ഋഗ്വേദത്തിന് മുന്‍കാലത്ത് അഞ്ചു ശാഖകള്‍ ഉണ്ടായിരുന്നെങ്കിലും ശാകലശാഖ മാത്രമേ ഇപ്പോള്‍ പ്രചാരത്തിലുള്ളൂ എന്നും ശുക്ലയജുഃസംഹിതയ്ക്ക് രണ്ടു ശാഖകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാണ്വശാഖ മാത്രമേ പ്രചാരത്തിലുള്ളൂ എന്നും കൃഷ്ണ യജുസംഹിതയ്ക്ക് നാലുശാഖകള്‍ ഉണ്ടായിരുന്നെങ്കിലും തൈത്തിരീയ ശാഖയ്ക്കു മാത്രമാണ് ഇപ്പോള്‍ പ്രചാരമുള്ളത് എന്നും നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ.
സാമവേദത്തിനും അനേകം ശാഖകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പതഞ്ജലി മഹര്‍ഷിയുടെ കാലത്ത് സാമവേദത്തിന് ആയിരം ശാഖകള്‍ തന്നെ ഉണ്ടായിരുന്നത്. (“സഹസ്രവര്ത്മാ സാമവേദഃ എന്നാണ് മഹാഭാഷ്യത്തില്‍ പറഞ്ഞിരിക്കുന്നത്.) എന്നാല്‍ ഇന്നിപ്പോള്‍ സാമവേദത്തിന് കൗഥുമ ശാഖ, രാണായനീയ ശാഖ, ജൈമിനീയ ശാഖ എന്നിങ്ങനെ മൂന്നു ശാഖകള്‍ മാത്രമേ നിലനില്ക്കുന്നുള്ളൂ. കൗഥുമശാഖയ്ക്ക് താണ്ഡ്യശാഖ എന്ന പേരില്‍ ഒരു ഉപശാഖയുണ്ടായിരുന്നു. ശ്രീശങ്കരാചാര്യര്‍ വേദാന്തഭാഷ്യത്തില് പലയിടത്തും താണ്ഡ്യശാഖയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. അതുപോലെ ജൈമിനീയ ശാഖയ്ക്കും തവലകാരശാഖ എന്നൊരു അവാന്തരശാഖ ഉണ്ടായിരുന്നു. പ്രസിദ്ധമായ കേനോപനിഷത്ത് ഈ തവലകാരശാഖയുമായി ബന്ധപ്പെട്ടതാണ്. സാമവേദത്തിന് കൗഥുമാദി മൂന്നു ശാഖകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ടെന്ന് പറയപ്പെടുന്നെങ്കിലും അതുകള്‍ പരമ്പരയാ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം പോലും തുലോം ശുഷ്കിച്ച് സാമവേദികളുടെ സംഖ്യതന്നെ വിരളമായി തീര്‍ന്നിരിക്കുകയാണ്.
ആര്ച്ചികവും ഗാനവും
സാമസംഹിതയ്ക്ക് ആര്‍ച്ചികം എന്നും ഗാനം എന്നും രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ആര്‍ച്ചികം എന്നതിന്റെ ശബ്ദാര്‍ത്ഥം ഋചാരൂപരായ മന്ത്രങ്ങള്‍ അഥവാ ഋഗ്വേദത്തിലുള്ള മന്ത്രങ്ങള്‍ എന്നാണ്. ആര്ച്ചികത്തിന് പൂര്വ്വാര്ച്ചികമെന്നും ഉത്തരാര്ച്ചികമെന്നും രണ്ടു പിരിവുകളുണ്ട്. പൂര്വ്വാര്ച്ചികത്തില് ആറു പ്രപാഠകങ്ങള്‍ അഥവാ അദ്ധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു. ഓരോ പ്രപാഠകത്തിലും ഈരണ്ട് ഖണ്ഡങ്ങളുണ്ട്. ഓരോ ഖണ്ഡത്തിലും പത്ത് ഋങ് മന്ത്രങ്ങള്‍ വീതമുള്ള ‘ദശതി’കളാണ് ഉള്ളത്. (എന്നാല്‍ പ്രത്യക്ഷത്തില്‍ ദശതികളിലെ മന്ത്രസംഖ്യ കൃത്യം പത്തുതന്നെ ആയിട്ടല്ല കാണപ്പെടുന്നത്. അത് ഒന്നില്‍ കൂടുതലായും മറ്റതില്‍ കുറഞ്ഞും കാണപ്പെടുന്നു.) ഛന്ദസ്സിന്റേയോ ദേവതയുടേയോ ഏകരൂപതയാണ് ദശതികളിലെ മന്ത്രങ്ങള്‍ ഏകത്രീകരിക്കാന് കാരണമായിട്ടുള്ളത്. (അതായത് സമാനങ്ങളായ ഛന്ദസ്സുകളിലുള്ളതോ ഒരേ ദേവതയെ സ്തുതിക്കുന്നവയോ ആയ മന്ത്രങ്ങള്‍ ഏകീകരിച്ചിരിക്കുന്നു. പക്ഷേ ദശതിയിലുള്ള മന്ത്രങ്ങള്‍ വിഭിന്ന ഋഷിമാര്‍ ദര്ശിച്ചിട്ടുള്ളവയാണ്.)
പൂര്വാര്ച്ചികത്തില് ആറു പ്രപാഠകങ്ങള്‍ ഉള്ളതില്‍ ഒന്നാമത്തെ പ്രപാഠകത്തെ ആഗ്നേയപര്വ്വം അഥവാ ആഗ്നേയകാണ്ഡം എന്നും രണ്ട്, മൂന്ന്, നാല് ഈ പ്രപാഠകങ്ങളെ ഐന്ദ്രപര്വ്വങ്ങള് എന്നും അഞ്ചാം പ്രപാഠകത്തെ പവമാനപര്വ്വം എന്നും ആറാം പ്രപാഠകത്തെ ആരണ്യപര്വ്വം എന്നും പറഞ്ഞുവരുന്നു. അതു മാത്രമല്ല ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രപാഠകങ്ങളിലെ അഥവാ അദ്ധ്യായങ്ങളിലെ ഋക്കുകളെ ‘ഗ്രാമഗാന’മെന്നും ആറാം അദ്ധ്യായത്തിലെ ഋക്കുകളെ ‘അരണ്യഗാനം’എന്നും വിളിക്കുന്ന പതിവുണ്ട്. അവസാനം ‘മഹാനാമ്നീ’ എന്ന പേരിലുള്ള പത്ത് ഋങ് മന്ത്രങ്ങള്‍ പരിശിഷ്ടമെന്ന നിലയില്‍ പൂര്വ്വാര്ച്ചികത്തില് ഉള്പ്പെടുത്തപ്പെട്ടും ഇരിക്കുന്നു.
സാമസംഹിതയിലെ ആര്ച്ചികത്തിന്റെ രണ്ടാം ഭാഗമായ ഉത്തരാര്‍ച്ചികത്തില്‍ ഒന്‍പത് പ്രപാഠകങ്ങള്‍ ഉണ്ട്. ആദ്യത്തെ അഞ്ച് പ്രപാഠകങ്ങള്ക്ക് ഈരണ്ട് വിഭാഗങ്ങളുണ്ട്. അവയെ പ്രപാഠകാര്ദ്ധം എന്നാണ് പറയാറുള്ളത്. അവസാനത്തെ നാലു പ്രപാഠകങ്ങളില്‍ മുമ്മൂന്ന് അര്ദ്ധങ്ങളുണ്ട്. രാണായനീയ ശാഖയെ അനുസരിച്ചാണ് ഇപ്രകാരം പറഞ്ഞത്. കൗഥുമശാഖയില് ഈ അര്ദ്ധങ്ങളെ അദ്ധ്യായങ്ങളായും ദശതികളെ ഖണ്ഡങ്ങളായും പറയുന്ന രീതിയാണ് നിലവിലുള്ളത്. ഉത്തരാര്‍ച്ചികത്തില്‍ ആകെ മന്ത്രസംഖ്യ 1250 ആണ്. (രണ്ട് ആര്ച്ചികങ്ങളിലും കൂടി ആകെ മന്ത്ര സംഖ്യ 625 + 1250 = 1875 ആകുന്നു.) സാമത്തിലുള്ള മന്ത്രങ്ങള്‍ പൊതുവേ ഋഗ്വേദത്തില്‍ നിന്നു സമാഹരിക്കപ്പെട്ടവയാണെങ്കിലും തികച്ചും നവീനമായ 99 ഋക്കുകള്‍ സാമത്തിനു സ്വന്തമായുണ്ട്. ഒരുപക്ഷേ ഋഗ്വേദത്തിന്റെ മറ്റു ശാഖകളില്‍ നിന്ന് (ശാകലശാഖ ഒഴികെയുള്ള ശാഖകളില്‍ നിന്ന്) സമാഹരിക്കപ്പെട്ടവയാണ് ഈ മന്ത്രങ്ങളെന്നും വരാവുന്നതാണ്. ശാകലശാഖയില്‍ നിന്നാണ് ഭൂരിപക്ഷം ഋക്കുകളും സമാഹരിച്ചിട്ടുള്ളത്.
കേരളത്തില്‍ ഇപ്പോഴും സാമവേദപാരമ്പര്യം കാത്തുസൂക്ഷി ക്കുന്നവരായി മൂന്നു നമ്പൂതിരി കുടുംബക്കാര് മാത്രമേ ശേഷിച്ചി ട്ടുള്ളു. ഇവര്‍ പാഞ്ഞാള്‍ പ്രദേശത്തുള്ള തോട്ടം, മുട്ടത്തുകാട്ടില്‍, നെല്ലിക്കാട്ട് മാമണ്ണ എന്നീ മനകളില്‍ ഉള്ളവരാണ്. (അടുത്ത കാലം വരെ പെരുമങ്ങാട്, കൊരട്ടിക്കര എന്നീ മനകളിലും ഈ പാരമ്പര്യം നിലനിന്നിരുന്നു.) ഇവരെല്ലാം ജൈമിനീയ ശാഖയിലുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: