ന്യൂദല്‍ഹി: നവംബര്‍ 19-ന് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്കെതിരേയും ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനെതിരേയും ആക്രമണം ഉണ്ടായേക്കുമെന്ന തരത്തില്‍ ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. ദൽഹി വിമാനത്താവളത്തില്‍ സന്ദര്‍ശക പാസ് അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.) നിർദേശിച്ചു.
നവംബര്‍ 30 വരെയാണ് സന്ദര്‍ശകപാസുകള്‍ അനുവദിക്കുന്നതിുള്ള നിയന്ത്രണം. എന്നാല്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഇളവുകളുണ്ടാവും. പഞ്ചാബില്‍ എല്ലാ എയര്‍ഇന്ത്യ വിമാനങ്ങളിലും ബോര്‍ഡിങ്ങിന് മുമ്പായി സുരക്ഷാപരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.
ഭാരതത്തിൽ ഉടനീളം വിമാനത്താവളം, എയര്‍സ്ട്രിപ്പ്, എയര്‍ഫീല്‍ഡ്, എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍, ഹെലിപാഡ്, ഫ്‌ളൈങ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയ്‌നിങ് കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെതിരെ സുരക്ഷാ ഭീഷണിയുള്ള പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ദല്‍ഹിയില്‍നിന്നും പഞ്ചാബില്‍നിന്നും വിമാനയാത്ര നടത്തുന്ന യാത്രക്കാര്‍ക്ക് അധിക സുരക്ഷാപരിശോധനകളുണ്ടാവും. യാത്രക്കാരേയും കൈവശമുള്ള ലഗേജുകളേയും പ്രാഥമിക സുരക്ഷാപരിശോധനയ്‌ക്ക് പുറമേ മറ്റൊരു പരിശോധനയ്‌ക്ക് കൂടെ വിധേയമാവണം.
നവംബര്‍ 19ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുത്, അല്ലെങ്കില്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്നാണ് ഗുര്‍പത്വന്ത് സിംഗിന്റെ ഭീഷണി. ദൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേരു മാറ്റുമെന്നും പന്നുൻ അവകാശപ്പെട്ടു. ഭാരതത്തിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന ദിവസമാണ് നവംബർ 19 എന്നും പന്നുൻ ഓർമിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: