തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍ക്ക് പെന്ഷന് പോലും നല്‍കാനില്ലാത്തപ്പോള്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് വിര്‍മശനം. കോടതിയില്‍ പോയി സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറയുകയും ഇപ്പുറത്ത് വന്‍ ആഘോഷം നടത്തുകയുമാണെന്ന് കേരളീയം പരിപാടിയെ വിമര്‍ശിച്ചുകൊണ്ടും ഗവര്‍ണര്‍ പറഞ്ഞു. ഭജനപ്പുര കൊട്ടാരത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവര്‍ക്ക് പെന്ഷന് പോലും നല്‍കാനില്ലാത്തപ്പോള്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണ്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി സ്വിമ്മിങ് പൂള് വരെ നിര്‍മിക്കുന്നു. മോശം സാമ്പത്തിക അവസ്ഥയാണെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അധിക ചെലവ് വരുന്ന കാര്യങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ തന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാരം നല്‍കാതെ പിടിച്ചുവയ്ക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ മറുപടി പറയുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണഘടനാപരമായ സംശയങ്ങള്‍ തീര്‍ക്കാന്‍ സുപ്രീംകോടതിയില്‍ പോകുന്നതാണ് നല്ലത്. അതിനെ സ്വാഗതം ചെയ്യുന്നു. അതേസമയം, ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത് ഭരണഘടനാപരമായ കീഴ്വഴക്കങ്ങള് പാലിക്കാതെയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബില്ലുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയിട്ടുണ്ടെങ്കില്‍ എനിക്ക് നോട്ടീസ് വരും. അതിനുശേഷം മറുപടി നല്‍കും. സുപ്രീംകോടതിയോട് അങ്ങേയറ്റം ബഹുമാനമുണ്ട്. അതിനാല്‍ സുപ്രീംകോടതിയില്‍നിന്നു വരുന്ന നോട്ടിസ് പുറത്തുവിടില്ല. ബില്ലുകള്‍ ഭരണഘടനാപരമായ കീഴ്വഴക്കങ്ങള് പാലിക്കാതെ പാസാക്കിയത് സംബന്ധിച്ച എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് മന്ത്രിമാര്‍ക്കു കഴിയുന്നില്ല. വിശദീകരണം നല്കാന് മുഖ്യമന്ത്രി തയാറാകുന്നില്ല. വൈസ് ചാന്‍സലര്‍ നിയമനത്തിന് ഭരണഘടനാപരമായ നിബന്ധനകളുണ്ട്. എന്താണ് കലാമണ്ഡലത്തില്‍ സംഭവിച്ചത്. പുതിയ ചാന്‍സലര്‍ പണം ചോദിച്ചു. ലെജിസ്ലേച്ചറിറ്റിന്റെ ഭാഗമാണ് ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാര്‍ നിബന്ധനകളെല്ലാം ലംഘിക്കുകയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: