പനാജി : 37ാമത് ദേശീയ ഗെയിംസ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ, ഗോവയിലെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലാണ്. നാളെ പനാജിയിലെ ശ്യാമ പ്രസാദ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഗെയിംസ് സമാപന ചടങ്ങ് നടക്കും.
ഹോക്കി, ഹാന്‍ഡ്ബോള്‍, കബഡി, ഖോ-ഖോ, ഫുട്ബോള്‍ തുടങ്ങി നിരവധി കായിക മത്സരങ്ങള്‍ ഇന്ന് സമാപിച്ചു. ഷൂട്ടിംഗ്, ഗോള്‍ഫ്, യോഗാസന ഗെയിമുകള്‍ നാളെ സമാപിക്കും.
പുരുഷ വിഭാഗം ഹോക്കി ഫൈനലിലെ ആവേശകരമായ മത്സരത്തില്‍ ഹരിയാന 5-3 എന്ന സ്കോറിന് കര്‍ണാടകയെ പരാജയപ്പെടുത്തിയപ്പോള്‍ ഉത്തര്‍പ്രദേശ് വെങ്കല മെഡല്‍ ഉറപ്പിച്ചു. വനിതാ ഹോക്കി ഫൈനലില്‍ മധ്യപ്രദേശ് ഹരിയാനയെ പരാജയപ്പെടുത്തിയപ്പോള്‍ വെങ്കലം ജാര്‍ഖണ്ഡ് ഉറപ്പിച്ചു. പുരുഷ ഫുട്ബോളില്‍ സര്‍വീസസ് മണിപ്പൂരിനെ 2-1ന് തോല്പിച്ചപ്പോള് കേരളം വെങ്കലം നേടി. വനിതാ ഫുട്ബോളില്‍ ഒഡീഷ 4-2ന് മണിപ്പൂരിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയപ്പോള്‍ ഹരിയാന വെങ്കലം നേടി.
ഹരിയാനയും സര്‍വീസസും തമ്മിലുള്ള പുരുഷന്മാരുടെ കബഡി ഫൈനലിലാണ് ഏറ്റവും ആവേശകരമായ പോരാട്ടം അരങ്ങേറിയത്.അതില്‍ സര്‍വീസസ് 34-25 എന്ന സ്കോറിന് ഹരിയാനയെ പരാജയപ്പെടുത്തി. വനിതകളുടെ കബഡിയില്‍ ഹിമാചല്‍ പ്രദേശ് സ്വര്‍ണവും ഹരിയാന വെള്ളിയും നേടി. വനിതാ ഖോ-ഖോ സ്വര്‍ണം മഹാരാഷ്ട്രയും ഒഡീഷ വെള്ളി മെഡലും നേടി.
ദേശീയ ഗെയിംസില്‍ തുടക്കം മുതല്‍ അവസാന നാളുകള്‍ വരെ ആധിപത്യം നിലനിര്‍ത്തിയ മഹാരാഷ്ട്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി. 71 സ്വര്‍ണമടക്കം 208 മെഡലുകളാണ് മഹാരാഷ്ട്ര ഇതുവരെ നേടിയത്. സര്‍വീസസ് സ്പോര്‍ട്സ് കണ്ട്രോള് ബോര്‍ഡ് മെഡല്‍ പട്ടികയില്‍ 59 സ്വര്‍ണം ഉള്‍പ്പെടെ 117 മെഡലുകളുമായി രണ്ടാം സ്ഥാനത്താണ്. 53 സ്വര്‍ണമടക്കം 161 മെഡലുകളുമായി ഹരിയാന മൂന്നാം സ്ഥാനത്താണ്. നവംബര്‍ ഒമ്പത് വരെ ഗോവയിലെ 28 വേദികളിലായാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: