന്നാം സമ്മാനം അനന്യക്കാണ്. 2017ല്‍ നിശാഗന്ധിയില്‍ ആരംഭിച്ച അനന്യമായ ആ സംഗീത യാത്ര ഇപ്പോള്‍ 300 വേദികള്‍ പിന്നിട്ടു. മൂന്ന് ആല്‍ബത്തിലും പാടി. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ രചനയില്‍ ടി.എസ്. രാധാകൃഷ്ണന് സംഗീതം നല്കിയ ‘അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു മുഗ്ധവൃന്ദാവനമായ് മാറിയെങ്കില്‍…’ എന്ന പാട്ടാണ് ഇന്നലെ അനന്യ പാടിയത്. അതും ചിത്ര പാടിയതാണെന്നത് യാദൃച്ഛികം. ‘എനിക്ക് ഏറ്റവും ഇഷ്ടം ചിത്രച്ചേച്ചിയുടെ പാട്ടുകളാണ്. പിന്നീട് ജാനകിയമ്മയുടേത്.’ അനന്യ ജന്മഭൂമിയോടു പറഞ്ഞു.
തിരുവനന്തപുരം തിരുമലയിലെ ബിജേഷിന്റെയും അനുപമയുടെയും മകളാണ് അനന്യ. തിരുവനന്തപുരം റിസര്‍വ് ബാങ്കിലാണ് ബിജേഷ്. പാട്ടുകള്‍ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് സ്വയം കേട്ടു പഠിക്കുന്ന രീതിയാണ് അനന്യയുടേത്. വനിത-ശിശുവികസന വകുപ്പിന്റെ 2023 ലെ ‘ഉജ്വല ബാല്യം’ പുരസ്കാരവും ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2022ലെ ക്രിയേറ്റിവിറ്റി അവാര്‍ഡും അനന്യ സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: