കുട്ടനാടിന്റെ കാവലാളായി തലയുയര്‍ത്തി നില്‍ക്കുമ്പോഴും കാമപുരം ക്ഷേത്രം ശ്രദ്ധേയമാകുന്നത് മറ്റൊരു സവിശേഷതകൊണ്ടാണ്. തിരുവല്ല അമ്പലപ്പുഴപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കരുമാടി ശങ്കരനാരായണ ക്ഷേത്രമെന്ന കാമപുരം ക്ഷേത്രത്തിലാണ് ഭക്തരെ അത്ഭുതപ്പെടുത്തുന്നൊരു കല്വിളക്കുള്ളത്. ക്ഷേത്രത്തിനു മുന്പില് സ്ഥിതി ചെയ്യേണ്ട കല്‍വിളക്കിന്റെ സ്ഥാനം ഇന്ന് നമുക്ക് കാണാനാകുക തിരുനടയില്‍ നിന്നും അല്‍പ്പം തെക്ക് കിഴക്കായി മാറിയാണ്. ഇതേപ്പറ്റി കേള്‍ക്കുന്ന ഒരു വായ്മൊഴി ഇങ്ങനെയാണ്:
ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇവിടെയുള്ള സ്വര്‍ണകൊടിമരവും നഷ്ടമാകും എന്നായപ്പോള്‍ അത് ഈ മണ്ണില്‍ കുഴിച്ചിട്ടുവത്രേ. അതിന് മുകളില്‍ കല്‍വിളക്കും പണിതു. ഈ കല്‍വിളക്കാണ് ഇപ്പോള്‍ നിങ്ങിക്കൊണ്ടിരിക്കുന്നത്. കല്‍വിളക്ക് സ്ഥാനം മാറി തൊട്ടടുത്തുള്ള യക്ഷി അമ്പലത്തിന് മുന്നില്‍ എത്തുമ്പോള്‍ മണ്ണില്‍ നിന്ന് സ്വര്‍ണ കൊടിമരം ഉയര്‍ന്നു വരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഇരട്ട ഗര്‍ഭഗൃഹത്തോട് കൂടിയ വൃത്താകൃതിയിലുള്ള ശ്രീകോവില്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അതില്‍ വട്ടെഴുത് ലിപിയില്‍ കൊത്തി വെച്ചിട്ടുള്ള ശിലാലിഖിതങ്ങള്‍ ചരിത്രഗവേഷകര്‍ക്ക് ‘പാഠ പുസ്തക’മാണ്, മുളയറയില്‍ കുടുബ സമേതനായി പരമശിവന് കുടികൊള്ളുന്നു. ക്ഷേത്രത്തിനു തെക്കുഭാഗത്തു ശാസ്താവും, തെക്കുപടിഞ്ഞാറെ കോണില്‍ അപൂര്‍വ ജൈവസമ്പത്തു നിറഞ്ഞ സര്‍പ്പക്കാവുമുണ്ട്.
കണ്ണാടിയില്‍ നോക്കിയിരിക്കുന്ന സുന്ദരരൂപിയായ യക്ഷീവിഗ്രഹമാണ് യക്ഷിയമ്പലത്തിന്റെ പ്രത്യേകത. ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തായി കാണുന്ന പനയുടെ ചുവട്ടില്‍ തിരുവിതാംകൂര്‍ സര്‍വാധികാര്യക്കാരായിരുന്ന വൈക്കത്തു പദ്മനാഭപിള്ള, ഗോവിന്ദപിളള, വലിയശങ്കരന് എന്നിവരെ കുടിയിരുത്തിയിരിക്കുന്നു. വടക്കു ഭാഗത്തായി രക്ഷസ്സിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: