കൊച്ചി : കേരള വര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് വിജയിച്ചതായിരുന്നെങ്കില്‍ നിങ്ങള്‍ തന്നെ വീണ്ടും എന്തിനാണ് റീകൗണ്ടിങ് ആവശ്യപ്പെട്ടതെന്ന് ഹൈക്കോടതി. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ അട്ടിമറി നടത്തിയെന്ന് ആരോപിച്ച് കെഎസ്‌യു സ്ഥാനാര്‍ത്ഥിയായ ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഈ പരാമര്‍ശം.
റീക്കൗണ്ടിങ്ങിനൊടുവില്‍ വിജയിയായി പ്രഖ്യാപിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി സ്ഥാനമേറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കെഎസ്‌യു കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവശ്യമായ രേഖകളൊന്നും ഹര്‍ജിക്കാരന്‍ കോടതി മുമ്പാകെ ഹാജരാക്കിയിട്ടില്ല. അതിനാല്‍ സ്ഥാനം ഏറ്റെടുക്കുന്നത് തടയാന്‍ സാധിക്കില്ല. സ്ഥാനം ഏറ്റെടുത്താലും കോടതി വിധിയാകും അന്തിമമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ടി.ആര്‍. രവി അറിയിച്ചു. കെഎസ്‌യു സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടനുവേണ്ടി മാത്യു കുഴല്‍നാടനാണ് ഹാജരായത്.
വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിച്ചതോടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സംഭവത്തില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം ഹര്‍ജിക്കാരന്‍ വാദഗതി ശരിവെയ്‌ക്കുന്ന രേഖകള്‍ ഹാജരാക്കിയിട്ടില്ല. അപേക്ഷ കൂടാതെ റീ കൗണ്ടിങ് പ്രഖ്യാപിക്കാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് കഴിയില്ലെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. വിഷയത്തില്‍ വിസിയെ സമീപിച്ചിരുന്നോയെന്ന് ചോദിച്ചപ്പോള്‍ പരാതിക്കാരനാണ് ഈ മറുപടി പറഞ്ഞത്. കൂടാതെ തെരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്ന ചോദ്യത്തിന് ഉണ്ടായെന്നും വിഷയത്തില്‍ മാനേജര്‍ ഇടപെട്ടുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചപ്പോള്‍ ഇരുവരെയും കേള്‍ക്കണം എന്ന് കോടതി വ്യക്തമാക്കി. ഇതിനായി വ്യാഴാഴ്ച കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: