Categories: Kollam

കരുനാഗപ്പള്ളി റെയില്‍വെ സ്റ്റേഷന്‍ അമൃത് പദ്ധതിയിലേക്ക്

Published by

രുനാഗപ്പള്ളി: രാജ്യത്തെ മുഴുവന്‍ പ്രധാന റെയില്‍വെ സ്റ്റേഷനുകളും അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയര്‍ന്നതിന്റെ ഭാഗമായി അമൃത് പദ്ധതി രണ്ടാംഘട്ടത്തില്‍ കരുനാഗപ്പള്ളി റെയില്‍വെ സ്റ്റേഷനും ഉള്‍പ്പെടും. അമൃത്പദ്ധതിയില്‍ ഉള്‍പ്പെട്ട റെയില്‍വെ സ്റ്റേഷനുകളുടെ ആദ്യഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം രണ്ടാംഘട്ടത്തിലെ സ്റ്റേഷനുകള്‍ പ്രഖ്യാപിക്കും. ഇതില്‍ കരുനാഗപ്പള്ളി ഉള്‍പ്പെടുമെന്ന് റയില്‍വേ പാസഞ്ചര്‍ അമിനിറ്റിസ്‌കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് ഉറപ്പു നല്കിയിട്ടുണ്ട്.

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പദ്ധതിയുടെ ആദ്യഘട്ടപ്രവര്‍ത്തനം തുടങ്ങിയതിനാലാണ് രണ്ടാം ഘട്ടത്തില്‍ സ്റ്റേഷനെ ഉള്‍പ്പെടുത്തുന്നത് .
റയില്‍വേ പാസഞ്ചര്‍ അമിനിറ്റിസ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സന്ദര്‍ശിച്ച 33 സ്റ്റേഷനുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നും അതില്‍ 30
സ്റ്റേഷനുകളേയും ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും കരുനാഗപ്പള്ളി, കണ്ണൂര്‍ ഉള്‍പ്പെടെ മൂന്നുസ്റ്റേഷനുകളെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

കരുനാഗപ്പള്ളിയില്‍ മൂന്ന് ലിഫ്റ്റ് സ്ഥാപിക്കുന്നതു കൂടാതെ 32 മീറ്റര്‍ നീളത്തില്‍ രണ്ട് പ്ലാറ്റ്‌ഫോം ഷെല്‍ട്ടറും, പുതിയ ബില്‍ഡിങ്ങ്, മെച്ചപ്പെട്ട ശുദ്ധജല വിതരണ സംവിധാനം, പാ
ര്‍ക്കിങ്ങ് സംവിധാനം 2000 മീറ്ററായി ഉയര്‍ത്തല്‍ തുടങ്ങിയവക്ക് അംഗീകാരം ആയതായും പി.കെ. കൃഷ്ണദാസ് അറിയിച്ചു. ബിജെപി കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ അഭ്യര്‍ഥന പ്രകാരം പി.കെ. കൃഷ്ണദാസ് കഴിഞ്ഞ മാര്‍ച്ചില്‍ റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു.

എന്‍എസ് ജി-4 കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം

റെയില്‍വെ സ്റ്റേഷന്‍ വികസനത്തിന് അനുമതി നല്‍കുന്നത് വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷന്‍ നിലവില്‍ എന്‍എസ്ജി-5 കാറ്റഗറിയിലാണ്. 10 കോടി വരുമാനവും, 20 ലക്ഷം യാത്രക്കാരുമുള്ള സ്റ്റേഷനുകളാണ് ഈ കാറ്റഗറിയില്‍പ്പെടുന്നത്.

2022-23 മേയ് വരെയുള്ള കണക്കനുസരിച്ച് കരുനാഗപ്പള്ളി സ്റ്റേഷനില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 7,60,63,071 രൂപയും. യാത്രക്കാരുടെ എണ്ണം 17,15,776 ഉം ആണ്. 10 കോടി മുതല്‍ 20കോടി വരുമാനവും, 20 ലക്ഷം മുതല്‍ 50 ലക്ഷം യാത്രക്കാരേയും കൈകാര്യം ചെയ്യുന്ന എന്‍എസ്ജി-4 കാറ്റഗറിയില്‍ കരുനാഗപ്പള്ളിയെ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ വികസനം എത്തിക്കാന്‍ സാധിക്കും.

എന്നാല്‍ നിലവിലെ യാത്രക്കാരുടെ എണ്ണവും, വരുമാനവും പരിഗണിച്ചാല്‍ സമീപഭാവിയില്‍ ഗ്രേഡ് ഉയര്‍ത്തല്‍ നടക്കില്ല. പ്രധാനപ്പെട്ട ആദ്ധ്യാത്മിക കേന്ദ്രങ്ങളൊ, ടൂറിസം കേന്ദ്രങ്ങളൊ സമീപമുള്ള റയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് ചില മാനദണ്ഡങ്ങളില്‍ ഇളവുകളുണ്ട്.

ഇതുപ്രകാരം എം പിയൊ, എംഎല്‍എയോ സ്ഥലത്തിന്റെ പ്രത്യേകതയും, ആവശ്യകതയും കാണിച്ച് റയില്‍വെ ജനറല്‍ മാനേജര്‍ക്ക് കത്ത് കൊടുക്കാവുന്നതാണ്. ജനറല്‍ മാനേജര്‍
ക്ക് ആവശ്യമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ജനപ്രതിനിധികള്‍ തയ്യാറാകുന്നില്ല.

ടൂറിസവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍ സാധ്യതകള്‍ ഒന്നും നിലനില്‍ക്കുന്നില്ല. എന്നാല്‍ പ്രധാന ആദ്ധ്യാത്മിക കേന്ദ്രങ്ങളുടെ മാനദണ്ഡത്തില്‍ പരിഗണിക്കപ്പെടാവുന്ന സ്റ്റേഷനാണ് കരുനാഗപ്പള്ളി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേരുന്ന അമൃതാനന്ദമയി മഠം ഇന്ത്യയിലെ തന്നെ പ്രധാനആദ്ധ്യാത്മിക കേന്ദ്രമായി മാറിയിരിക്കുന്നു.

ദീര്‍ഘദൂരട്രയിനുകള്‍ക്ക് കരുനാഗപ്പള്ളിയില്‍ സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ഇവിടെ വരുന്ന ഭക്തര്‍ കൂടുതലും കൊല്ലം, കായംകുളം റയില്‍വേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. എന്‍ എസ് ജി 5 കാറ്റഗറിയുള്ള കരുനാഗപ്പള്ളി സ്റ്റേഷന്‍ എന്‍എസ്ജി – 4 ലേക്ക് ഉയര്‍ത്താന്‍ ഇതുവഴി സാധിക്കും. കരുനാഗപ്പള്ളിയുടെ വികസന കുതിപ്പിന് ഇത് വഴിവെക്കും എന്നും കണക്കാക്കുന്നു.

അമൃതാനന്ദമയി മഠത്തിന്റെ പരിഗണനയില്‍ കരുനാഗപ്പള്ളിസ്റ്റേഷന്‍ എന്‍എസ്ജി – 4 ലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ കരുനാഗപ്പള്ളി സ്റ്റേഷന്റെ പേര് അമൃതപുരിസ്റ്റേഷന്‍ എന്നോ മറ്റും മാറ്റപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ന്യൂനപക്ഷ പ്രീതി നഷ്ടപ്പെടും എന്ന ഭയപ്പാടാണ് ഇവരെ ആ ഉദ്യമത്തില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നത്. എന്‍എസ്ജി-4 കാറ്റഗറിയില്‍പ്പെട്ടാല്‍ കരുനാഗപ്പള്ളിയില്‍ കൂടുതല്‍ ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കപ്പെടുന്നതോടൊപ്പം ലൂപ്പ് ട്രാക്ക് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയും കൂടുതല്‍ വികസന പദ്ധതികള്‍ക്ക് കാരണമാകുകയും ചെയ്യും.

കാറ്റഗറി ഉയര്‍ത്തുന്നതോടെ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലും ചില സൗകര്യങ്ങള്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ട്. ബാഗേജുമായി എത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ തുടര്‍ യാത്രക്ക് സ്റ്റേഷനുമായി ബന്ധപ്പെടുത്തി റഗുലര്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തണം. പ്രീപെയ്ഡ് ആട്ടോ സൗകര്യം , റോഡുകളുടെ വികസനം ഉള്‍പ്പെടെ ഉള്ള കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഒരുക്കേണ്ടി വരും.

രാഷ്‌ട്രീയ മുതലെടുപ്പിന് വേദിയാകുമ്പോള്‍

റെയില്‍വെ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് എ.എന്‍. ആരിഫ് എംപി യും, സി.ആര്‍. മഹേഷ് എംഎല്‍എയും ഉയര്‍ത്തുന്ന അവകാശവാദങ്ങളും, സമര പ്രഖ്യാപനങ്ങളും രാഷ്‌ട്രീയ മുതലെടുപ്പിനുള്ള വിലകുറഞ്ഞ സമീപനമാകുന്നു.

നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിലെ റയില്‍വെ മേഖലയിലുണ്ടാക്കിയ മുന്നേറ്റം കണ്ടില്ലെന്ന് നടിച്ച് കരുനാഗപ്പള്ളിയെ അവഗണിക്കുന്നതായി പ്രചരണം നടത്തി സ്റ്റേഷന്‍ പടിക്കല്‍ സത്യാഗ്രഹം നടത്തുന്നവര്‍ സ്വയം അപഹാസ്യരാവുകയാണ്.

മാളിയേക്കല്‍, ചിറ്റുമൂല, ഇടക്കുളങ്ങര മേല്‍പ്പാലങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരാണ് അനുവദിച്ചത്. കേരളത്തിലെ മുഴുവന്‍ എംപിമാരും പിന്താങ്ങിയ യുപിഎ സര്‍ക്കാരില്‍ സ്ഥലം എംപിയായ കെ.സി. വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിട്ടും ഒരെണ്ണത്തിനു പോലും അനുമതി ലഭിച്ചിരുന്നില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് കരുനാഗപ്പള്ളിയിലെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂന്ന് പ്രധാന റോഡുകളില്‍ മേല്‍പ്പാലങ്ങള്‍ അനുവദിച്ചത്.

എംപിയും എംഎല്‍എയും രാഷ്‌ട്രീയം കളിക്കുന്നു: ബിജെപി
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് റെയില്‍വെ സ്റ്റേഷന്‍ വികസനത്തിന്റെ പേരില്‍ എ.എന്‍. ആരിഫ് എംപി യും സി.ആര്‍. മഹേഷ് എംഎല്‍എയും രാഷ്‌ട്രീയം കളിക്കുകയാണന്ന് ബിജെപി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി, ഇപ്പോള്‍ കരുനാഗപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആരീഫും,
മഹേഷും എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യവ്യാപകമായി റെയില്‍വെയില്‍ നടക്കുന്ന വികസനകുതിപ്പിന്റെ ഭാഗമായി കരുനാഗപ്പള്ളി യിലും സമാനതകള്‍ ഇല്ലാത്ത വികസനം നടന്നുവരുകയാണ്. ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ കാട്ടി കൂട്ടുന്ന ചെപ്പടിവിദ്യകള്‍ ജനങ്ങള്‍ മനസിലാക്കുമെന്ന് ബിജെപി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആര്‍. രാജേഷ് പറഞ്ഞു.

ദേശീയപാതയുടെയും കരുനാഗപ്പള്ളി മേല്‍പ്പാലം ഉള്‍പ്പെടെ പല പദ്ധതികളിലും ആരിഫ് എംപിയുടെ തെറ്റായ അവകാശവാദം ജനങ്ങള്‍ തിരിച്ചറിയണമെന്നും കെ.ആര്‍. രാജേഷ് അഭിപ്രായപ്പെട്ടു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by