മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ ഇന്ന് കിരീടപോരാട്ടം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാവിലെ 11നാണ് മത്സരം. ചരിത്രത്തിലെ ആദ്യം ജയം തേടിയാണ് പഞ്ചാബ് ഇറങ്ങുന്നത്. ബറോഡ തങ്ങളുടെ മൂന്നാം കിരീടനേട്ടത്തിനും.
ഇന്നത്തെ ഫൈനലില്‍ ജയിക്കാനായാല്‍ പഞ്ചാബ് സയ്യിദ് മുഷ്താഖ് ട്രോഫിയിലെ പുതിയ ചാമ്പ്യന്മാരാകും. മുമ്പ് മൂന്ന് തവണ ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും ടീമിന് ഇതേവരെ കപ്പടിക്കാന്‍ സാധിച്ചിട്ടില്ല. ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പ് മുതല്‍ പഞ്ചാബ് ഫൈനലില്‍ സാന്നിധ്യമുണ്ട്. പ്രഥമ ടൂര്‍ണമെന്റില്‍ തമിഴ്നാടിനോട് ഏറ്റുമുട്ടിയെങ്കിലും പരാജയപ്പെട്ടു. ഏറ്റവും ഒടുവില്‍ 2014-15 സീസണിലാണ് ടീം ഫൈനലിലെത്തിയത്. അന്ന് ഗുജറാത്തിനോട് പരാജയപ്പെട്ടു.
ബറോഡയാകട്ടെ നാല് തവണ ഫൈനലിലെത്തിയിട്ടുണ്ട്. അതില്‍ രണ്ട് വട്ടം കപ്പുയര്‍ത്തി. 2011-12 സീസണിലാണ് ടീം ആദ്യമായി കിരീടം നേടിയത്. 2013-14 സീസണില്‍ യുപിയെ തോല്‍പ്പിച്ചായിരുന്നു ടീമിന്റെ ഒടുവിലത്തെ കിരീടാഘോഷം. 2020ല്‍ ഫൈനലിലെത്തിയെങ്കിലും തമിഴ്നാടിനോട് പരാജയപ്പെട്ടു. നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് ബറോഡയുടെ വരവ്. ക്വാര്‍ട്ടറില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ച ആസാമിനെയാണ് ബറോഡ സെമിയില്‍ തോല്‍പ്പിച്ചത്. സെമിയില്‍ ദല്‍ഹിയെ കീഴടക്കിയാണ് പഞ്ചാബ് ഫൈനലില്‍ കടന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: