സനാതനധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ വിമര്‍ശനം ഹിന്ദുത്വത്തിനും ഹിന്ദുക്കള്‍ക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ദ്രാവിഡ പ്രത്യയശാസ്ത്രം ഉന്മൂലനം ചെയ്യാനുള്ള കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ അനുവാദം നല്‍കണമെന്ന മറ്റൊരാളുടെ അപേക്ഷ നിരസിച്ചുകൊണ്ടാണ് കോടതി ഉദയനിധി സ്റ്റാലിനെ നിശിതമായി വിമര്‍ശിച്ചത്. മനുഷ്യരെ ബാധിക്കുന്ന കൊവിഡ്, മലമ്പനി പോലുള്ള മഹാമാരികളെപ്പോലെ സനാതനധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി പറഞ്ഞത് വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. ‘സനാതധര്മം ഉന്മൂലനം ചെയ്യാന്‍’ എന്ന പേരില്‍ ഈ വര്‍ഷം സപ്തംബറില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന് ഇങ്ങനെ പറഞ്ഞത്. താന്‍ പറഞ്ഞത് ശരിയാണെന്നും, ഇങ്ങനെ പറയാന്‍ തനിക്ക് അധികാരമുണ്ടെന്നുമാണ് ഉദയനിധിയും ഡിഎംകെ സര്‍ക്കാരും സ്വീകരിച്ച നിലപാട്. ഇതിനെതിരെയാണ് ദ്രാവിഡ പ്രത്യയശാസ്ത്രത്തെ ഉന്മൂലനം ചെയ്യുന്നതിനായുള്ള കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഒരുതരത്തിലുള്ള വിദ്വേഷ പ്രചാരണവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലെന്ന ശക്തമായ നിര്‍ദേശമാണ് കോടതിയില്നിന്നുയര്ന്നത്.
ഉദയനിധി സ്റ്റാലിന് നടത്തിയ വിദ്വേഷ പ്രസംഗത്തെ മാത്രമല്ല, ഇതിന് ഒത്താശ ചെയ്യുകയും സംരക്ഷണമൊരുക്കുകയും ചെയ്ത തമിഴ്നാട് സര്‍ക്കാരിനെയും കോടതി വിമര്‍ശിക്കുകയുണ്ടായി. ഉദയനിധിക്കെതിരെ കേസെടുക്കാതെ പോലീസ് കൃത്യവിലോപം കാണിച്ചുവെന്ന് കോടതി പറഞ്ഞത് സര്‍ക്കാരിനെ കുറ്റപ്പെടുത്തലാണ്. ഉദയനിധി സ്റ്റാലിനെതിരെ പോലീസ് നടപടിയെടുക്കാത്തതിന്റെ ഫലമായാണ് ഇങ്ങനെയൊരു അപേക്ഷ വന്നതെന്നു പറഞ്ഞ കോടതി, അധികാരത്തിലുള്ള വ്യക്തികള്‍ വിദ്വേഷ പ്രസംഗം നടത്തുന്നതിന്റെ അപകടം മനസ്സിലാക്കണമെന്നും, ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പറഞ്ഞത് ഉദയനിധി സ്റ്റാലിന്റെയും മറ്റും പ്രവൃത്തി അനുവദിക്കാനാവില്ലെന്ന മുന്നറിയിപ്പാണ്. ജാതിയുടെയും മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയുമൊക്കെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതില്നിന്ന് അധികാരികള്‍ വിട്ടുനില്‍ക്കണം. ആരോഗ്യത്തിനു ഹാനികരമായ മദ്യവും മയക്കുമരുന്നുമൊക്കെ ഉന്മൂലനം ചെയ്യാനാണ് ഇവര്‍ ശ്രമിക്കേണ്ടത്. അഴിമതിയും അസ്പൃശ്യതയും പോലുള്ള സാമൂഹ്യതിന്മകളാണ് തുടച്ചുനീക്കപ്പെടേണ്ടത്. വിഭാഗീയമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശം രാജ്യത്തെ ഒരു പൗരനുമില്ല. ഏതെങ്കിലും ആശയം തുടച്ചുനീക്കാനുള്ള സമ്മേളനം സംഘടിപ്പിക്കാനുമാവില്ല. സഹവര്‍ത്തിത്വമാണ് വേണ്ടത് എന്നൊക്കെയുള്ള ശക്തമായ നിലപാടുകളാണ് കോടതി സ്വീകരിച്ചത്. ഉദയനിധി സ്റ്റാലിനെതിരായ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മറ്റൊരു കേസില്‍ വിമര്‍ശനമുണ്ടായിരിക്കുന്നത് ശ്രദ്ധേയമാണ്. ഉദയനിധി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ വിധി വരാനിരിക്കെ സര്‍ക്കാരിന് ഇത് ഒരു തിരിച്ചടിയാണ്.
കോടതിയുടെ വിമര്‍ശനം വന്നതിനുശേഷവും വിദ്വേഷ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഉദയനിധി പറഞ്ഞിരിക്കുന്നു. തന്റെ ആശയമാണ് പറഞ്ഞത്, കേസ് നിയമപരമായി നേരിടുമത്രേ. അധികാരത്തിലിരിക്കുമ്പോള്‍ എന്താണോ പൗരന്മാര് ചെയ്യരുതെന്ന് കോടതി പറയുന്നത്, അത് ചെയ്യുമെന്നാണ് ഇതിനര്‍ത്ഥം. ഇത് ഡിഎംകെ എന്ന രാഷ്ട്രീയ കക്ഷിയുടെയും സര്‍ക്കാരിന്റെയും അജണ്ടയാണ്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണിത്. തമിഴ്നാട്ടില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം ഇതിന്റെ ഭാഗമാണ്. ഇതിനും കോടതിയില്‍നിന്ന് തിരിച്ചടി കിട്ടി. സംസ്ഥാനത്ത് ആര്‍എസ്എസ് പഥസഞ്ചലനം തടഞ്ഞുകൊണ്ടുള്ള ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് അംഗീകരിക്കാതെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പഥസഞ്ചലനം നടത്താന്‍ ആര്‍എഎസ്എസിന് അനുവാദമുണ്ടെന്നും, അത് പരിമിതപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരു ജില്ലയില്‍ ഒരു പഥസഞ്ചലനം മാത്രമേ നടത്താവൂ എന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഹിന്ദുധര്‍മത്തിനെതിരായ നിലപാടുകള്‍ എടുക്കുകയും, ആര്‍എസ്എസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം സര്‍ക്കാരിനും തമിഴ്നാടുമായി ബന്ധപ്പെട്ട കോടതിവിധികള്‍ ഒരു പാഠമാണ്. സഹസ്രാബ്ദങ്ങളുടെ വെല്ലുവിളികളെ അതിജീവിച്ച് നിത്യനൂതനമായി നിലകൊള്ളുന്ന ഒന്നാണ് സനാതന ധര്‍മം. ലോകമെമ്പാടും അതിന്റെ വ്യാപ്തിയും സ്വീകാര്യതയും അനുദിനം വര്‍ധിച്ചുവരികയാണ്. രാഷ്ട്രീയാധികാരം ഉപയോഗിച്ച് ഈ മുന്നേറ്റത്തെ ചെറുക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: