ന്യൂദല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വീഡയോ എക്സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടാനുള്ള നിയമപരമായ ബാധ്യത സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഓര്‍മിപ്പിച്ചു.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഐടി നിയമം അനുസരിച്ച് ഉപഭോക്താക്കള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള് ബാധ്യസ്ഥരാണ്.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 36 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്തിരിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ റൂള്‍ 7 പ്രയോഗിക്കും, കമ്പനി നിയമ നടപടി നേരിടേണ്ടി വരും.
തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന ഏറ്റവും അപകടകരമായ പുതിയ രീതിയാണ് ഡീപ്പ് ഫേക്കുകളെന്ന് എക്സ് പോസ്റ്റില്‍ രാജീവി ചന്ദ്രശേഖര്‍ പറഞ്ഞു.
യഥാര്‍ത്ഥമെന്ന് തോന്നും വിധത്തില്‍ അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്പ് ഫേക്കുകള്‍. ഇവ തിരിച്ചറിയുക വലിയ പ്രയാസമാണ്.
സിനിമാ താരങ്ങളുടേയും സോഷ്യല്‍ മീഡിയാ സെലിബ്രിട്ടികളുടേയും നഗ്ന, അര്ധനഗ്നവുമായ ഡീപ്പ് ഫേക്ക് ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രശ്മികയുടെ വ്യാജ വീഡിയോ നിര്‍മിക്കാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ വീഡിയോയും കേന്ദ്രമന്ത്രി എക്സില്‍ പങ്കുവച്ചിട്ടുണ്ട്. യഥാര്‍ത്ഥ വീഡിയോയിലെ യുവതിയുടെ മുഖത്തിന്റെ സ്ഥാനത്ത് രശ്മികയുടെ മുഖം ചേര്‍ത്തുവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇതില്‍ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചന് അടക്കമുള്ള പ്രമുഖര്‍ രംഗത്തു വന്നിരുന്നു. ഡീപ്പ് ഫേക്കില്‍ രശ്മിക മന്ദാന ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: