Categories: IndiaCricketSports

ഇന്ത്യൻ പതാകയിൽ കമ്പനി ലോഗോ കണ്ട് കലിയിളകി സുനിൽ ഗവാസ്‌കർ; ദേശീയ പതാകയെ വികൃതമാക്കാൻ അനുവദിക്കരുതെന്ന് ഗവാസ്കര്‍

Published by

മുംബൈ ത്രിവർണ്ണ പതാകയിൽ കമ്പനിയുടെ പരസ്യം കണ്ടതിൽ പഴയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇപ്പോള്‍ കമന്‍റേറ്ററുമായ സുനില്‍ ഗവാസ്കര്‍ക്ക് കലിയിളകി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വന്‍ ജയം നേടിയ ഇന്ത്യയുടെ മത്സരത്തിന് ശേഷം സ്പോര്‍ട്സ് കമന്‍റേറ്ററായ സുനില്‍ ഗവാസ്കറുടെ മുന്‍പിലേക്ക് ശ്രേയസ് അയ്യര്‍ എത്തി.

ഇന്ത്യയ്‌ക്ക് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ 87 പിന്തില‍് നിന്നും 77 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ എത്തിയിട്ടും ഒരു ചോദ്യം പോലും ഗവാസ്കര്‍ ചോദിച്ചില്ല. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വന്‍സ്കോര്‍ അടിച്ചുകൂട്ടാന്‍ ഇന്ത്യയെ സഹായിച്ചത്. ഈ ലോകകപ്പിലാകട്ടെ അര്‍ധസെഞ്ച്വറികള്‍ ധാരാളമായി വാരിക്കൂട്ടി ശ്രേയസ് അയ്യര്‍ നല്ല ഫോമലുമാണ്. എന്നിട്ടും തന്റെ അടുത്തെത്തിയ ശ്രേയസ് അയ്യരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഗവാസ്കര്‍ മറന്നുപോയതെന്ത് കൊണ്ടാണ്? ഇതേക്കുറിച്ച് പിന്നീട് രവിശാസ്ത്രി ഗവാസ്കറോട് തിരക്കിയപ്പോഴാണ് ശ്രേയസ്സ് അയ്യരോട് ചോദ്യം ചോദിക്കാന്‍ മറന്നുപോയതിന്റെ കാരണം ഗവാസ്കര്‍ വെളിപ്പെടുത്തിയത്. സ്റ്റേഡിയത്തില്‍ കണ്ട ഒരു സ്വാതന്ത്ര്യപ്പതാകയാണ് തന്നെ നിശ്ശബ്ദനാക്കിക്കളഞ്ഞതെന്ന് ഗവാസ്കര്‍. അതിന് കാരണം ഇതാണ്. സ്റ്റേഡിയത്തിലെ ഒരു ഇന്ത്യന്‍ പതാകയില്‍  ഏതോ ഒരു കമ്പനിയുടെ പരസ്യം പതിച്ചിരിക്കുന്നത് ഗവാസ്കര്‍ കണ്ടു. ഇതാണ് ഗവാസ്കറെ ക്ഷുഭിതനാക്കിയത്. അദ്ദേഹത്തിന്റെ രാജ്യസ്നേഹം ഉണര്‍ന്നു. ഇന്ത്യയുടെ പതാകയെ വികൃതമാക്കാൻ ആരെയും അനുവദിക്കരുതെന്നും അങ്ങിനെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടനെ പിടിച്ചെടുക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു.

തനിക്ക് ശ്രേയസ് അയ്യരോട് ഒരു നൂറ് ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നെന്നും എന്നാൽ സമീപത്ത് കണ്ട ദേശീയ പതാകയിൽ കമ്പനിയുടെ ലോഗോ കണ്ട് ശ്രദ്ധ തെറ്റിയതിനാൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞില്ലെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു.

അടുത്ത തവണ ഇത്തരത്തിൽ എന്തെങ്കിലും കണ്ടാൽ പോലീസ് പതാക പിടിച്ചെടുക്കണമെന്നും ത്രിവർണ പതാകയിൽ ഏതെങ്കിലും തരത്തിലുള്ള പരസ്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക