ബെംഗളൂരു: അഴിമതിയില്‍ കുരുങ്ങി കര്‍ണാടക സര്‍ക്കാര്‍. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ ബില്ലുകള്‍ മാറാനായി കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കിയോണിക്‌സ്) കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം.
കെട്ടിക്കിടക്കുന്ന ബില്ലുകള്‍ തീര്‍പ്പാക്കാന്‍ 12 ശതമാനം കമ്മീഷനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കമ്പനി ആരോപിച്ചു. ഏകദേശം 300 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കാന്‍ കിയോണിക്‌സിന്റെ എംഡി10 ശതമാനം മുതല്‍ 12 ശതമാനം വരെ കമ്മീഷന്‍ ആവശ്യപ്പെട്ടെന്നും എംഡി സ്ഥാനത്തിനായി 3-4 കോടി രൂപ വരെ താന്‍ ചെലവഴിച്ചതെന്നും പലര്‍ക്കും പണം നല്‍കാനുണ്ടെന്നും എംഡി സംഗപ്പ പറഞ്ഞതായാണ് ആരോപണം.
കിയോണിക്‌സ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വസന്ത് ബംഗേര ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്യാത്തപ്പോള്‍ കൈക്കൂലി കൊടുക്കാന്‍ തയ്യാറല്ലെന്നും ബംഗേര മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കിയോണിക്‌സ് വെബ്‌സൈറ്റില്‍ ചെയര്‍മാനായി കര്‍ണാടക ഗ്രാമവികസന വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും എംഡിയായി സംഗപ്പയേയുമാണ് കാണിച്ചിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
അതേസമയം, ഇതിനോടകം ബിജെപി വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രിയങ്ക് ഖാര്‍ഗെക്കെതിരെ നടപടി വേണമെന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: