കൊച്ചി : കളമശ്ശേരി സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന് സ്‌ഫോടകവസ്തു നിര്‍മാണം പരിശീലിച്ചത് സംബന്ധിച്ച് സംശയങ്ങളുണ്ട്. പ്രതിയുടെ വിദേശ ബന്ധം ഉള്‍പ്പടെയുള്ളവ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍. പ്രതിയെ കസ്റ്റഡില്‍ വിട്ടു നല്‍കണമെന്ന പോലീസിന്റെ ഹര്‍ജി
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കവേയായിരുന്നു ഇത്.
പോലീസിന്റെ ആവശ്യം പരിഗണിച്ച് മാര്‍ട്ടിനെ 15 വരെ കോടതി കസ്റ്റഡിയില്‍ വിട്ടു. പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്ന പോലീസിന്റെ ആവശ്യം കോടതി അതേപടി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും മറ്റാര്‍ക്കെങ്കിലും ഇതില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതിയും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കസ്റ്റഡി കാലയളവില്‍ സ്ഫോടനം നടത്തിയതിന് പിന്നിലെ മാര്‍ട്ടിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് പോലീസ് അന്വേഷിക്കും. സ്ഫോടകവസ്തു നിര്‍മിക്കാനുള്ള സാങ്കേതിക പരിജ്ഞാനം എങ്ങനെ ലഭിച്ചു, സ്ഫോടനത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് സംബന്ധിച്ച് ഈ കാലയളവില്‍ പരിശോധിച്ച് ഉറപ്പു വരുത്തും. സ്ഫോടനം നടന്ന സ്ഥലം, സ്ഫോടനത്തിനു ശേഷം ഇയാള്‍ വീഡിയോ ചിത്രീകരിച്ച സ്ഥലം, സ്ഫോടകവസ്തു നിര്‍മ്മിക്കാനായി ബാറ്ററിയും പെട്രോളുമുള്‍പ്പടെ വാങ്ങിയ സ്ഥലങ്ങള്‍ എ്ന്നിങ്ങനെ പത്തോളം സ്ഥലങ്ങളില്‍ എത്തിച്ച് ഇയാളുമായി തെളിവെടുപ്പ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് ഇന്ന് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: