കൊട്ടാരക്കര: സോളാര്‍ കത്ത് വിവാദവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിയില്‍ നടന്നുവരുന്ന കേസില്‍ ഒന്നാം പ്രതി സരിതയും രണ്ടാം പ്രതി കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ യും കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ജഡ്ജി സി.ബി. രാജേഷ് ഉത്തരവായി. ഇന്നലെ ഈ കേസ് കോടതിയുടെ പരിഗണനക്കെത്തിയപ്പോഴാണ് ഉത്തരവുണ്ടായത്.
ഡിസംബര്‍ 6 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഒന്നാം പ്രതി സരിത ഇന്നലെ കോടതിയില്‍ ഹാജരായിരുന്നില്ല. പകരം അഭിഭാഷകനെ നിയോഗിക്കുകയും ചികിത്സയിലാണെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. കെ.ബി. ഗണേഷ്‌കുമാറും നേരിട്ട് ഹാജരായില്ല. പകരം അഭിഭാഷകനെ നിയോഗിക്കുകയാണുണ്ടായത്.
ഇതോടെയാണ് കോടതി ഇരുവരും അടുത്ത അവധിക്ക് നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടത്. കോടതി നടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ്ബാണ് പരാതിക്കാരന്‍.












