ആലപ്പുഴ: യഥാസമയം നെല്ല് സംഭരിച്ച് കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാം കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കുട്ടനാട്ടില്‍ നിന്നും സര്‍ക്കാര്‍ സംഭരിക്കുവാന്‍ ഉദ്ദേശിക്കുന്ന നെല്ല് 40,000 മെട്രിക്ക് ടണ്‍ ആണ്. സിവില്‍ സപ്ലൈസ് മുഖേന കര്‍ഷകരുടെ നെല്ല് സംഭരണത്തിന് കഴിഞ്ഞ വര്‍ഷം വരെ ഏതാണ്ട് 62 മില്ലുകാര്‍ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മില്ലുടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിനാല്‍ 52 ഓളം മില്ലുകാര്‍ സംഭരണം നടത്താതെ സമരത്തിലാണ്.
ശേഷിക്കുന്ന 11 മില്ലുകള്‍ മാത്രമാണ് ഇപ്പോള്‍ സംഭരണത്തിന് തയാറായിട്ടുള്ളത്. കാലാവസ്ഥ ഉള്‍പ്പെടെയുള്ളവ കര്‍ഷകര്‍ക്ക് പ്രതികൂലാവസ്ഥയില്‍ ആയതിനാല്‍ കൊയ്ത്തും സംഭരണവും ഇഴഞ്ഞാണ് മുന്നോട്ട് പോകുന്നത്. തുടര്‍ന്ന് വരുന്ന ഒരാഴ്ച്ചക്കാലം മഴ തുടരും എന്ന് കാലാവസ്ഥാ മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ കൊയ്ത നെല്ല് സംഭരിക്കുവാന്‍ വേണ്ട നടപടികള്‍ കാര്യക്ഷമതയോടെ നടപ്പാക്കണം.
സര്‍ക്കാര്‍ പുറത്തുവിട്ടതനുസരിച്ച് സംസ്ഥാനത്ത് ആകെ കഴിഞ്ഞവര്‍ഷം ഏതാണ്ട് ഏഴരലക്ഷം മെട്രിക്ക് ടണ്‍ നെല്ല് സംഭരിച്ചു എന്നതാണ് കണക്ക്. ഈ വര്‍ഷം അതിന് തത്തുല്യമായ തോതിലോ അതിലധികമോ സംഭരണം നടക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ സംഭരണം നടത്തുന്ന കേവലം പത്ത് മില്ലുകാരെ കൊണ്ട് ഒരു കാരണവശാലും ഇത്രയും നെല്ല് സംഭരിച്ച് തീര്‍ക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട്, സമരത്തിലുള്ള മില്ലുകളുമായുള്ള വിഷയങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: