കൊച്ചി: ആലുവയിലെ പിഞ്ചുബാലികയെ പ്രതി അസ്ഫാക്ക് ആലം കൊലപ്പെടുത്തിയ രീതി അതിക്രൂരമായിരുന്നുമെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
കുട്ടികളോട് ലൈംഗികാതിക്രമം ചെയ്യാനുള്ള വികാരമായിരുന്നു കുറ്റകൃത്യത്തിന്റെ പ്രേരണ. കുറ്റകൃത്യത്തില്‍ നിന്നും പ്രതിയുടെ സാമൂഹികവിരുദ്ധ സ്വഭാവം വ്യക്തമാകുന്നു. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. കുട്ടികള്‍ക്ക് കുട്ടികളായി വളരാനുള്ള സാഹചര്യം സമൂഹത്തില്‍ വിരളമായി മാറും. കുട്ടികളെ സ്വതന്ത്രമായി കളിക്കാന്‍ വിടാന്‍ പോലും മാതാപിതാക്കള്‍ ഭയപ്പെടും. കുറ്റകൃത്യത്തിന്റെ ക്രൂരത കാരണം പ്രതിയെ കൈകാര്യം ചെയ്യാന്‍ പോലും ആളുകള്‍ തയാറായി. മറ്റൊരു കുറ്റകൃത്യം ചെയ്യുകയാണെന്നറിഞ്ഞു കൊണ്ട് ആളുകള്‍ അത്തരം പ്രവൃത്തികള്‍ക്ക് തയാറാകുന്നത് നീതി ലഭിക്കാന്‍ വേണ്ടിയാണ്. പ്രതിക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാല്‍ സമൂഹത്തിന് അത് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്, മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആളെ വെടിവച്ച് കൊന്ന അച്ഛന്റെ കേസും വാദമായി ഉന്നയിച്ചു.
പ്രോസിക്യൂഷന് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന വാദത്തിലുറച്ചു നിന്നു. പ്രതി കുറ്റം സ്വയം തിരിച്ചറിഞ്ഞു മാനസാന്തരപ്പെടാന്‍ സാധ്യത ഉള്ളയാളാണോയെന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രോസിക്യൂഷന് കഴിഞ്ഞദിവസം സമര്‍പ്പിച്ചിരുന്നു. വിചാരണത്തടവുകാരനായി കഴിയുന്ന ഘട്ടത്തിലുള്ള പ്രതിയുടെ മനോനില വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ടും പ്രതിയുടെ മാനസികനില വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സാമൂഹിക നീതി വകുപ്പും സമര്‍പ്പിച്ചിരുന്നു.
അഞ്ചു വയസുകാരിയെ ശീതളപാനീയം വാങ്ങി നല്‍കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി മദ്യം കലര്‍ത്തിയ പാനീയം നല്‍കിയശേഷമാണു പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.
ദല്‍ഹിയിലെ ഗാസിപൂരില്‍ സമാനമായ മറ്റൊരു പീഡനക്കേസിലും അസ്ഫാക് പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവ സ്വഭാവമുള്ള 16 കുറ്റങ്ങളാണു അസ്ഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയത്. ശിക്ഷയെക്കുറിച്ച് എന്ത് പറയാനുണ്ടെന്ന് കോടതി ചോദിച്ചപ്പോള്‍ നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു പ്രതിയുടെ പ്രതികരണം. തന്റെ ഒപ്പമുണ്ടായിരുന്നവരെ വെറുതെവിട്ടു, അതുകൊണ്ട് തന്നെയും വെറുതെ വിടണമെന്ന് അസ്ഫാക് ആലം പ്രതികരിച്ചു. വധശിക്ഷക്ക് പര്യാപ്തമായ കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളതെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: