അങ്കാറ: ഗാസയില്‍ ഇസ്രായേല്‍-ഹമാസ് പോരാട്ടം ശക്തമായി തുടരുന്നതിനിടെ തുര്‍ക്കിയിലെ യുഎസ് സൈനികരുള്‍പ്പെടെയുള്ള വ്യോമതാവളത്തില്‍ പാലസ്തീന് അനുകൂലികളുടെ ആക്രമണം.
യുദ്ധം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുര്ക്കിയിലെത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് വ്യോമതാവളത്തിലേക്ക് പാലസ്തീന് അനുകൂലികള്‍ ഇരച്ചുകയറാന്‍ ശ്രമിച്ചത്. അക്രമികള്‍ക്കു നേരെ തുര്‍ക്കി പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കും ഇസ്രായേലിനുള്ള യുഎസ് പിന്തുണയ്ക്കും എതിരെ ഞായറാഴ്ചയാണ് തുര്‍ക്കി സംഘടനയായ ഐഎച്ച്എച്ച് ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തെക്കന്‍ തുര്‍ക്കിയിലെ അദാന പ്രവിശ്യയിലുള്ള ഇന്‍സിര്‍ലിക് വ്യോമതാവളത്തിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
ഈ വ്യോമതാവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഐഎച്ച്എച്ച് പ്രതിഷേധം. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന രാജ്യാന്തര സഖ്യത്തെ പിന്തുണയ്ക്കുന്നതിനുവേണ്ടി സ്ഥാപിച്ച വ്യോമതാവളമാണ് ഇന്‍സിര്‍ലിക്ക് വ്യോമതാവളം.
ഇസ്രായേല്‍-ഹമാസ് പോരാട്ടം ആരംഭിച്ചതു മുതല്‍ രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗാസയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലിലെ തുര്‍ക്കിയുടെ അംബസഡറെ തുര്‍ക്കി തിരിച്ച് വിളിച്ചിരുന്നു.
ഇസ്രായേല്‍-ഹമാസ് പോരാട്ടമാരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് ആന്റണി ബ്ലിങ്കന്‍ തുര്‍ക്കിയിലെത്തുന്നത്. വെസ്റ്റ് ബാങ്കിലെ റമല്ലയില്‍ പാലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: