ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഈ വര്‍ഷത്തെ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം നവമ്പര്‍ എട്ട് ബുധനാഴ്ച വൈകീട്ട് ആറിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ഈ വര്‍ഷത്തെ ശ്രീഗുരുവായൂരപ്പന് ചെമ്പൈ സംഗീത പുരസ്കാരം കര്‍ണ്ണാടക സംഗീതജ്ഞന് പത്മഭൂഷണ്‍ മധുരൈ ടി.എന്‍. ശേഷഗോപാലന് മന്ത്രി ചടങ്ങില്‍ സമ്മാനിക്കും. തുടര്‍ന്ന് പുരസ്കാര സ്വീകര്‍ത്താവിന്റെ സംഗീതക്കച്ചേരിയും മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ നടക്കും.
നവമ്പര്‍ ഒമ്പതിന് രാവിലെ ഏഴ് മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശന് നമ്പൂതിരിപ്പാട് ചെമ്പൈ സംഗീത മണ്ഡപത്തില്‍ ഭദ്രദീപം തെളിക്കുന്നതോടെ 15 ദിവസം നീളുന്ന സംഗീതോത്സവത്തിന് തുടക്കമാകും.
മേല്പത്തൂര് ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ചെമ്പൈ സ്വാമികളുടെ തംബുരു ചെമ്പൈ കോട്ടായി ഗ്രാമത്തിലെ വസതിയില്‍ നിന്നും നവമ്പര്‍ ഏഴിന് വൈകീട്ട് ഏറ്റുവാങ്ങി ഘോഷയാത്രയോടെ വിവിധ കേന്ദ്രങ്ങളില്‍ വരവേല്പ് ഏറ്റുവാങ്ങി നവമ്പര്‍ 8 ബുധനാഴ്ച വൈകീട്ട് ആറോടെ കിഴക്കേ നടയില്‍ നിന്ന് സ്വീകരിച്ച് മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ എത്തിയ്ക്കും. ഗുരുവായൂര്‍ ഏകാദശിയോടനുബന്ദിച്ച് കര്‍ണ്ണാടക സംഗീതജ്ഞന് അന്തരിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയിരുന്ന ഏകാദശി നാദോപാസനയുടെ സ്മരണാര്‍ത്ഥമാണ് ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം നടത്തുന്നത്.
ഇക്കുറി 3000 സംഗീതോപാസകര്‍ സംഗീതാര്‍ച്ചന നടത്തും
ഇക്കുറി ഗുരുവായൂരില്‍ പക്കമേളക്കാരുള്പ്പെടെ 3000 സംഗീതോപാസകര്‍ സംഗീതാര്‍ച്ചന നടത്തും. ദിവസേന രാവിലെ ആറ് മണി മുതല്‍ രാത്രി 12 വരെ ഇവിടെ സംഗീതമൊഴുകും. ദിവസവും വൈകീട്ട് ആറ് മുതല്‍ ഒമ്പത് വരെ വിശേഷാല്‍ കച്ചേരികളാണ്. ഓരോ മണിക്കൂര്‍ വീതം രണ്ട് വായ്പാട്ടുകളും ഒരു സംഗീതോപകരണവും എന്ന മട്ടിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
19ന് ആകാശവാണി റിലേ കച്ചേരികളാണ്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകീട്ട് 7.35 മുതല്‍ രാത്രി 8,30 വരെയും റിലേ കച്ചേരികളാണ്. 20 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ളതാണ് ഈ റിലേ കച്ചേരികള്‍.
100ഓളം പ്രഗത്ഭമതികള്‍ പങ്കെടുക്കുന്ന പഞ്ചരത്നകീര്ത്തനാലാപം നവമ്പര്‍ 22ന് രാവിലെ 9 മുതല്‍ 10 വരെ നടക്കും. ഏകാദശി ദിവസമായ 23ന് സംഗീതോത്സവം കൊടിയിറങ്ങും. സമാപന സംഗീതാര്‍ച്ചന ടി.വി. ഗോപാലകൃഷ്ണന് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: