മലപ്പുറം: യുഡിഎഫ് വിട്ട് ഇടത് പാളയത്തിലേക്ക് പോയേക്കാമെന്ന മുസ്ലിംലീഗിന്റെ ഭീഷണിയില്‍ കീഴടങ്ങി കോണ്‍ഗ്രസ്. പാലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിംലീഗിനെ സിപിഎം ക്ഷണിച്ചതില്‍ രണ്ട് അഭിപ്രായമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ലീഗിനായി. പരസ്യമായി ഇക്കാര്യം പറഞ്ഞിരുന്നില്ലെങ്കിലും സിപിഎം ക്ഷണത്തെച്ചൊല്ലി കോണ്‍ഗ്രസിലും ആശയക്കുഴപ്പമുണ്ട്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പാണക്കാട്ട് എത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം തുടങ്ങിയവരും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതൃസംഗമത്തിന് എത്തിയ സതീശന് രാവിലെയും സുധാകരന് വൈകുന്നേരവുമാണ് പാണക്കാട് വന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പൂര്‍ണമായും ബഹിഷ്കരിക്കുന്നത് അടക്കം മുസ്ലിം ലീഗിന് കോണ്‍ഗ്രസിന്റെ നിലപാടല്ല ഉള്ളത്. നേരത്തെ മറ്റു വിഷയങ്ങളില്‍ പലപ്പോഴായി അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും ഇത്തരത്തില്‍ ചര്‍ച്ച നടത്തിയിരുന്നില്ല. ജില്ലാ കോണ്‍ഗ്രസില്‍ ആര്യാടന് ഷൗക്കത്ത് ആര്യാടന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ പാലസ്തീന് റാലിക്കെതിരെ ഡിസിസി നടപടി എടുത്തതിലും ലീഗിന് അതൃപ്തിയുണ്ട്.
പാലസ്തീന് വിഷയം ചര്‍ച്ചയാകാന്‍ പോകുന്ന മലപ്പുറത്ത് ലീഗിനെക്കാള്‍ കടുത്ത നിലപാടെടുത്തിരിക്കുന്നത് സിപിഎമ്മാണ്. അതേസമയം ലീഗ് നടത്തിയ പാലസ്തീന് ഐക്യദാര്‍ഢ്യ റാലി ശശി തരൂര്‍ കാരണം വിവാദത്തില്‍ മുങ്ങിപോകുകയും ചെയ്തു. ഇടതുപക്ഷം സംഘടിപ്പിക്കുന്ന പാലസ്തീന് അനുകൂല റാലിയില്‍ ക്ഷണിച്ചിട്ടും ലീഗ് ക്ഷണം നിരസിച്ചു. തുടര്‍ന്നും ക്ഷണിക്കുമെന്ന് സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ട് ഇടത്പാളയത്തിലേക്ക് ഒഴുകുമോ എന്ന ഭയത്തിലാണ് ലീഗ്. അതേസമയം സിപിഎമ്മിന്റെത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് ആകുന്നില്ല താനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: