കൊല്ലം: ഭിന്നശേഷിക്കാരന് കഴിഞ്ഞ 13 വര്‍ഷമായി നല്കിയ പെന്ഷന് തുക പിണറായി സര്‍ക്കാര്‍ തിരിച്ചുചോദിക്കുമ്പോള്‍ ആ തുക കുടുംബത്തിന് നല്കി ആശ്വാസമേകി നടന് സുരേഷ് ഗോപി. പെന്‍ഷനായി വാങ്ങിയ 1.23 ലക്ഷം രൂപ എങ്ങിനെ തിരിച്ചടയ്ക്കുമെന്നറിയാതെ കേഴുന്ന കുടുംബത്തിന്റെ വേദന നടന് സുരേഷ് ഗോപി തിരിച്ചറിഞ്ഞു. ഉടനെ ആ തുക കുടുംബത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
“സര്‍ക്കാരിന്റെ തീരുമാനം എന്ത് നിയമത്തിന്റ പശ്ചാത്തലത്തിലാണെന്ന് എനിക്കറിയില്ല. സര്‍ക്കാര്‍ ഈ തുക തിരിച്ചാവശ്യപ്പെടുന്നു. അത് ആ അമ്മയുടെ ബാധ്യതയായി മാറുന്നു ഇങ്ങിനെയുള്ലള ഭാരങ്ങള്‍ സമൂഹത്തില്‍ എന്തൊക്കെ ആഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. അത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതെ ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ അത് തിരിച്ചുകൊടുക്കുമെങ്കില് കൊടുത്തോട്ടെ. ആ അമ്മയ്ക്ക് അത് തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്നുറപ്പാണ്. ഞാന്‍ അത് കണ്ടതാണ്. ഞാനത് ഉച്ചയ്ക്ക് 11 മണിയോടെ അറിഞ്ഞു. ഞാന്‍ ഭാര്യ രാധികയോട് വിളിച്ചുപറഞ്ഞിട്ടുണ്ട്. ഇതിനോടകം ഒരു ലക്ഷം രൂപ ആ അമ്മയുടെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ടാകും. ഇനി അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ലക്ഷം കൂടി ആ അമ്മയ്ക്ക് ചെല്ലേണ്ടതുണ്ടെങ്കില് നിങ്ങള്‍ എന്നെ ഉപദേശിച്ചാല്‍ മതി. ഞാന്‍ അത് ചെയ്തുകൊള്ളാം.”- സുരേഷ് ഗോപി മാതൃഭൂമി ടിവി ചാനലിനോട് പറഞ്ഞു. മാതൃഭൂമിയാണ് ഈ കുടുംബത്തിന്റെ കദനകഥ പുറത്തുവിട്ടത്.
“അങ്ങയുടെ മഹാമനസ്കതയ്ക്ക് നന്ദി. ഇതുപോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക്, ദുരിതം പേറുന്ന ആളുകള്‍ക്ക് അവിടെ തിരിഞ്ഞുനോക്കാനാളുണ്ടല്ലോ എന്നത് വലിയൊരു ആശ്വാസമാണ്”.- തുക നല്‍കിയെന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ക്ക് നന്ദിയായി മാധ്യമപ്രവര്ത്തകന് പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ മാധ്യമമേഖലയില്‍ നിന്നുള്ള ചിലരുടെ ദുഷ്ടലാക്കാണ് സുരേഷ് ഗോപിയുടെ സല്പേര് തകര്‍ക്കാന്‍ ശ്രമിച്ചതും.
“കടമെടുത്ത തുക തിരിച്ചടച്ചിട്ടും കുന്നംകുളത്തെ ഇസ്ലാംമതവിശ്വാസിയായ ഒരാളെ ഒരു ദേശസാല്‍കൃത ബാങ്കിന്റെ മാനേജര്‍ ഉപദ്രവിക്കുകയാണ്. ഒരു സുപ്രീംകോടതി ഉത്തരവ് കാണിച്ചാണ് ഈ പീഢനം. ഞാന്‍ ആ കേസില്‍ ഇടപെട്ട് കൊണ്ടിരിക്കുകയാണ്. “- താന്‍ ഇടപെടാന്‍ പോകുന്ന മറ്റൊരു ജീവകാരുണ്യ പ്രശ്നം കൂടി അവതരിപ്പിക്കുകയാണ് സുരേഷ് ഗോപി. അതെ , സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരിയ്ക്കലും അവസാനിക്കുന്നേയില്ല.
ഭിന്നശേഷിക്കാരന്റെ അമ്മയ്ക്ക് സര്‍ക്കാര്‍ പെന്ഷന് ലഭിക്കുന്നതിനാലാണ് മകന് കഴിഞ്ഞ 13 വര്‍ഷമായി വാങ്ങിക്കൊണ്ടിരുന്ന വികലാംഗ പെന്ഷന് തുക ഒന്നിച്ച് സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലം, പരവൂര്‍ കലയ്ക്കോട് സ്വദേശിയായ സുധാഭവനില്‍ ഭിന്നശേഷിക്കാരനായ ആര്.എസ്. മണിദാസിനാണ് നോട്ടീസ് ലഭിച്ചത്. ഒരാഴ്ചയ്ക്കകം തുക അടയ്ക്കണമെന്നാണ് ഉത്തരവിലുള്ളത്.ഇത്രയും വലിയ തുക എങ്ങിനെ തിരിച്ചടയ്ക്കുമെന്നറിയാതെ കേഴുന്ന അമ്മയുടെയും മകന്റെയും കഥ മാധ്യമങ്ങളില്‍ വാര്‍ത്തായിരുന്നു. ഇത് കേട്ട സുരേഷ് ഗോപി ഇടപെടുകയായിരുന്നു.
സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ട 1.23 ലക്ഷം രൂപ താന്‍ കൂടുംബത്തിന് നല്‍കുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിക്കുകയായിരുന്നു. ഇനിയും കൂടുതല്‍ സഹായം കുടുംബത്തിന് വേണ്ടി ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഡൗണ്‍ സിന്‍ഡ്രോമിന് പുറമെ 80 ശതമാനം ബുദ്ധിവൈകല്യമടക്കം മറ്റ് പ്രശ്നങ്ങളുമുള്ള മണിദാസിന് ആകെയുള്ള ആശ്രയം 70 വയസിന് മുകളില്‍ പ്രായമുള്ള മാതാപിതാക്കളാണ്. വികലാംഗ പെന്ഷന് കഴിഞ്ഞ 13 വര്‍ഷമായി മണിദാസിന് കിട്ടിയിരുന്നു. ഈ പെന്ഷന് തുകയാണ് ഉടന്‍ തിരിച്ചടയ്ക്കാന്‍ ധനവകുപ്പ് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ സ്കൂളില്‍ തയ്യല്‍ അധ്യാപിക ആയിരുന്ന മണിദാസിന്റെ അമ്മയ്ക്ക് പെന്ഷന് ഉണ്ടെന്ന കാരണം പറഞ്ഞാണ് ധനവകുപ്പിന്റെ നടപടി.
മണിദാസ് വികലാംഗ പെന്ഷന് അപേക്ഷിക്കുമ്പോള്‍ അമ്മയ്ക്ക് തുച്ഛമായ തുകയായിരുന്നു പെന്ഷന്. കഴിഞ്ഞവര്‍ഷമാണ് തുക തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. അച്ഛന് വരുമാന മാര്‍ഗമില്ല. അമ്മയുടെ പെന്ഷന് മണിദാസിന്റെ ചികിത്സക്ക് പോലും തികയുന്നില്ല. ഈ സാഹചര്യത്തിലാണ് ഒന്നര ലക്ഷത്തിന് അടുത്തുള്ള പെന്ഷന് തുക ഒരാഴ്ചയ്ക്കകം തിരിച്ചടയ്ക്കണമെന്ന നിര്‍ദേശം എത്തുന്നത്.ഇവിടെയാണ് മാധ്യമങ്ങള്‍ അനാവശ്യവിവാദത്തിന്റെ പേരില്‍ വേട്ടയാടുന്ന നടന് സുരേഷ് ഗോപി ആ കുടുംബത്തിന് സാന്ത്വനസ്പര്ശമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: